അരാജകവാദിയായിരിക്കുമ്പോഴും കന്യകയെ പ്രാപിച്ചുപോയവന്റെ പാപബോധമാണ് നായകനെ നീറ്റുന്നത്. എന്നാല്‍ തൃഷ്ണകളുടെ വഴിക്ക് സഞ്ചരിക്കുന്ന ക്ലാരയില്‍ അത്തരം സംഘര്‍ഷങ്ങളില്ല. കെ. പി ജയകുമാര്‍ എഴുതുന്നു
ക്ലാര ഒരു തോന്നലാണ്. മലയാളി മധ്യവര്‍ഗ്ഗ പുരുഷഭാവനയുടെ അഗമ്യഗമനം. ദേശസാല്‍ക്കരിക്കപ്പെട്ട പുരുഷകാമനയുടെ ഭാവനാലോകം ക്ലാരയെ കുലീനയാക്കുന്നു. ഈ കുലീനതയാണ് 'അവളുടെ രാവുകളി'ലെ (ഐ. വി. ശശി, 1978) രാജിയില്‍ നിന്ന് വ്യത്യസ്തയായി ക്ലാരയെ സമൂഹ ഭാവനയില്‍ നിലനിര്‍ത്തുന്നത്.
കഴിഞ്ഞ കുറേ ദിവസമായി മഴയായിരുന്നു. ഒരു മാതിരി കോരിച്ചൊരിയുന്ന മഴ. ഓരോ പുരുഷനുള്ളിലും മഴ വരുമ്പോള്‍ ജയകൃഷ്ണന്‍ മുളയ്ക്കും. അങ്ങനെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തളിര്‍ക്കുന്ന ജയകൃഷ്ണന്‍മാര്‍ ആണത്തത്തിന്റെ ഇറയത്ത് ഇരിപ്പാണ്. ക്ലാര വരും...!
ക്ലാര വരുമോ? യഥാര്‍ത്ഥത്തില്‍ ഈ ക്ലാര ആരാണ്? ക്ലാര ഒരു തോന്നലാണ്. കുടുംബ വ്യവസ്ഥയുടെ മടുപ്പന്‍ വെയില്‍ കടന്ന് പെയ്തു നിറഞ്ഞേക്കാവുന്ന മഴ. അതുകൊണ്ടാണ് മലയാളി ആണ്‍ കാമനയുടെ മനോരാജ്യങ്ങളില്‍ ക്ലാര പെയ്തുകൊണ്ടേയിരിക്കുന്നത്.
...............................................................
അതീവ ശാന്തമായി ജീവിതത്തെ മുഖാമുഖം നേരിടുന്ന ക്ലാരയുടെ കാരണങ്ങള്‍ അരാജകവാദത്തിലൊ, സദാചാര വിരുദ്ധതയിലൊ കണ്ടെത്താനാവില്ല.
അസ്വാഭാവികതകള്‍ ഏറെയുള്ള പ്രേമകഥയാണ് 'തൂവാനത്തുമ്പികള്‍' പറയുന്നത്. ഇവിടെ പ്രണയം ലൈംഗികതയുടെ ആഖ്യാനമാണ്. അതൊരു ദേശത്തിന്റെ, പ്രേക്ഷക സമൂഹത്തിന്റെ പ്രണയ കാമനകളായി സാര്‍വ്വലൗകികത കൈവരിക്കുന്നു. അതുകൊണ്ടാണ് ജയകൃഷ്ണന്‍ അന്നും ഇന്നും മധ്യവര്‍ഗ്ഗ സവര്‍ണ്ണ ആണുടലിന്റെ അബോധ കാമനകളെ പുണര്‍ന്നു നില്‍ക്കുന്നത്. ജയകൃഷ്ണനാകാന്‍ മോഹിക്കുന്ന എത്രയോപേരെ നിരന്തരം കണ്ടുമുട്ടേണ്ടി വരുന്നത്.
