ഹൈ ഫൈവും കെട്ടിപ്പിടിത്തവും പാടില്ല, ബെസ്റ്റ് ഫ്രണ്ട് ഉണ്ടാവരുത്, ചില സ്കൂളുകളിലുള്ള ചില വിചിത്രനിയമങ്ങൾ

By Web Team  |  First Published Sep 30, 2021, 12:36 PM IST

ക്ലാസ് മുറികളില്‍ നാം കൂട്ടമായിരിക്കുന്നതും ആരെങ്കിലും തമാശ പറഞ്ഞാലോ മറ്റോ കൈ കൂട്ടിയടിക്കുന്നതും ഒക്കെ സാധാരണമാണ്. എന്നാല്‍, ചില സ്കൂളുകളില്‍ അവ പാടില്ല.


സ്കൂളില്‍ പലതരം നിയമങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് യൂണിഫോം ധരിച്ച് വരണം, കൃത്യസമയത്ത് ക്ലാസിലെത്തണം തുടങ്ങിയ നിയമങ്ങള്‍ (rules). എന്നാല്‍, കേട്ട് പരിചയം പോലുമില്ലാത്ത ചില വിചിത്രമായ നിയമങ്ങള്‍ ചില സ്കൂളുകളി (schools) ലുണ്ട്. അത്തരം ചില വിചിത്രനിയമങ്ങളാണിവ.

ബെസ്റ്റ് ഫ്രണ്ട് ഉണ്ടാവരുത്

Latest Videos

undefined

നമുക്കെല്ലാവർക്കും കാണും സ്കൂളിൽ ഒരു ബെസ്റ്റ് ഫ്രണ്ട് (best friend). എന്നാൽ, അങ്ങനെ ഒരു ബെസ്റ്റ് ഫ്രണ്ട് പാടില്ല എന്ന് നിയമം വന്നാലോ? യുകെ -യിലെ തോമസ്‍സ് സ്കൂളിലാണ് ബെസ്റ്റ് ഫ്രണ്ട്സിനെ ഉണ്ടാക്കുന്നത് നിരോധിച്ചിരിക്കുന്നത്. അതിന് കാരണമായി പറഞ്ഞിരിക്കുന്നത്, അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ പിരിയുമ്പോഴുണ്ടാകുന്ന വേദനയും മാനസികാഘാതവും ഇല്ലാതാക്കാനാണ് ഇതെന്നാണ്. മാത്രവുമല്ല, കുട്ടികൾ എല്ലാവരും പരസ്പരം നല്ലരീതിയിലായിരിക്കാൻ കൂടിയാണത്രെ ഇത്. വില്ല്യം രാജകുമാരന്‍റെ മകന്‍ പ്രിന്‍സ് ജോര്‍ജ് പോലും ചേര്‍ന്ന പ്രശസ്തമായ സ്കൂളാണിത്. 

അധ്യാപകര്‍ ചുവന്ന മഷിപ്പേന ഉപയോഗിക്കരുത്

നമ്മുടെ നാട്ടിലെ അധ്യാപകര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പേന ചുവപ്പ് മഷിയുടെ പേനയായിരിക്കും അല്ലേ? എന്നാല്‍, യുകെ -യിലെ കൗണ്ടി ഓഫ് കോണ്‍വാളില്‍ ഒരു അക്കാദമി ചുവന്ന മഷി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണമായി പറയുന്നത്, ചുവപ്പ് നിറം വളരെ നെഗറ്റീവായിട്ടുള്ള നിറമാണത്രെ. മാര്‍ക്കിടുന്നതിനും തിരുത്തലുകള്‍ക്കും ഒന്നും അവിടെ ചുവപ്പ് നിറമുള്ള മഷി ഉപയോഗിക്കില്ല. 

