ഭാഷാപഠനത്തെക്കുറിച്ച് മാത്രമല്ല, പ്രായോഗികമായ പ്രയോജനം ഇല്ലാത്തതെന്ന് സമൂഹത്തിലെ ചെറുതല്ലാത്തൊരു വിഭാഗം പൊതുവിൽ വിലയിരുത്തുന്ന ചില വിജ്ഞാനമേഖലകളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
പത്താം തരവും പ്ലസ് ടുവും പൂർത്തിയാക്കിയ കുട്ടി മലയാളം പ്രധാന വിഷയമായെടുത്ത് ഡിഗ്രിക്ക് പോകാൻ തീരുമാനിച്ചാൽ നേരിടുന്ന പ്രധാന ചോദ്യമാണ് "മലയാളത്തിൽ എന്താണ് പഠിക്കാനുള്ളത് ?" ഭാഷയിൽ എംഎയോ പിഎച്ച്ഡിയോ ചെയ്യാൻ പോകുമ്പോഴും ഇതേ ചോദ്യം ആവർത്തിക്കപ്പെടും. മലയാളം അധ്യാപകർക്കും ഭാഷാ സ്നേഹികൾക്കും ഈ ചോദ്യത്തോട് അമർഷം തോന്നാം. മലയാളം നമ്മുടെ മാതൃഭാഷയാണെന്നാകും അവരുടെ മറുപടി. പക്ഷേ, അതൊരു വൈകാരിക ഉത്തരമാണ്. യുക്തിപരമായി ശരിയായ മറുപടിയല്ല. അതാണ് മറുപടിയെങ്കിൽ ആദ്യത്തെ കൂട്ടർ തിരികെ ചോദിക്കും.
"മലയാളം നമ്മുടെ മാതൃഭാഷയാണ്, അതിനി നമ്മെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ. ഇനി മലയാള സാഹിത്യമാണ് പഠിക്കാൻ പോകുന്നതെങ്കിൽ, സാഹിത്യം നമ്മളെല്ലാം വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാര്യമാണ്, അതിൽ പ്രത്യേകിച്ച് പഠിക്കാൻ എന്തിരിക്കുന്നു."
ഈ ചോദ്യങ്ങൾ അത്ര നിസ്സാരമല്ല. പ്രാചീന ഗ്രീസിൽ സോക്രട്ടീസ് ഇയോണിനോട് ചോദിച്ചതും ഇതേ ചോദ്യമായിരുന്നു (പ്ലേറ്റോയുടെ ഇയോൺ എന്ന പുസ്തകം). സാഹിത്യവും ഭാഷയും ഔപചാരികമായി പഠിക്കുന്നത് കൊണ്ട് വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകുന്ന നേട്ടം എന്താണ്. തത്വചിന്തയിലെ പ്രധാന അന്വേഷണ മേഖലയായ ജ്ഞാനശാസ്ത്രത്തിൽ (epistemology) വരുന്ന പ്രശ്നമാണിത്. മനുഷ്യൻ ആർജ്ജിക്കുന്ന അറിവ് എന്താണ്, അതുകൊണ്ടുള്ള പ്രയോജനം, അതെങ്ങനെ മനുഷ്യനിൽ പ്രവർത്തിക്കുന്നു? തുടങ്ങിയ പ്രശ്നങ്ങളാണ് ഇവിടെയുള്ളത്. ഭാഷാപഠനത്തെക്കുറിച്ച് മാത്രമല്ല, പ്രായോഗികമായ പ്രയോജനം ഇല്ലാത്തതെന്ന് സമൂഹത്തിലെ ചെറുതല്ലാത്തൊരു വിഭാഗം പൊതുവിൽ വിലയിരുത്തുന്ന ചില വിജ്ഞാനമേഖലകളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഓരോ കുട്ടിയും ആദ്യഭാഷ സ്വന്തമാക്കുന്നുണ്ട്. ആദ്യഭാഷ സ്വായത്തമായ ആളെ സംബന്ധിച്ചിടത്തോളം മനപ്പൂർവം വിചാരിച്ചാൽ തന്നെ പ്രയോഗത്തെറ്റ് വരുത്തുക അസാധ്യവുമാണ്. പിന്നെ എന്തിനാണ് മലയാള ഭാഷ പഠിക്കാൻ ഒരാൾ കോളേജിലേക്ക് പോകുന്നത്. ഇവിടെയാണ് പ്രധാനപ്പെട്ടൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മലയാള ഭാഷ പഠിക്കാനായല്ല ഒരാൾ കോളേജിലേയ‌്‌ക്ക് പോകേണ്ടത്. മലയാള ഭാഷയെക്കുറിച്ച് പഠിക്കാനാണ്. ഭാഷ പഠിക്കാനല്ല, ഭാഷയെക്കുറിച്ച് പഠിക്കാൻ, വാക്യപ്രയോഗത്തിലെ ചെറിയ വ്യത്യാസമാണ്. പക്ഷെ, രണ്ടും തമ്മിൽ വലിയ അന്തരമുണ്ട‌്. ആ വ്യത്യാസം വളരെപ്പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും. പക്ഷെ, ആ വ്യത്യാസം എന്തെന്നും അതെങ്ങനെയുണ്ടാകുന്നുവെന്നും ചിന്തിക്കുന്നിടത്ത് ഭാഷയെക്കുറിച്ച് പഠിക്കാൻ ഒരാൾ പ്രാപ‌്തനായി എന്നാണ് അർത്ഥം.ഇക്കാര്യം ഒന്നുകൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു.