പാരമ്പര്യ കാര്‍ഷിക വരുമാനം കൊണ്ട് നഗരത്തില്‍ പഠിക്കുകയും അവിടം ജീവിതാഘോഷത്തിന്റെ ഇടമാക്കി മാറ്റുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗ നായകനാണ് 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന്‍. അരാജകവാദവും കാല്‍പനികതയും ഭക്തിയും ഫ്യൂഡല്‍ ഗൃഹാതുരത്വവും മുറ്റിത്തഴമ്പിച്ച ആണുടലിന്റെ ലീല. ഗ്രാമീണ ഫ്യൂഡല്‍ കാര്‍ഷിക പാരമ്പര്യമാണ് ജയകൃഷ്ണനെ സാര്‍വ്വലൗകികവും ആധികാരികവുമായ ശരീര മാതൃകയാക്കുന്നത്. അധീശവര്‍ഗ്ഗങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ലഭിക്കുന്ന അംഗീകാരം അവയെ സാര്‍വ്വലൗകികമായി കാണാനുള്ള പ്രേരണയാകുന്നു.
...........................................................
ക്ലാര ഒരു തോന്നലാണ്. കുടുംബ വ്യവസ്ഥയുടെ മടുപ്പന്‍ വെയില്‍ കടന്ന് പെയ്തു നിറഞ്ഞേക്കാവുന്ന മഴ.
അരാജകവാദിയായിരിക്കുമ്പോഴും കന്യകയെ പ്രാപിച്ചുപോയവന്റെ പാപബോധമാണ് നായകനെ നീറ്റുന്നത്. എന്നാല്‍ തൃഷ്ണകളുടെ വഴിക്ക് സഞ്ചരിക്കുന്ന ക്ലാരയില്‍ അത്തരം സംഘര്‍ഷങ്ങളില്ല. അതീവ ശാന്തമായി ജീവിതത്തെ മുഖാമുഖം നേരിടുന്ന ക്ലാരയുടെ കാരണങ്ങള്‍ അരാജകവാദത്തിലൊ, സദാചാര വിരുദ്ധതയിലൊ കണ്ടെത്താനാവില്ല. അനാഥത്വം, ജീവിതത്തില്‍ മറ്റ് വഴികളില്ലെന്ന തിരിച്ചറിവ് അതാണ് ക്ലാരയുടെ കാരണങ്ങള്‍. ഇവിടെ കാല്‍പനികത വിട്ട് ആഖ്യാനം റിയലിസത്തിലേക്ക് കടക്കുന്നു. ക്ലാരയുടെ ജീവിത നിശ്ചയങ്ങള്‍ക്ക് യുക്തിഭദ്രമായ വിശദീകരണം നല്‍കാനാണ് റിയലിസ്റ്റ് സങ്കേതം ആഖ്യാതാവ് ഉപയോഗിക്കുന്നത്. ഈ യുക്തിവാദം യഥാര്‍ത്ഥത്തില്‍ ക്ലാരയുടെ കര്‍തൃത്വത്തെ നിഷേധിക്കുകയാണ്. കാല്‍പനികമായൊരു നിഗൂഢ അനുഭവമാക്കി ക്ലാരയെ മാറ്റുന്നിടത്താണ് സ്വത്വനിര്‍മ്മിതിയുടെ ഹിംസ വെളിപ്പെടുന്നത്.