ഉച്ചയ്ക്ക് ഉറങ്ങാം

ഉച്ചയ്ക്ക് ഭക്ഷണസമയം കഴിഞ്ഞുള്ള നേരം ആര്‍ക്കായാലും ഒന്നുറങ്ങിയാലോ എന്ന് തോന്നും അല്ലേ? ഉച്ചക്ക് ശേഷമുള്ള ക്ലാസുകളില്‍ മിക്കവരും ഉറക്കം തൂങ്ങിയാവും ഇരിക്കുന്നത്. എന്നാല്‍, ചൈനയിലെ ഗാക്സിൻ നമ്പർ 1 എലമെന്ററി സ്കൂളില്‍ ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ക്ക് ഉറങ്ങാനുള്ള സമയമാണ്. 12.10 മുതല്‍ രണ്ട് മണി വരെയാണ് ലഞ്ച് ബ്രേക്ക്. അതുവരെ അവര്‍ക്ക് ഡെസ്കില്‍ തല ചായ്ക്കാം. അത് അവരെ ഫ്രഷ് ആയിരിക്കാന്‍ സഹായിക്കും എന്നാണ് ഇവിടുത്തെ അധ്യാപകര്‍ പറയുന്നത്. അത് മഴക്കാലമായാലും വേനല്‍ക്കാലമായാലും എല്ലാം ഈ ഉറക്കം അവിടെ നിര്‍ബന്ധമാണ്. കുട്ടികള്‍ ഉറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു അധ്യാപകനും ഉണ്ടാവും. ആ സമയത്ത് രക്ഷിതാക്കള്‍ എത്തുകയാണ് എങ്കില്‍ വിദ്യാര്‍ത്ഥികളെ വിട്ടയക്കും. കൃത്യം രണ്ട് മണിക്ക് തിരികെ എത്തിച്ചാല്‍ മതി. 

പ്രണയബന്ധം പാടില്ല

ഇക്കാലത്ത്, പെൺകുട്ടികളിലും ആൺകുട്ടികളിലും ആരെയെങ്കിലും ഡേറ്റിംഗ് ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍, ജപ്പാനിലെ ചില സ്കൂളുകളില്‍ ഇത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. കാരണം, വേറൊന്നുമല്ല, ഇത് കുട്ടികളില്‍ പഠനത്തിലുള്ള ശ്രദ്ധ കുറയ്ക്കുന്നു എന്നതാണ് കാരണമായി പറയുന്നത്. 

അതുപോലെ ജപ്പാനിലെ ചില സ്കൂളുകളില്‍ മേക്കപ്പിനും സുന്ദരിയോ സുന്ദരനോ ആയി അണിഞ്ഞൊരുങ്ങി വരുന്നതിനും വിലക്കുകളുണ്ട്. 

ഹൈ ഫൈവും കെട്ടിപ്പിടിത്തവും പാടില്ല

ക്ലാസ് മുറികളില്‍ നാം കൂട്ടമായിരിക്കുന്നതും ആരെങ്കിലും തമാശ പറഞ്ഞാലോ മറ്റോ കൈ കൂട്ടിയടിക്കുന്നതും ഒക്കെ സാധാരണമാണ്. എന്നാല്‍, ചില സ്കൂളുകളില്‍ അവ പാടില്ല. ഇംഗ്ലണ്ടിലെയും യുഎസ്സിലെയും ചില സ്കൂളുകളാണ് കുട്ടികള്‍ തമ്മിലുള്ള ഹൈ ഫൈവും കെട്ടിപ്പിടിത്തവുമെല്ലാം നിരോധിച്ചിരിക്കുന്നത്. 

സെമസ്റ്ററില്‍ മൂന്നുതവണ മാത്രം ബാത്ത്‍റൂം ഉപയോഗിക്കാം

ഒരു സെമസ്റ്ററില്‍ ആകെ കൂടി മൂന്ന് തവണയേ ബാത്ത്‍റൂം ഉപയോഗിക്കാവൂ എന്ന് നിയമം വന്നാലെന്ത് ചെയ്യും? നമ്മളില്‍ പലരും ആ സ്കൂള്‍ തന്നെ ഉപേക്ഷിച്ചേക്കും അല്ലേ? ചിക്കാഗോയിലെ എവര്‍ഗ്രീന്‍ പാര്‍ക്ക് ഹൈസ്കൂളില്‍ എന്നാല്‍ അങ്ങനെ ഒരു നിയമമുണ്ട്. ഒരു കുട്ടിക്ക് ഒരു സെമസ്റ്ററില്‍ മൂന്ന് തവണ മാത്രമാണത്രെ ബാത്ത്‍റൂമില്‍ പോവാന്‍ അനുവാദമുള്ളത്. അതിന് കാരണമായി പറയുന്നത്, ബാത്ത്റൂമില്‍ പോവുന്നതിന്‍റെ പേരും പറഞ്ഞ് കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യുന്നു എന്നാണ്. 


 

click me!