Dirilis: Ertugrul : എര്‍ത്തുഗ്രുലിന്റെ പോരാട്ടങ്ങള്‍, തുര്‍ക്കിയില്‍നിന്നൊരു കിടിലന്‍ സീരീസ്!

By Suhail Ahammed  |  First Published Aug 1, 2022, 5:55 PM IST

ടര്‍ഷിക്കിഷിന് പുറമേ അനേകം ഭാഷകളിലും നിരവധി രാജ്യങ്ങളിലും ഓട്ടേറെ ചാനലുകളിലും ഈ ചരിത്രാധാര ചിത്രം നിറഞ്ഞോടി. 
ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ലിക്‌സിലും ഇതിന്റെ വെബ്‌സീരീസ് പതിപ്പു കണ്ടവരും കാണുന്നവരും ആവര്‍ത്തിച്ചു കാണുന്നവരും ഒട്ടേറെ.


സമകാലീന തുര്‍ക്കിയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, ഏറെ നിര്‍ണായകമായ പ്രചാരണ ഉപാധിയായി എര്‍ത്തുഗ്രുല്‍ സീരീസിനെ വായിക്കുന്നവരുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ പലനിലയ്ക്ക് പ്രചരിപ്പിക്കാനുള്ള ഉപാധിയായി ഈ സീരീസ് ഉപയോഗപ്പെടുത്തുന്നു എന്നതാണ് മുഖ്യവിമര്‍ശനം. തുര്‍ക്കികളാണ് അപചയം നേരിട്ട കാലത്ത് മതത്തെ കൈപിടിച്ചു വളര്‍ത്തിയത് എന്ന് സമര്‍ത്ഥിക്കുന്ന സംഭാഷണ ശകലങ്ങള്‍ സീരീസിലാകെ പല കോലത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഈ വീക്ഷണകോണില്‍ വേണം കാണേണ്ടത്.

 

Latest Videos

undefined

 

ബെയ്, ഹൈദരല്ലാഹ്, ആല്‍പ്, കായി, ഹാത്തൂന്‍, എഫന്ദി, തുസാഖ്. ദിറിലിഷ്  എര്‍ത്തുഗ്രുല്‍ എന്ന ടര്‍ക്കിഷ് ചരിത്ര വെബ്‌സീരീസ് ഒരു തവണ കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത വാക്കുകളും  നാമങ്ങളുമാണ് ഇപ്പറഞ്ഞത്.

ഉസ്മാനിയ (ഉഥ്മാനിയ്യ എന്ന് എഴുതുന്നതാണ് ഉചിതം) ഖിലാഫത്തിന് വിത്തിട്ട, പോരാളിയും നയതന്ത്രജ്ഞനും യുദ്ധതന്ത്രജ്ഞനും ഭരണാധികാരിയുമായ എര്‍തുഗ്രുലിന്റെ ജീവിതം പറയുന്ന ടെലിവിഷന്‍ പരമ്പരയാണ് ദിരിലിസ് എര്‍ത്തുഗ്രുല്‍ അഥവാ എര്‍ത്തുഗ്രുലിന്റെ നവോത്ഥാനം.

തുര്‍ക്കിക്കാരനായ മുഹമ്മദ് ബൊസ്താഗ് ആണ് സംവിധായകന്‍. ടര്‍ക്കിഷിന് പുറമേ അനേകം ഭാഷകളിലും നിരവധി രാജ്യങ്ങളിലും ഒട്ടേറെ ചാനലുകളിലും ഈ ചരിത്രാധാര ചിത്രം നിറഞ്ഞോടി. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ലിക്‌സിലും ഇതിന്റെ വെബ്‌സീരീസ് പതിപ്പു കണ്ടവരും കാണുന്നവരും ആവര്‍ത്തിച്ചു കാണുന്നവരും ഒട്ടേറെ.

2015 മുതല്‍  ടര്‍ക്കിഷ് ചാനലായ ടിആര്‍ടിയിലൂടെ സംപ്രേഷണം തുടങ്ങിയ പരമ്പരയ്ക്ക് അഞ്ചു സീസണുകളിലായി 448 എപ്പിസോഡുകളുണ്ട് ( നെറ്റ് ഫ്‌ലിക്‌സില്‍ ആണ് 50 മിനിറ്റ് ദൈര്‍ഘ്യം, TRT ചാനലില്‍ 150 എപ്പിസോഡ്, ഒന്നര മണിക്കൂര്‍ നീളം.)