undefined
കണ്ണും ഭാഷയും അഥവാ കാഴ്ചയും മനസും
മനുഷ്യവംശത്തിന്‍റെ പൊതുവായ കഴിവാണ് കാഴ്ചശക്തി.ചില പ്രത്യേക തകരാറുകൾ ഇല്ലാത്ത എല്ലാ മനുഷ്യരും ചുറ്റുമുള്ള കാര്യങ്ങൾ കാണുന്നുണ്ട്. പക്ഷെ, കണ്ണിനെക്കുറിച്ചും കാഴ്ചയെക്കുറിച്ചും പഠിക്കുക എന്നുളളത്, കാണൽ പോലെ എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല.അതിന് വലിയ ബൗദ്ധിക അധ്വാനം ആവശ‌്യമുണ്ട്. അതുപോലെ നമ്മളെല്ലാം സംസാരിക്കുകയും മറ്റുള്ളവരുടെ സംസാരം കേൾക്കുകയും ചെയ്യുന്നത് ഭാഷയുടെ പ്രയോഗം മാത്രമാണ് (കണ്ണുകൊണ്ട് കാണുന്നത് പോലെ). മറിച്ച് ഭാഷയെക്കുറിച്ച് പഠിക്കുക എന്നാൽ, അത് കണ്ണിനെക്കുറിച്ചും കാഴ്ചയെന്ന പ്രതിഭാസത്തെക്കുറിച്ചും (visual perception) പഠിക്കുന്നത് പോലെയാണ്. സാഹിത്യത്തെ സംബന്ധിച്ചും ഇത് തന്നെയാണ് കാര്യം. സാഹിത്യം വായിച്ച് ആസ്വദിക്കുന്നത് വേറെ, സാഹിത്യം എന്താണ്? അത് എങ്ങനെ ഉണ്ടാകുന്നു? ആസ്വാദനം എങ്ങനെ സംഭവിക്കുന്നു? തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നത് മറ്റൊന്ന്. "മലയാളത്തിൽ എന്ത് പഠിക്കാനാണ് വർഷങ്ങൾ കളയാൻ പോകുന്നത‌്?" എന്ന ചോദ്യം അതുകൊണ്ട‌് തന്നെ യുക്തിസഹമല്ലെന്ന് മനസ്സിലാക്കാം.
"കണ്ണിനെക്കുറിച്ചും കാഴ്ചയെക്കുറിച്ചും" എന്ന തരത്തിൽ പൊതുവിൽ പറഞ്ഞ് പോകാവുന്ന ഒരു കാര്യമാണോ ഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള പഠനമെന്ന ചോദ്യം ഉയർന്ന് വരാം. ഉയർന്നു വരണം. കണ്ണിനെക്കുറിച്ച് പഠിക്കാൻ പല മാർഗങ്ങൾ ഉണ്ട്.ഒന്നാമതായി കണ്ണിന് ഭൗതികരൂപം ഉണ്ട്. കണ്ണിന്‍റെ ഭൗതിക ഘടനയെ പഠന വിധേയമാക്കാൻ ജീവശാസ്ത്രത്തിന്‍റെയും വൈദ്യശാസ്ത്രത്തിന്‍റെയും സങ്കേതങ്ങൾ ഉപയോഗിക്കാം. മറ്റ് ജീവികളിലെ കണ്ണുമായി താരതമ്യം ചെയ്ത് പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാം. പക്ഷെ, കണ്ണിൽ നിന്ന് തലച്ചോറിനുള്ളിലെ കാഴ്ചയെന്ന പ്രതിഭാസത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ സങ്കീർണമാകുന്നു. ഒരു വസ്തുവിൽ തട്ടി പ്രതിഫലിച്ച പ്രകാശം കണ്ണിലെ ഫോട്ടോ റിസപ്റ്ററുകളിൽ എത്തുന്നതുവരെ ഫിസിക്സിന് വിശദീകരിക്കാം. ഫോട്ടോ റിസപ്റ്ററുകളിൽ നിന്ന് ഒപ്റ്റിക് നെർവിലൂടെ കടന്നുപോകുന്ന ആക്ഷൻ പൊട്ടൻഷ്യലുകൾ ബയോഫിസിക്സും ന്യൂറോളജിയും വിശദീകരിക്കും. ഓക്സിപെറ്റൽ ലോബിലെ വിവിധ മേഖലകളിൽ നടക്കുന്ന വിവിധ തരത്തിലുള്ള വിവര പ്രോസസിംഗ് - ന്യൂറൽ കംപ്യൂട്ടിംഗ്, കണക്ടോമിക്സ് തുടങ്ങിയ പഠനമേഖലകൾ വിശദീകരിക്കാൻ ശ്രമിച്ച് വരുന്നു. ഇനിയും പൂർണമായി മനുഷ്യന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത, എന്നാൽ അതിവേഗത്തിൽ മുന്നോട്ട് പോകുന്ന പഠനമേഖലയാണ് ഇത്.