ക്ലാരയുടെ ഭൂത വര്‍ത്തമാനങ്ങളെ ഒരു തരം നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. അജ്ഞാതമായ സ്ഥലകാലങ്ങളിലൂടെ മഴയുടെ കാല്‍പനിക സാന്നിധ്യമായി ഇടയ്ക്കിടെ അനുസ്മരിക്കപ്പെടുന്ന ക്ലാര ആഖ്യാനത്തിനുള്ളിലാണെന്ന പ്രതീതിയുണ്ടാക്കുന്ന തരത്തില്‍ നിഗൂഢവല്‍ക്കരിക്കപ്പെടുന്ന കഥാപാത്രമാണ്. ഒരേസമയം പുറത്തും അകത്തുമാണതിന്റെ നില്‍പ്. മഴ കടന്നെത്തുന്ന ടെലഗ്രാമായും മഴപ്പാതിരയ്‌ക്കെത്തുന്ന ഫോണ്‍ വിളിയായും പുരുഷ പ്രണയകാമനകളെ നിരന്തരം ഉദ്ദീപിപ്പിക്കുന്നു. ആഖ്യാനത്തിന്റെ അതിരുകളില്‍ നിന്ന് എത്തിനോക്കി പ്രലോഭിപ്പിച്ച കടന്നുപോകുന്ന ക്ലാരയുടെ സാന്നിധ്യ-അസാന്നിധ്യങ്ങള്‍ ഒരാഖ്യാന തന്ത്രമെന്ന നിലയില്‍ വിജയിക്കുന്നു. കുടുംബം, വിവാഹം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ജാതി-സദാചാര വഴക്കങ്ങളെ മറികടക്കാനുള്ള ചലച്ചിത്രകാരന്റെ മെയ്വഴക്കമാണ് ക്ലാരയുടെ നിഗൂഢപ്രകൃതിയുടെ ഉള്ളിരിപ്പ്. ആദിയുമന്ത്യവുമില്ലാത്ത ഒരു തീവണ്ടിയാത്രയിലൂടെ ക്ലാര ആഖ്യാനത്തിന് വെളിയില്‍ നിലകൊണ്ടു. ഒരേ ജാതി വൃത്തത്തില്‍ പെട്ടവര്‍ തമ്മിലുള്ള പ്രണയവും വിവാഹവും എന്ന സുരക്ഷിതവും സദാചാര ഭദ്രവുമായ ശുഭാന്ത്യത്തിലേക്കാണ് 'തൂവാനത്തുമ്പികള്‍' ചേക്കേറുന്നത്.
വരേണ്യ സദാചാര മൂല്യങ്ങള്‍ക്കകത്ത് ക്ലാര ആദരണീയമായ മാതൃകയല്ല. എന്നാല്‍ മധ്യവര്‍ഗ്ഗ സമൂഹഭാവനയെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും ഉടല്‍ സന്ദര്‍ഭമാണ് ക്ലാര. ക്ലാര ഒരു തോന്നലാണ്. മലയാളി മധ്യവര്‍ഗ്ഗ പുരുഷഭാവനയുടെ അഗമ്യഗമനം. ദേശസാല്‍ക്കരിക്കപ്പെട്ട പുരുഷകാമനയുടെ ഭാവനാലോകം ക്ലാരയെ കുലീനയാക്കുന്നു. ഈ കുലീനതയാണ് 'അവളുടെ രാവുകളി'ലെ (ഐ. വി. ശശി, 1978) രാജിയില്‍ നിന്ന് വ്യത്യസ്തയായി ക്ലാരയെ സമൂഹ ഭാവനയില്‍ നിലനിര്‍ത്തുന്നത്.
പുരുഷഭാവനയുടെ ഈ സഞ്ചാരം 'ഞാന്‍ ഗന്ധര്‍വ്വനി'ലും കാണാം. കന്യകയെ പ്രാപിക്കുന്നതിലൂടെ ശാപമോക്ഷം നേടുന്ന ഗന്ധര്‍വ്വന്‍. ആരോഗ്യകരവും ജീവിതോന്‍മുഖവുമായ ലൈംഗികത അസാധ്യമാകുന്ന മധ്യവര്‍ഗ്ഗ പുരുഷന്റെ ഭാവനാലോകമാണ് പത്മരാജനില്‍ പ്രത്യക്ഷമാകുന്നത്. സ്ത്രീയെ ചുറ്റിപ്പറ്റി പുരുഷഭാവന വ്യാപരിക്കുന്ന തൃഷ്ണയുടെ വിവിധ ഘട്ടങ്ങളാണ് 'രതിനിര്‍വ്വേദം', 'തൂവാനതുമ്പികള്‍', തുടങ്ങിയ സിനിമകള്‍.