ഒരിക്കല്‍ നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നാത്ത ദൃശ്യഭംഗി. അതിഗംഭീരമായ നിര്‍മാണം. മനസ്സും മനവും പുളകം കൊള്ളുന്ന പശ്ചാത്തല സംഗീതം. അത്ഭുതപ്പെടുത്തുന്ന യുദ്ധരംഗങ്ങള്‍. കാഴ്ചക്കാരെ അടിമയാക്കാന്‍ പാകത്തിനുളള ദൃശ്യശ്രാവ്യ വിരുന്നൊരുക്കുന്ന സീരിസ്. പ്രണയും സംഗീതവും സൗഹൃദങ്ങളും  വിരുന്നും ഇഴചേരുന്ന രംഗങ്ങള്‍. കല്യാണ രംഗങ്ങളുടെ ദൃശ്യഭംഗി കണ്ണഞ്ചിപ്പിക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിലെ തുര്‍ക്കികളെ പുനരാവിഷ്‌കരിച്ച ചിത്രം വസ്ത്രാലങ്കാരത്തില്‍ കാണിക്കുന്ന  ചേലിനെ വാക്കുകള്‍ കൊണ്ട് എത്ര ചമയ്ച്ചാലും മതിയാവില്ല. 

പതിമൂന്നാം നൂറ്റാണ്ടിലെ ഏറെ സങ്കീര്‍ണമായ മുസ്ലിം രാഷ്ട്രീയ, സാമൂഹിക, ആത്മീയ പശ്ചാത്തലത്തിലാണ് കഥയുടെ തുടക്കം. തുര്‍ക്കി ഭാഷ സംസാരിക്കുന്ന കായി ഗോത്രത്തിലൂടെ നേടുന്ന രാഷ്ട്രീയ സാമ്പത്തിക മുന്നേറ്റത്തിന്റെ  ആദ്യഘട്ടങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ ചരിത്രാഖ്യാനം. 

 

 

ഒരേസമയം കുരിശു യുദ്ധത്തിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പട, മറുഭാഗത്ത് കാടും നാടും നഗരവും ചുട്ടെരിക്കുകയും തുടര്‍ക്കി മുസ്‌ലിം ഗോത്രങ്ങളെ വകവരുത്തുകയും ചെയ്യുന്ന മംഗോളിയന്‍ പടത്തലവന്മാര്‍. രക്ഷയ്ക്ക് എത്തുമെന്ന് വിശ്വാസികള്‍ പ്രതീക്ഷിച്ച ഭരണാധികാരികള്‍ ഇതൊന്നും കൂസാതെ ജീവിതം ആഘോഷിച്ച് ഉല്ലസിച്ച് ജീവിക്കുന്ന കാഴ്ച. 
 
തുര്‍ക്കി മുസ്‌ലിം ചരിത്രത്തിലെ ഏറെ പരിതാപകരമായ സമയത്ത് പിറവികൊണ്ട നവോത്ഥാന നായകന്റെ ജീവിതവും പോരാട്ടവുമാണ് ദിരിലിസ് എര്‍ത്തുഗ്രുല്‍. ഏറെ പ്രയാസം പിടിച്ച നേരത്ത് ഖിലാഫത്തിനെ പുന:സ്ഥാപിക്കാന്‍ പാടുപെടുന്ന പോരാളിയുടെ വേഷമാണ് എര്‍ത്തുഗ്രുലിന്. എര്‍തുഗ്രുല്‍, സഹോദരന്‍ ഗുന്ദോകന്‍, ദുന്ദാര്‍ എന്നിവര്‍ നേടുന്ന സൈനിക-നയതന്ത്ര വിജയങ്ങളാണ് കഥയിലുടനീളം.

പുതിയ കാല ദൃശ്യകഥകളില്‍ കാണുന്ന ചാരവൃത്തികളെ അതിലേറെ കൃത്യമായും സ്പഷ്ടമായും ഇവിടെ കാണാം. ഇന്റലിജന്‍സ് (രഹസ്യവിവരശേഖരണം) ആണ് ഭരണതന്ത്രത്തിലെ   പ്രധാന ആയുധമെന്ന് എര്‍ത്തുഗ്രുല്‍ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തുന്നതും അതിനായി നാടാകെ നിരവധി ചാരന്‍മാരെ നിയോഗിക്കുന്നതുമൊക്കെ ത്രില്ലര്‍ പോലെ കാണികളിലെത്തുന്നു. വിഷപ്രയോഗങ്ങളും ചതിപ്രയോഗങ്ങളും ഒക്കെ ചേരുന്ന സീരിസ് ടര്‍ക്കിഷ് ദൃശ്യമാധ്യമ നിര്‍മിതികളില്‍ ഏറെ കൈയടി വാങ്ങിക്കൂട്ടിയ ഒന്നായി മാറുന്നു.