ഈ പഠനത്തിന് വ്യക്തമായ മാർഗരേഖയും രീതശാസ്ത്രവും ഉണ്ട്. തലച്ചോറിലെ കാഴ്ചയുടെ പ്രോസസിംഗിൽ എത്തുമ്പോഴാണ് കുറേയെങ്കിലും അവ്യക്തതകൾ നിലനിൽക്കുന്നത്. പക്ഷെ, കാഴ്ചയുടെ തന്നെ ഭാഗമായ സൗന്ദര്യം എടുത്തുനോക്കുക. സുന്ദരമായ കാഴ്ചകൾ കണ്ട് മനുഷ്യരെല്ലാം ആസ്വദിക്കാറുണ്ട്. പക്ഷെ, ഒരാൾക്ക‌് സൗന്ദര്യമെന്ന് തോന്നുന്നത് മറ്റൊരാൾക്ക് സുന്ദരമായിക്കൊള്ളണമെന്നില്ല. ഇവിടേക്ക് മനുഷ്യമനസ്സ് എന്ന ഘടകം കടന്നുവരികയാണ്. മനുഷ്യ മനസ്സിന്‍റെ കടന്നുവരവോടെ, കാഴ്ച പോലെ വിശദീകരിക്കാൻ കഴിയാത്ത ഒന്നെന്ന അവസ്ഥയിലേക്ക് സുന്ദരമായ കാഴ്ച മാറുന്നു. ഓരോ മനുഷ്യന്‍റെയും അഭിരുചി, സംസ്കാരം, ജീവിത സാഹര്യം ഇതെല്ലാം പ്രധാനമാകുന്നു. ഭാഷ, സാഹിത്യം എന്നിവയുടെ പഠനത്തിലും ഇതേ പ്രശ്നങ്ങൾ അടിസ്ഥാനപരമായി നിലനിൽക്കുകയാണ്. അങ്ങനെ വരുമ്പോഴാണ് ഇവയെല്ലാം ശാസ്ത്രത്തിന്‍റെ അന്വേഷണ മേഖലയിൽ നിന്നും തത്വചിന്തയോട് കൂടുതൽ അടുക്കുന്നത്.
തത്വചിന്തയില്‍ നിന്ന് വളരുന്ന ശാസ്ത്രം
ഭാഷയും സാഹിത്യവും തത്വചിന്തയോട് കൂടുതൽ അടുത്ത് നിൽക്കുന്നുവെങ്കിൽ, തത്വചിന്ത പഠിക്കാൻ കുട്ടികളെ കോളേജിലേക്ക‌് പറഞ്ഞുവിടേണ്ടതുണ്ടോ? ശാസ്ത്രത്തെപ്പോലെ അക്കാദമിക പഠനം ആവശ്യപ്പെടുന്ന വിജ്ഞാന പദ്ധതിയാണോ ഈ കാലത്ത് തത്വചിന്ത? ചോദ്യങ്ങൾ പ്രസക്തമാണ്. ശാസ്ത്രത്തിന്‍റെയും തത്വചിന്തയുടെയും മനുഷ‌്യവിജ‌്ഞാനത്തിന്‍റെയും ചരിത്രം ഇവിടെ ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ചിന്തിക്കുന്ന മനുഷ്യർ ഈ കാലത്ത് മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾ മുമ്പും ജീവിച്ചിരുന്നു. ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അവർ കേന്ദ്രീകരിച്ചിരുന്നുവെന്നും കരുതേണ്ടതില്ല. എന്നാൽ ചരിത്രപരമായ ചില കാരണങ്ങളാൽ ഗ്രീസ്, ഭാരതം പോലുള്ള സ്ഥലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ചിന്താപദ്ധതി തലമുറകളെ അതിജീവിച്ച് നമ്മുടെ കയ്യിൽ എത്തിയിട്ടുണ്ട്. ഇവയുടെ പഴക്കം, പ്രയോജനം ആധ്യാത്മികത ഒക്കെ ഇവിടെ ഒഴിച്ചുനിർത്തേണ്ട സംഗതികളാണ്. പക്ഷെ, ഒഴിച്ചുനിർത്താൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് ആ മനുഷ്യരുടെ ജിജ്ഞാസയെ പ്രകോപിപ്പിച്ച ചോദ്യങ്ങളും