സോറി, ഞാന്‍ പെണ്ണായിരുന്നു, ആള്‍മാറാട്ടം നടത്തി ആണ്‍ ബാന്‍ഡില്‍ കയറിപ്പറ്റിയ പെണ്‍കുട്ടിയുടെ മാപ്പ്

By Web Team  |  First Published Oct 13, 2021, 4:06 PM IST

 ഫു ജിയുവാന്‍ എന്ന 13 -കാരിയാണ് താന്‍ ശരിക്കും പെണ്ണാണെന്നും നുണ പറഞ്ഞാണ് ബാന്‍ഡിലേക്കുള്ള പരിശീലന പരിപാടിയില്‍ കടന്നുകൂടിയത് എന്നും ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍ തുറന്നു പറഞ്ഞത്.


ആണ്‍കുട്ടികള്‍ മാത്രമുള്ള സംഗീത ബാന്‍ഡില്‍ കള്ളം പറഞ്ഞു കയറിപ്പറ്റിയ പെണ്‍കുട്ടിയുടെ കഥയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ച. ഫു ജിയുവാന്‍ എന്ന 13 -കാരിയാണ് താന്‍ ശരിക്കും പെണ്ണാണെന്നും നുണ പറഞ്ഞാണ് ബാന്‍ഡിലേക്കുള്ള പരിശീലന പരിപാടിയില്‍ കടന്നുകൂടിയത് എന്നും ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍ തുറന്നു പറഞ്ഞത്. ഇതോടെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. 

കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി, വിജയകരമായ സംഗീത ബാന്‍ഡുകള്‍ നടത്തുന്ന കുറേ കമ്പനികള്‍ ചൈനയിലുണ്ട്. ഇവരുടെ ആല്‍ബങ്ങള്‍ക്കും സംഗീത പരിപാടികള്‍ക്കും വലിയ പ്രചാരമാണ് ചൈനയില്‍. വന്‍തുകയാണ് ഓരോ സംഗീത ബാന്‍ഡുകളും പല വഴിക്ക് നേടിയെടുക്കുന്നത്. ഒരു ബിസിനസായി മാറിക്കഴിഞ്ഞ ഈ സാഹചര്യത്തില്‍, ഇത്തരം കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുട്ടികളെ ചൂഷണം ചെയ്ത് കാശുണ്ടാക്കുകയാണ് ഇത്തരം കമ്പനികള്‍ എന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. 

Latest Videos

undefined

ഇത്തരത്തിലുള്ള ഒരു കമ്പനിയാണ് ജി വൈ എന്‍ യൂത്ത് ക്ലബ്. ആണ്‍കുട്ടികള്‍ക്കു മാത്രമുള്ള  തങ്ങളുടെ ബാന്‍ഡിലേക്ക് അവര്‍ ഈയിടെ കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. സെലക്ഷന്‍ കിട്ടിയ കുട്ടികള്‍ക്കു വേണ്ടി പരിശീലന ക്യാമ്പ് നടക്കുകയാണ് ഇപ്പോള്‍ അതിന്റെ പല തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. അതിനിടയിലാണ്, അതിലൊരു കുട്ടി ആണാണ് എന്ന് തോന്നുന്നില്ല എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്നാണ് കുറ്റം ഏറ്റുപറഞ്ഞ് പെണ്‍കുട്ടി രംഗത്തുവന്നത്. 

കുട്ടിപ്പാട്ടുകാര്‍ക്കു വേണ്ടി തെരഞ്ഞെടുപ്പില്‍ വന്ന പാളിച്ചയാണ് ഇതൊന്ന് സംഗീത കമ്പനി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കൊവിഡ് മഹാമാരി ആയതിനാല്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു സെലക്ഷന്‍. അതാണ്, കുട്ടി പെണ്ണാണെന്ന് മനസ്സിലാക്കാനാവാതിരുന്നത്. ഇനി ഇത്തരം അബദ്ധം പറ്റാതിരിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി പറയുന്നു. 

'ഞാന്‍ പറ്റിച്ച എല്ലാ ആളുകളോടും ഞാന്‍ മാപ്പ് പറയുന്നു. ഇനി വിനോദ വ്യവസായ രംഗത്തോ വീഡിയോ പ്ലാറ്റ്‌ഫോമുകളിലോ ഞാന്‍ തുടരില്ല. ഞാന്‍ ഈ മേഖല തന്നെ ഉപേക്ഷിക്കുകയാണ്'' എന്നാണ് 13 കാരിയായ പെണ്‍കുട്ടി വെയിബോയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്. 

സമ്മിശ്ര പ്രതികരണമാണ് ഈ മാപ്പു പറച്ചിലിനോട് ഉണ്ടായത്. ആള്‍മാറാട്ടം പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഒരു ചെറിയ പെണ്‍കുട്ടിയുടെ അബദ്ധമാണ് ഇതെന്നും അതൊക്കെ വിട്ടുകളയയണമെന്നുമാണ് മറ്റൊരു വലിയ വിഭാഗം ആവശ്യപ്പെടുന്നത്. എന്തിനാണ് പെണ്‍കുട്ടികളെ ഒഴിവാക്കുന്നത് എന്നും ഈ പെണ്‍കുട്ടിയെ ബാന്‍ഡില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. അനാവശ്യമായ വിവാദത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി സംഗീത ഭാവി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അഭിപ്രായങ്ങളുണ്ട്. 

ചൈനീസ് നാടോടിക്കഥയിലെ പ്രശസ്തയായ ഒരു കഥാപാത്രവുമായാണ് പലരും ഈ പെണ്‍കുട്ടിയെ താരതമ്യം ചെയ്യുന്നത്. മുലാന്‍ എന്ന നാടോടി ഇതിഹാസം. കുടുംബത്തെയും ദേശത്തെയും രക്ഷിക്കാന്‍ ആണ്‍വേഷം കെട്ടിയ ഈ പെണ്‍കുട്ടിയുടെ കഥയാണ് പിന്നീട് പ്രശസ്തമായ ഡിസ്‌നി സിനിമയായത്. സമാനമാണ്, ശ്രദ്ധിക്കപ്പെടുന്ന ഒരു ഗായികയാവുന്നതിനായി ഫു ജിയുവാന്‍ നടത്തിയ ആള്‍മാറാട്ടവും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

click me!