സൂഫി വര്യനായ ഇബ്‌നു അറബിയാണ് എര്‍തുഗ്രുല്‍ കാലത്തെ ആത്മീയ നേതാവ്. എടുത്തുചാട്ടക്കാരനും പോരാളിയുമായ എര്‍ത്തുഗ്രുലിനെ ആത്മീയ ചിന്തകള്‍ കൊണ്ടും തത്വജ്ഞാനം കൊണ്ടും പൊരുളൊത്തൊരു ധര്‍മ പോരാളിയാക്കി  വാര്‍ത്തെടുക്കുന്നത് ഇബ്‌നു അറബിയാണ്. പരമ്പരയില്‍ ഉടനീളം  ഇബ്‌നു അറബി ഉദ്‌ഘോഷിക്കുന്ന ആത്മീയചിന്ത കഥയ്ക്കും കഥപറച്ചിലിനും മാറ്റുകൂട്ടുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ പൊരുളൊത്തൊരു ഗുരുവായും ധീരനായ സഹായിയായും ഇബ്‌നു അറബി പ്രത്യക്ഷപ്പെടുന്നുണ്ട്.  പോരാട്ടമാണ് വലുതെന്ന് കരുതുന്ന, രാഷ്ട്രീയ ഇസ്ലാം ആണ് ശരിയെന്ന ധരിക്കുന്ന, അധികാരമാണ് സര്‍വ്വവുമെന്ന് തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്ക് മുന്നില്‍  അറിവാണ് വലുതെന്ന് ആവര്‍ത്തിക്കുകയും സമര്‍ത്തിക്കുകയും ചെയ്യുന്നു അദ്ദേഹം.

തുര്‍ക്കികളോട് വൈര്യമുള്ള എതിര്‍വിഭാഗം പോരാളികളെ അറിവ് കൊണ്ട് ഇബ്‌നു അറബി കീഴ്‌പ്പെടുത്തുന്ന രംഗങ്ങള്‍ അത്ഭുതപ്പെടുത്തും.  ഇബ്‌നു അറബി നല്‍കുന്ന തത്വ വിചാരങ്ങള്‍  കഥയുടെ ജീവനായി ഈ സീരീസിന്റെ അന്തര്‍ധാരയായി കിടപ്പുണ്ട്. 

 

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

 

എന്നാല്‍, സമകാലീന തുര്‍ക്കിയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, ഏറെ നിര്‍ണായകമായ പ്രചാരണ ഉപാധിയായി എര്‍ത്തുഗ്രുല്‍ സീരീസിനെ വായിക്കുന്നവരുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ പലനിലയ്ക്ക് മുന്നോട്ടുവെയ്ക്കാനുള്ള ഉപാധിയായി ഈ സീരീസ് ഉപയോഗപ്പെടുത്തുന്നു എന്നതാണ് മുഖ്യവിമര്‍ശനം. തുര്‍ക്കികളാണ് അപചയം നേരിട്ട കാലത്ത് മതത്തെ കൈപിടിച്ചു വളര്‍ത്തിയത് എന്ന് സമര്‍ത്ഥിക്കുന്ന സംഭാഷണ ശകലങ്ങള്‍ സീരീസിലാകെ പല കോലത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഈ വീക്ഷണകോണില്‍ വേണം കാണേണ്ടത്. സീരിസ് ഇറങ്ങിയ കാലത്തുള്ള പ്രമോഷന്‍ പരിപാടികള്‍ക്ക് എര്‍ദോഗന്‍ നേരിട്ട് എത്തിയത് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റ്റേറ്റ് തന്നെ സാമ്പത്തികമായി ഈ ബൃഹദ്ചിത്രത്തിന്റെ നിര്‍മാണത്തെ കയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അധികാരത്തിലെ മുസ്ലിം സ്ത്രീ പ്രാതിനിധ്യം,  അധികാര ശ്രേണിയില്‍ സ്ത്രീകള്‍ക്കുള്ള സ്വാധീനമില്ലായ്മ എന്നിങ്ങനെയുള്ള പൊതു വിലയിരുത്തലുകളെ സമര്‍ത്ഥമായി മറികടക്കുന്നതാണ് ചിത്രത്തിന്റെ പാത്രനിര്‍മിതി. സമര്‍ത്ഥരായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഈ വിമര്‍ശനങ്ങളെ ചിത്രം മറികടക്കുന്നത്. എര്‍ത്തുഗ്രലിന്റെ മാതാവ്  ഹയ്മ ഹാത്തൂന്‍ കാണിക്കുന്ന ഭരണ മികവും രാഷ്ട്രീയ പാടവവും പ്രായോഗിക ഉപദേശങ്ങളും കായ് ഗോത്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഏറെ നിര്‍ണായകമായി വരുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ ഗോത്രത്തിന് വഴികാണിക്കുന്നു. നിര്‍ണായക ഘട്ടങ്ങളില എര്‍ത്രുഗുലിന്റെ ഭാര്യ ഹലീമയും അസാധാരണമായ പോരാട്ട വീര്യവും നായകപാടവവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ആണ്‍പെണ്‍ വിത്യാസമില്ലാതെ ആയോധനവിദ്യ അഭ്യസിക്കുന്നതാണ് തുര്‍ക്കി പാരമ്പര്യമെന്ന് ഈ സ്ത്രീകള്‍ ആവര്‍ത്തിക്കുന്നതായി കാണാം. സുന്ദരമായി റാഗ്‌സീനും പട്ടും കോട്ടും നെയ്യുന്നതാണ് ഗോത്രത്തിന്റെ പരമ്പരാഗത തൊഴില്‍. അതില്‍ അഗ്രഗണ്യരായ സ്ത്രീകള്‍ തന്നെയാണ് കച്ചവടത്തിന്റേയും ആണിക്കല്ല്. രണ്ടാം തരക്കാരായി മാറിനില്‍ക്കുകയല്ല, മുന്നില്‍നയിക്കുകയാണ് ചിത്രത്തിലെ സ്ത്രീകള്‍ എന്ന് ആണയിടാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