അവർ അതിന് നൽകാൻ ശ്രമിച്ച ഉത്തരങ്ങളുമാണ്. ചുറ്റും കണ്ട വസ്തുക്കളും പ്രതിഭാസങ്ങളും, ജീവികളും അവയുടെ വ്യത്യാസവും ഒക്കെ മനുഷ്യരെ ചിന്തിപ്പിച്ചു. ആകാശവും സൂര്യചന്ദ്രൻമാരും മഴയും കടലും നക്ഷത്രങ്ങളും ഒക്കെ അവർക്ക് അദ്ഭുതം നൽകി. അവയ്ക്ക് പിന്നിലെ കാരണങ്ങൾ അവർ അന്വേഷിച്ചു. ചുറ്റും കണ്ട ഈ അദ്ഭുതങ്ങൾക്കൊപ്പം ഈ അദ്ഭുതം കാണുന്ന ഉളളിനെക്കുറിച്ച് കൂടി ചിന്തിക്കാൻ ആരംഭിച്ചതോടെ ചിന്താപദ്ധതിയിലെ ക്വാണ്ടം ജംപാണ് മനുഷ്യൻ നടത്തിയത്. അങ്ങനെ ചുറ്റും കാണുന്ന പ്രപഞ്ചവും, പ്രപഞ്ചത്തെ കാണുന്ന മനസ്സും ഉടലെടുത്തു.ഈ രണ്ട് പ്രശ്നത്തെയും കേന്ദ്രീകരിച്ച് വലിയ ചിന്തകളും വാദപ്രതിവാദങ്ങളും നടന്നിട്ടുണ്ട്.
ഭാരതീയ ചിന്തയിൽ മനസ്സിനും അപ്പുറം ആത്മബോധമായിരുന്നു (Conciousness) പ്രധാന തർക്കവസ്തു. ഓരോ ചിന്താപദ്ധതിയുടെയും രീതി അനുസരിച്ച് ചിന്തകർ ഈ ചോദ്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. അന്ന് ചിന്തയായിരുന്നു ഈ ചോദ്യങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെയും ഉത്തരങ്ങളുടെയും പ്രധാന അവലംബം. അന്ന് ഇതെല്ലാം തത്വചിന്തയുടെ ഭാഗമായിരുന്നു. പൊതുസമ്മതിയില്ലാത്ത ഉത്തരങ്ങളിൽ നിന്ന് കുറേ ചോദ്യങ്ങൾക്കെങ്കിലും പിന്നീട് മോചനം കിട്ടുകയുണ്ടായി. ഉദാഹരണത്തിന് പ്രപഞ്ച നിർമ്മാണത്തിന്‍റെ അടിസ്ഥാന വസ്തുവിനെ സംബന്ധിച്ച് പ്രാചീന സിദ്ധാന്തക്കാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ടായിരുന്നു. വൈശേഷികൻമാരുടെ അഭിപ്രായമായിരുന്നില്ല സാംഖ്യൻമാർക്ക്, പ്ലേറ്റോയുടെ അഭിപ്രായമായിരുന്നില്ല അരിസ്റ്റോട്ടിലിന്. അന്ന് അതെല്ലാം തത്വചിന്തയായിരുന്നു. എന്നാൽ, ആധുനിക കാലത്ത് ലോകം മുഴുവൻ അംഗീകരിക്കുന്ന ഉത്തരം ഇതിന‌് ഉണ്ടായെന്ന് പറയാം. ഈ ഉത്തരത്തിന് പൊതുസമ്മതി നേടിക്കൊടുത്ത ജ്ഞാനമാർഗമാണ‌് ശാസ്ത്രം. അങ്ങനെ പ്രപഞ്ചത്തെ സംബന്ധിച്ച കുറേ ചോദ്യങ്ങൾക്ക് പൊതുസമ്മതമായ ഉത്തരം കിട്ടിയതോടെ, ആ ചോദ്യങ്ങൾ തത്വചിന്തയിൽ നിന്ന് മാറി. പുതിയ വിജ്ഞാന ശാഖകളായി ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഒക്കെ ജന്മമെടുത്തു. പക്ഷെ, ഈ വിജ്ഞാനശാഖകളിലെയും ഉന്നതമായ ചോദ്യങ്ങൾ ഇന്നും തത്വചിന്തയുടെ മേഖലയിൽ തുടരുന്നുണ്ട്.
പ്രപഞ്ചത്തെ സംബന്ധിച്ച ചോദ്യങ്ങൾ ഉത്തരം നേടി മുന്നേറിയപ്പോഴും മറുഭാഗം തത്വചിന്തയിൽ തന്നെ തുടരുകയായിരുന്നു. പുറത്തെ അനന്തതയോളം നോക്കാൻ വമ്പൻ ടെലസ്കോപ്പുകൾ കണ്ടെത്തിയ മനുഷ്യന് പക്ഷെ, സ്വന്തം ബോധത്തിന്‍റെ ഉള്ളറകളിലേക്ക് നോക്കാൻ പരിമിതികൾ ഉണ്ടായിരുന്നു. പരിമിതിയായിരുന്നില്ല ഉള്ളിലുളളതിനെ നോക്കുന്നതിലെ ഉദാസീനതയായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് മനസ്സുമായും ആത്മബോധവുമായെല്ലാം ബന്ധപ്പെടുന്ന എന്തിനും ഇന്നും തത്വചിന്താപരമായ ഉത്തരങ്ങളുള്ളത്. മനസ്സിനെക്കുറിച്ചും ചിന്തയെക്കുറിച്ചുമെല്ലാം പഠിക്കാൻ മനുഷ്യന്‍റെ ചിന്ത തന്നെയാണ് ഏറ്റവും മികച്ച അവലംബം. ഇന്ദ്രിയങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങളാണ് ശാസ്ത്രം പ്രധാന പ്രമാണമായി സ‌്വീകരിക്കുക (മാത്തമാറ്റിക്കൽ ലോജിക് തർക്ക വസ്തുവായി ഉണ്ട്). എന്നാൽ, അതിനെ മാത്രം ആശ്രയിച്ച‌് മനസ്സ‌്, ആത്മബോധം എന്നിവയെ മനസ്സിലാക്കുന്നതിന് പരിമിതികളുണ്ട്. നിലവിലെ രീതിശാസ്ത്രത്തിൽ നിന്ന് ശാസ്ത്രത്തിന് മാറേണ്ടിവരും. പുത്തൻ പാതകൾ ഇതിനോടകം വെട്ടിത്തുറന്ന് കഴിഞ്ഞു. കൊഗ്നിറ്റീവ് റെവല്യൂഷനെ ഇതിന്‍റെ ഭാഗമായി വേണം കാണാൻ. ന്യൂറോളജി, കംപ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, സൈക്കോളജി, ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി ഇതെല്ലാം ചേർന്ന് ഇത്തരം പഠനങ്ങൾ മുന്നോട്ട് പോകുകയാണ്.
മനസിന്‍റെ കുരുക്കഴിക്കാന്‍
മനസ്സ് എന്താണെന്ന് സർവസമ്മതമായൊരു ഉത്തരം കണ്ടെത്തുകയാണ് ആദ്യ ചുവട് വയ്പ്. പരസ്പരം തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന കുറേ സിദ്ധാന്തങ്ങളാണ് ഇപ്പോഴുമുള്ളത്. ഏതൊരു വസ്തുവിനെയും പോലെ മനസ്സിനെ ഭൗതികവസ്തുവായും അതിലെ മാറ്റങ്ങളായും കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ വസ്തുപ്രപഞ്ചത്തിൽ നിന്നും വ്യത്യസ്തമായ അതിഭൗതിക വസ‌്‌തുവാണ് മനസ്സെന്ന് കരുതുന്നവരും ഉണ്ട്. തലച്ചോറിലെ ന്യൂറോണുകളിലൂടെയും അവയിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും മനസ്സിന്‍റെ തിയറി രൂപപ്പെടുത്തിയെടുക്കാമെന്ന് വിശ്വസിക്കുന്നവരാണ് ആദ്യത്തെ കൂട്ടർ. തലയോട്ടി തുറന്നുനോക്കാതെ തലച്ചോറിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കഴിയുന്ന വിവിധ തരം ഇമേജിംഗ് ടെക്നിക്കുകൾ വന്നതാണ‌് ഇവർക്ക് ആത്മവിശ്വാസം പകരുന്നത്. എന്നാൽ ഈ ആത്മവിശ്വാസം ഇന്നത്തെ അവസ്ഥയിൽ അസ്ഥാനത്താണ് എന്ന് പറയേണ്ടിവരും. ഓരോ പ്രവർത്തിയിലും തലച്ചോറിലെ ഏതേത് ഭാഗങ്ങളാണ് ആക്ടീവ് ആകുന്നതെന്ന് കണ്ടുപിടിക്കാൻ സ്കാനിംഗ് ടെക്നിക്കുകൾക്ക് കഴിഞ്ഞേക്കും. പക്ഷെ, തലച്ചോറിലെ പ്രവർത്തനങ്ങൾ നടക്കുന്നത് ന്യൂറൽ കംപ്യൂട്ടിംഗിലൂടെയാണെന്നാണ് കരുതപ്പെടുന്നത്. ഈ കംപ്യൂട്ടിംഗ് ന്യൂറൽ ലെവലിലോ സിനാപ്റ്റിക് ലെവലിലോ ആണ് നടക്കുന്നത്. ഇത്രത്തോളം സൂക്ഷ്മ തലത്തിൽ വിശദീകരണം നൽകാൻ ഇന്ന് ശാസ്ത്രത്തിന് കഴിവില്ല. ഈ മേഖലയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ സാധ്യതയുള്ളൊരു പ്രോജക്ട് അമേരിക്കയിൽ ഹ്യൂമൻ കണക്ടോം പ്രോജക്ട് എന്ന പേരിൽ നടന്നുവരികയാണ്. നൂറു ബില്യാൺ ന്യൂറോണുകൾ പരസ്പരം ഉണ്ടാക്കുന്ന ക്വാട്രില്യൺ ബന്ധങ്ങൾ കണ്ടെത്തുക എന്ന വലിയ ദൗത്യം. ഈ ബന്ധങ്ങൾ കണ്ടെത്തയതിന് ശേഷം അതിൽ ഏതൊക്കെ ബന്ധനങ്ങളും കൂട്ടുബന്ധനങ്ങളുമാണ് മനസ്സിലേക്ക് ചൂണ്ടുന്നതെന്ന് കണ്ടെത്തണം.