ചരിത്രവസ്തുതകളെ സൂക്ഷ്മവും രാഷ്ട്രീയ തീക്ഷ്ണവുമായി അവതരിപ്പിക്കുന്ന ദൃശ്യപാടവം സംവിധായകന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സെല്‍ജുക്, ഖായി ഖബിലകളെ കുറിച്ചുള്ള ചരിത്ര പഠനവും പാഠവും താരതമ്യേനെ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അത്ഭുതപ്പെടുത്തുന്ന ആഖ്യാനവുമായി ഈ ചിത്രം എത്തുന്നത്. കഥാഗതി നഷ്ടപ്പെടാതിരിക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടെങ്കിലും ഒരു സീരിസ് എന്ന നിലയ്ക്ക് അത് പൊറുക്കാവുന്ന അപരാധമായി വിശേഷിപ്പിക്കപ്പെടുന്നു. മികച്ച സാങ്കേതിക വിദ്യയും അമ്പരപ്പിക്കുന്ന മുതല്‍ മുടക്കുമാണ് മടുപ്പില്ലാത്ത ഒരു സീരിസാക്കി ദിറിലിഷ് എര്‍ത്തുഗ്രലിനെ മാറ്റുന്നത്. 

ടര്‍ക്കിഷ് ചിത്രമാണെങ്കിലും ഉറുദു പതിപ്പാണ് ഏറെ ജനപ്രിയമായത്. ഇമ്രാന്‍ഖാന്‍ പാക്  പ്രധാനമന്ത്രിയായ കാലത്താണ്, അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് ഉര്‍ദു പതിപ്പ് പുറത്തിറക്കിയത്. പാക് ദേശീയ ചാനലായ പി ടി വിയില്‍ ആയിരുന്നു ഇതിന്റെ സംപ്രേഷണം. ടര്‍ക്കിഷ് ഭാഷയെക്കാള്‍ മുസ്ലിം രാജ്യങ്ങളില്‍ ഉര്‍ദുവിനുളള സംവേദനക്ഷമത സീരീസിന്റെ പ്രചാരണം കൂട്ടി. നെറ്റ് ഫ്‌ലിക്‌സില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലിലൂടെയാണ് ഈ വെബ്‌സീരീസ് പുറത്തിറങ്ങിയത്. എംസോണ്‍ ഇതിന്റെ മലയാള പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.

എര്‍തുഗ്രുലിന്റെ മകന്‍ ഉസ്മാനിലൂടെ കഥയുടെ തുടര്‍ സീരിസുകളും വരുന്നുണ്ട്. കുര്‍ലുസ് ഉസ്മാന്‍ എന്നാണ് ഈ പരമ്പരയുടെ പേര്. മൂന്ന് സീസണുകള്‍ ഇതിനോടകം പൂര്‍ത്തിയായ പതിപ്പിന്റെ നാലാം സീസണ്‍  ഒക്ടോബര്‍ അവസാനം ഇറങ്ങിയേക്കും. 

click me!