ഭാഷയെക്കുറിച്ച് പറയുകയാണെങ്കിൽ വെർനിക്കസ് ഏര്യ എന്നും ബ്രോക്കസ് ഏര്യ എന്നും പേരുള്ള രണ്ട് മേഖലകളും അവയുടെ ബന്ധനങ്ങളും വരെ കണ്ടെത്തിയെന്ന് പറയാം. അത് കൂടാതെ പുതിയ ചില മേഖലകളും ചില കണക്ഷനുകളും പഠനങ്ങളുടെ ഭാഗമായി വരുന്നുണ്ട്. നാമത്തിന്‍റെയും ക്രിയയുടെയും ഭേദകത്തിന്‍റെയും ന്യൂറോണുകളും അവയെ ചേർക്കുന്ന സിനാപ്സുകളും ഒക്കെ കണ്ടെത്താനിരിക്കുന്നതേയുള്ളൂ. അതും കഴിഞ്ഞിട്ട‌് വേണം ആയിരക്കണക്കിന് വരുന്ന ഭാഷാ വകഭേദങ്ങളിലെ വ്യാത്യാസങ്ങൾ കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറുകളിൽ നിന്ന് വേർതിരിച്ചെടുക്കാൻ. കാഴ്ചയെയും കേൾവിയെയും കുറിച്ച് പഠിക്കാൻ ചിമ്പാൻസി മുതൽ എലികളുടെ വരെ തലച്ചോർ സ്കാനിംഗിലൂടെയോ തുറന്നോ നോക്കാവുന്നതാണ്. ഭാഷയുടെ പഠനത്തിൽ ആ സാധ്യതയും പരിമിതമാണ്. ഭാഷ മനുഷ്യരിൽ മാത്രമുള്ള കഴിവാണെന്ന ധാരണയാണ് ഇപ്പോൾ ഭാഷാശാസ്ത്രത്തിന് ഉള്ളത്. ഭാഷാവൈകല്യമുളള ചില മനുഷ്യരെ നിരീക്ഷിക്കാം എന്നല്ലാതെ മനുഷ്യരെ പരീക്ഷണ വസ്തുവാക്കാനും പറ്റില്ല. പ്രയാസങ്ങൾ ഏറെയുള്ളതാണെങ്കിലും അറിവിന് വേണ്ടിയുള്ള അന്വേഷണം കൂടിയാണ് മനുഷ്യജീവിതമെങ്കിൽ വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം മുതൽ വലിയ കാര്യങ്ങൾ ഈ മേഖലയിൽ കണ്ടെത്താൻ കിടക്കുകയാണ്.
വീണ്ടും ഭാഷാ പഠനത്തിലേക്ക്
ബിഎ മലയാളം പഠിക്കാൻ പോകുന്ന കുട്ടികളെല്ലാം ഇത്തരം വലിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പോകുന്നു എന്ന് ഇപ്പറഞ്ഞതിനൊന്നും അർത്ഥമില്ല. പക്ഷേ, ഇത്തരം ചോദ്യങ്ങളിലേക്ക് എത്താൻ ഗവേഷണ തലത്തിലേക്ക‌് എത്തുമ്പോഴെങ്കിലും ചിലർക്കെങ്കിലും കഴിഞ്ഞേക്കാം.അതിനുള്ള മാർഗം തുറന്നുനൽകാനും ഭാഷാപഠനത്തിന് കഴിവുണ്ട്. അതെങ്ങനെയെന്ന് നോക്കാം.
ഭാഷയെക്കുറിച്ചുള്ള പഠനത്തിലെ പ്രധാന പ്രശ്നം മനസ്സാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. എന്നാൽ മനസ്സിനെക്കുറിച്ചുള്ള പഠനത്തിന‌് ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ടൊരു ടൂളാണ് ഭാഷ. ഭാഷയിലൂടെയും മനസ്സിലേക്ക് കടന്നുചെല്ലാനുള്ള ശ്രമം നടത്താവുന്നതാണ്. കാരണം മനസ്സെന്ന പ്രതിഭാസം കുറേയെങ്കിലും ഓരോ മനുഷ്യനും വെളിവായിക്കിട്ടുന്നത് ഭാഷയിലൂടെയാണ്. ഇവിടെ ഒരാളിനെ കൃത്യമായും സഹായിക്കുന്നത് അയാളുടെ മാതൃഭാഷ തന്നെയാണ്. മാതൃഭാഷയെക്കുറിച്ചുള്ള വിശദപഠനത്തിലൂടെ വേണം ഒരാൾ ഭാഷയെന്ന അദ്ഭുതപ്രതിഭാസത്തിന്‍റെ വിശാല ലോകത്തേക്ക് കടക്കാൻ. ബി എ തലത്തിൽ മലയാള ഭാഷയുടെ വ്യാകരണത്തിൽ തുടങ്ങി എംഎയിലേക്ക‌് എത്തുമ്പോൾ ഭാഷയെക്കുറിച്ചുണ്ടായ വ്യത്യസ്ത സിദ്ധാന്തങ്ങൾ പരിചയപ്പെടുന്ന തരത്തിലേക്ക് വിദ്യാർത്ഥികളുടെ ബൗദ്ധികമേഖല വികസിക്കും.
ഗ്രീസിൽ ഉണ്ടായ വാക്കുകളുടെ വർഗീകരണ സിദ്ധാന്തം മുതൽ ബൗദ്ധരുടെ അപോഹ സിദ്ധാന്തം, പാണിനിയുടെ വ്യാകരണം, യാസ്കന്‍റെ നിരുക്തം, ഭർതൃഹരിയുടെ സ്ഫോട സിദ്ധാന്തം തുടങ്ങി ആധുനികമായ ഭാഷാശാസ്ത്രം വരെ പഠിക്കാൻ അവർക്ക് ഈ കാലം കൊണ്ട് അവസരം കിട്ടും. സാഹിത്യത്തിലും ഇതുപോലെ പ്രചീനമായ പാശ്ചാത്യ, പൗരസ്ത്യ ചിന്ത മുതൽ ആധുനികമായ സിദ്ധാന്തങ്ങൾ വരെ പഠിക്കേണ്ടിവരും. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും കലാദർശനം, ഭാരതീയമായ രസസിദ്ധാന്തം, അലങ്കാര പദ്ധതി, രീതി, ഗുണം, ധ്വനി തുടങ്ങി ആധുനീകമായ റഷ്യൻ ഫോർമലിസവും സ്ട്രക്ചറലിസവും അപനിർമ്മാണവും തുടങ്ങി മനഃശാസ്ത്ര സിദ്ധാന്തങ്ങൾ വരെ ഇതിലുണ്ട്. ശാസ‌്ത്രീയമായി തെളിയിക്കപ്പെട്ട വിഷയങ്ങളിൽ സിദ്ധാന്തം പഠിക്കേണ്ട ബാധ്യതയാണ് വിദ്യാർത്ഥിക്ക് ഉള്ളതെങ്കിൽ ഇവിടെ പല സിദ്ധാന്തങ്ങൾ പഠിച്ച ശേഷം സ്വന്തമായ നിർണയനത്തിലേക്ക് എത്തേണ്ട ബാധ്യത കൂടി വിദ്യാർത്ഥിക്കുണ്ട്. ഇങ്ങനെ ഭാഷയുടെയും സാഹിത്യത്തിന്‍റെയും വിവിധ ചിന്തകളിലൂടെ മനസ്സിലേക്കും അങ്ങനെ മനുഷ്യജ്ഞാനത്തിന് ഇനി കീഴടക്കേണ്ട പ്രതിഭാസത്തിലേക്ക് എത്തേണ്ടുന്ന ഒരു സാധ്യത കൂടി ഭാഷാപഠിതാക്കൾക്ക‌് മുന്നിലുണ്ട്. കാരണം ഭാഷയെക്കുറിച്ച് ഗഹനമായി പഠിക്കുന്നവർക്ക് ഈ മേഖലയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. ന്യൂറോളജി, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിജ്ഞാനശാഖയിലുള്ളവർ ഈ മേഖലയിൽ ഇപ്പോൾ തന്നെ ഉണ്ട്. പക്ഷെ, ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച് ഇതുവരെ ഉണ്ടായ വലിയ വിജ്ഞാനം അവർക്ക് പറഞ്ഞ് കൊടുക്കാൻ ഭാഷാപഠിതാക്കൾക്ക് കഴിയും. അതിന് ഭാഷാപഠിതാക്കൾ പ്രാപ്തർ ആയിരിക്കണമെന്ന് മാത്രം.
മനസ്സ‌്, ഭാഷ എന്നിവയെ നിർവചിച്ച് കഴിഞ്ഞാൽ കുരുക്കഴിക്കാനുള്ള മറ്റൊരു പ്രതിഭാസമായി കോൺഷ്യസ്നസ് അഥവാ ബോധം എന്നതും നിലനിൽക്കുന്നുണ്ട്. വലിയ ചർച്ചകൾ ഇതിനോടകം ഇത് സംബന്ധിച്ചും തുടങ്ങിക്കഴിഞ്ഞു. സ്റ്റാൻഫോർഡ് ഉൾപ്പെടെയുള്ള സർവകലാശാലകളിൽ കോൺഷ്യസ്നസ് എന്താണ് എന്നതിനെ സംബന്ധിച്ച് സെമിനാറുകൾ നടക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. 'പ്രപഞ്ച'ത്തെ സംബന്ധിച്ച ചോദ്യങ്ങളിൽ കുറേയേറെ തത്വചിന്തയിൽ നിന്ന‌് മാറിയതുപോലെ 'ആത്മ'ത്തെ സംബന്ധിച്ച ചോദ്യങ്ങളുടെയും ചുരുളുകൾ നിവർന്ന് വരും. അപ്പോഴും തത്വചിന്ത നിലനിൽക്കും. കാരണം വിജ്ഞാനശാഖകളുടെ ആദിമാതാവാണ് തത്വചിന്ത.
ഭാഷയെക്കുറിച്ച് പഠിക്കുന്നതിന്‍റെ പ്രാധാന്യത്തിലാണ് തുടങ്ങിയത്. ഭാഷ എന്താണ്? മനസ്സെന്താണ്? എന്നതെല്ലാം സംബന്ധിച്ച അടിസ്ഥാന അന്വേഷണങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ഇത് കൂടാതെ വൻനിക്ഷേപത്തോടെ നടക്കുന്ന പ്രായോഗികമായ ഭാഷാപഠനത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഗൂഗിൾ ട്രാൻസലേറ്റർ, ഗൂഗിൾ ടൈപ്പ്, അലക്സ,സിറി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാം. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ മലയാളം മനസ്സിലാക്കുകയും പറയുകയും ചെയ്യുന്ന റോബോട്ടിനെയും കണ്ടു. ഇതെല്ലാം പ്രവർത്തിക്കുന്നത് നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് എന്ന ഭാഷാ ഗവേഷണത്തിന്‍റെ ഭാഗമായാണ്. ഗൂഗിൾ ട്രാൻസലേറ്റർ ,ഗൂഗിൾ ടൈപ്പ്, അലക്സ, സിറി തുടങ്ങിയവ മലയാളത്തിൽ നല്ല പോലെ പ്രവർത്തിക്കണമെങ്കിലും ആൻഡ്രോയിഡ് കുഞ്ഞപ്പൻ യഥാർത്ഥത്തിൽ മലയാളം പറയണമെങ്കിലും നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് പോലുള്ള ഗവേഷണങ്ങൾ മലയാള ഭാഷയെ മുൻനിർത്തിയും നടക്കണം.
'അ'കണ്ഠ‌്യമാണോ താലവ്യമാണോ എന്ന ചർച്ചയ്ക്കും വൈകാരികമായ മാതൃഭാഷാ സ്നേഹത്തിനും അപ്പുറത്തേക്ക് നമ്മുടെ പഠനം പോകേണ്ടതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വിദേശ രാജ്യങ്ങളിൽ നടക്കുന്നത് പോലെ വിവിധ പഠനവിഭാഗങ്ങൾ ഇതിനായി ഒന്നിക്കണം. മലയാളം, തമിഴ്, സംസ്കൃതം, ഭാഷാശാസ്ത്ര വിഭാഗങ്ങൾ മാത്രമല്ല, കംപ്യൂട്ടർ സയൻസും ഫിലോസഫിയും സൈക്കോളജിയും ന്യൂറോളജിയും വരെയുളള ഡിപ്പാർട്ട്മെന്‍റുകൾ ഒരുമിക്കണം. നിരവധി ഔദ്യോഗിക ഭാഷകളും ഭാഷാഭേദങ്ങളും ഉള്ള ഇന്ത്യയിൽ ഇത്തരം പഠനങ്ങൾക്ക് വലിയ സാധ്യതയാണ് ഉള്ളത്. അതും സായിപ്പൻമാർ കണ്ടെത്തി കൊണ്ടുതരണം എന്നത് നമ്മുടെ ഗതികേടാണ്. ഒന്നുമില്ലെങ്കിലും സായിപ്പൻമാരെ ഭാഷാശാസ്ത്രം പഠിപ്പിച്ചത് നമ്മുടെ പൂർവികരാണ് എന്നത് മറക്കരുത്.
“The sciences have developed in an order the reverse of what might have been expected. What was most remote from ourselves was first brought under the domain of law, and then, gradually, what was nearer: first the heavens, next the earth, then animal and vegetable life, then the human body, and last of all (as yet very imperfectly) the human mind.”
—Bertrand Russell, 1935
സഹായക ഗ്രന്ഥങ്ങൾ
1. Why Only Us: Language and Evolution,
Book by Noam Chomsky and Robert C. Berwick
2. Cognitive Science: An Introduction to the Study of Mind,
Textbook by Gordon Silverman and Jay Friedenberg
3 . The Language Instinct,
Book by Steven Pinker
(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )