അരിസ്റ്റോട്ടിലിന്‍റെ സംശയം ന്യൂട്ടനും ഗലീലിയോയിലും ആവര്‍ത്തിച്ചു. എന്നാല്‍ അത് അവിടം കൊണ്ടും നിന്നില്ല, സംശയങ്ങള്‍ പിന്നെയുമുണ്ടായി. അത്തരത്തില്‍ ഐൻസ്റ്റൈനും ഒരു സംശയാലുവായിരുന്നു. സംശയങ്ങള്‍ മനുഷ്യന്‍റെ തലച്ചോറിനെ വീണ്ടും വീണ്ടും മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നു.
മലയാള ഗവേഷണം അതികഠിനമായ ആക്രമണം നേരിടുകയാണ്. ഒരുഭാഗത്ത് മലയാള ഗവേഷണ രംഗത്തെ അക്കാദമിക ദാരിദ്ര്യാവസ്ഥ ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രബന്ധങ്ങളിലെ തെറ്റുകൾ, കണ്ടെത്തലുകളിലെ ആഴമില്ലായ്മ, അക്ഷരത്തെറ്റുകളും വാക്യത്തെറ്റുകളും പോലും തിരുത്താൻ നിൽക്കാത്തത്ര അലസത ഇങ്ങനെ ആരോപണങ്ങൾ അനവധിയാണ്. മലയാള ഗവേഷണ രംഗം അകപ്പെട്ടിക്കുന്ന ഗർത്തത്തിൽ നിന്നും കരകയറാനുള്ള മാർഗമായി വേണം ഈ വിമർശനങ്ങളെ കാണേണ്ടത്. ഇനിയെങ്കിലും തെറ്റുതിരുത്തൽ പ്രക്രിയ തുടങ്ങാനുള്ള അവസരം. എന്നാൽ ഇതിനുമപ്പുറം മലയാള ഗവേഷണം തന്നെ പാഴ്വേലയാണെന്നും, വെറും മൂന്ന് കോടിപ്പേർ മാത്രം സംസാരിക്കുന്ന ഭാഷയിൽ എന്താണ് ഗവേഷണം ചെയ്യാനുള്ളത് തുടങ്ങിയ അഭിപ്രായങ്ങളും ചിലർ തട്ടിവിടുന്നുണ്ട്. മലയാള ഗവേഷണ രംഗത്തെ നിലവാരമില്ലായ്മ അംഗീകരിക്കുമ്പോൾ തന്നെ മലയാള ഗവേഷണമെന്നാൽ പ്രഹസനമാണെന്നും മലയാള ഗവേഷണം ആവശ്യമില്ലാത്തത് ആണെന്നുമുള്ള വാദത്തെയാണ് ഇവിടെ നിരാകരിക്കുന്നത്. മലയാളികളുടെ മാതൃഭാഷയായ മലയാളത്തിൽ എന്താണ് ഗവേഷണം ചെയ്യാനുള്ളത് എന്ന വിഷയം എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടാണല്ലോ ഗവേഷണം എളുപ്പമല്ലാത്ത പ്രക്രിയ ആകുന്നത്. ഗവേഷണം അറിവ് നിർമ്മിക്കാനുള്ള പ്രക്രിയയാണ്. മലയാളത്തിൽ എന്താണ് ഗവേഷണം ചെയ്യാനുള്ളത് എന്ന കാര്യം അറിയണമെങ്കിൽ അറിവ് എന്നാൽ എന്ത് എന്നും, വിശേഷിച്ച് ഭാഷയുമായി ബന്ധപ്പെട്ട അറിവ് എന്നാൽ എന്ത് എന്നും ആ അറിവ് എങ്ങനെ നേടാൻ കഴിയും? ആ അറിവ് നേടുന്ന കാര്യത്തിൽ പ്രതിസന്ധികൾ എന്താണ്? എന്നിങ്ങനെ നിരവധി കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇതെല്ലാം അറിഞ്ഞശേഷം മലയാള ഗവേഷണത്തിലെ ദുരവസ്ഥയെക്കുറിച്ച് വിലപിക്കുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനമാണുള്ളത്. അല്ലാതെ ഭാഷയല്ലേ, അതിലെ ഗവേഷണത്തെ നമുക്കും പുച്ഛിക്കാവുന്നതേയുള്ളൂ എന്ന് ചിന്തിച്ചുകളയുന്നവരോട് പരമപുച്ഛം മാത്രം.
അറിവ് എന്നാൽ എന്ത് ?
ഗുരു എന്ന മലയാള ചിത്രത്തിൽ ഇലാമ പഴം കഴിക്കുന്നവർക്കാണ് കാഴ്ച നഷ്ടപ്പെടുന്നത്.അതിന്‍റെ കുരു കഴിച്ചാൽ കാഴ്ച തിരികെ ലഭിക്കുകയും ചെയ്യും.എന്നാൽ ആ സമൂഹത്തിൽ നിലനിൽക്കുന്ന അറിവ് പ്രകാരം ഇലാമ പഴം കുട്ടികൾക്കെല്ലാം നൽകേണ്ട ദിവ്യഷധവും കുരു കഴിക്കാൻ പാടില്ലാത്ത വിഷ വസ്തുവും ആണ്.ഈ അറിവ് ആ സമൂഹത്തിന് പാരമ്പര്യമായി കിട്ടിയതാകാം. അത് ശരിയായ അറിവ് ആയിരുന്നില്ല. ഈ അറിവ് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ് ചെയ്തത്.ശരിയായ അറിവിന് മനുഷ്യന്‍റെ ജീവൻ രക്ഷിക്കാൻ വരെയുള്ള ശേഷിയുണ്ട്. തെറ്റായ അറിവ് ജീവൻ എടുക്കുകയും ചെയ്യും. ഹാർട്ട് അറ്റാക്ക് വന്ന് ഒരാൾ പിടയുമ്പോൾ കൃത്യമായ പരിചരണം അറിയുന്നയാൾ അവിടെ ഉണ്ടെങ്കിൽ ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേയ്ക്കും. ഒരു സമൂഹത്തിന് വേണ്ട ശരിയായ അറിവ് നിർമ്മിക്കാനുള്ള ചുമതലയാണ് ഗവേഷകരിൽ നിക്ഷിപ്തമായിരിക്കുന്നത്. ഒരു രാജ്യത്തിന്‍റെ അതിർത്തികാക്കുക സൈനികരുടെ ചുമതലയാണ്. ആഭ്യന്തര സുരക്ഷയ്ക്കും പ്രത്യേക സേനകളുണ്ട്.പൌരൻമാരുടെ ആരോഗ്യം കാത്തുസൂക്ഷിയ്ക്കേണ്ട ചുമതല ആരോഗ്യ സംവിധാനത്തിലാണ്. ഭരണ നിർവഹണത്തിന് എക്സിക്യൂട്ടീവ്. നീതിന്യായത്തിന് പൊലീസും ജുഡീഷ്യറിയും. വിദ്യാഭ്യാസം നൽകാൻ വിദ്യാഭ്യാസമേഖല. ഇങ്ങനെ രാഷ്ട്രത്തെ കെട്ടുറപ്പുള്ള സംവിധാനമാക്കി നിലനിർത്താൻ പല വ്യവസ്ഥകളുണ്ട്.
ഇത്രയൊക്കെയുണ്ടെങ്കിലും ഒരു രാജ്യത്തിനും സമൂഹത്തിനും ഒരേ നിലയിൽത്തന്നെ അധികകാലം നിലനിൽക്കാൻ കഴിയില്ല. കാലത്തിന് അനുസരിച്ച് മുന്നോട്ടുപോയേ മതിയാകൂ. അങ്ങനെ മുന്നോട്ട് പോകണമെങ്കിൽ ആ സമൂഹത്തിൽ ശരിയായ ജ്ഞാനത്തിന്‍റെ ഉത്പാദനം ഉണ്ടാകണം. അത് സൈനികമായ പുത്തൻജ്ഞാനം മുതൽ ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലയിലും ഉണ്ടാകണം. അത് നിർവഹിക്കേണ്ടത് അതാത് മേഖലകളിൽ നിന്നും ഗവേഷണ രംഗത്തേയ്ക്ക് എത്തുന്നവരാണ്. അതിന് വേണ്ടിയാണ് സാധാരണക്കാരൻ മൊട്ടുപ്പിന്ന് വാങ്ങുന്ന പണത്തിൽ നിന്നടക്കം പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നൊരു പങ്ക് ഗവേഷണത്തിനായി രാജ്യം മാറ്റിവയ്ക്കുന്നത്. സി എസ് ഐ ആർ ഫണ്ടായും യു ജി സി, ജെ ആർ എഫ് ആയും യൂണിവേഴ്സിറ്റി ഫെലോഷിപ്പുകളായും ഗവേഷണ സ്ഥാപനത്തിലുള്ളവർക്കുള്ള ശമ്പളമായും എല്ലാം സാധാരണക്കാരന്‍റെ നികുതിപ്പണം തന്നെയാണ് എത്തുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരോട് ഓരോ ഗവേഷകനും ബാധ്യതയുണ്ട്. അവർ മേടിക്കുന്ന ഓരോ രൂപയും അറിവായി സാധാരണക്കാരന് തിരികെ കൊടുക്കേണ്ടതാണ്. ശരിയായ ജ്ഞാനം എന്നാൽ സത്യത്തോട് അടുക്കലാണ്. സത്യത്തോട് അടുക്കാൻ ഒരു ഗവേഷകന് ഉണ്ടായിരിക്കേണ്ട ആദ്യത്തേതും അവസാനത്തേതുമായ ഗുണം സത്യസന്ധതയാണ്. അറിവിനോടുള്ള സത്യസന്ധത.
ഇപ്പറഞ്ഞതിൽ മലയാള ഗവേഷണത്തിന്‍റെ പ്രാധാന്യം എന്ത്? എന്നതാകും വായിക്കുന്നവർക്ക് തോന്നുക.ഇവിടെയാണ് പലതരം അറിവുകളെക്കുറിച്ചും, അറിവിന്‍റെ പല ഘട്ടങ്ങളെക്കുറിച്ചും,അറിവ് രൂപീകരണത്തിന്‍റെ രീതിശാസ്ത്രങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടത്.വിവിധ ഘട്ടങ്ങളിലുള്ള അറിവിനെക്കുറിച്ച് ആദ്യം ചർച്ചചെയ്യാം. എല്ലാ സമൂഹങ്ങളും ഏറ്റവും മൂല്യമുള്ള അറിവായി തിരിച്ചറിയുന്നത് പ്രായോഗികമൂല്യം ഉള്ളതിനെയാണ്.ഇന്ത്യയുടെ കാര്യം തന്നെയെടുക്കാം.ഏറ്റവുമധികം പ്രശസ്തികിട്ടുന്ന ശാസ്ത്രജ്ഞർ ഐ എസ് ആർ ഒയിൽ ഉള്ളവരാണ് (ഇവർ ശാസ്ത്രജ്ഞർ അല്ല ടെക്നോക്രാറ്റുകൾ ആണ് എന്നൊരു വാദം ഉണ്ട്). റോക്കറ്റ് വിടുന്നതിന്‍റെയും ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ നിർത്തുന്നതിന്‍റെയും പ്രാധാന്യം ഇന്ന് ഇന്ത്യൻ ജനതയ്ക്കറിയാം. ദൈന്യംദിന ജീവിതത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ നമ്മെ ഒരുപാട് സഹായിക്കുന്നുമുണ്ട്. എന്നാൽ ഈ ഗവേഷണങ്ങൾ ഇന്ത്യയിൽ തുടങ്ങുന്ന കാലത്ത് ഇതായിരുന്നില്ല സ്ഥിതി.
സംശയാലുവില്‍ നിന്ന് ശാസ്ത്രജ്ഞനിലേക്ക്
റോക്കറ്റ് സാങ്കേതികവിദ്യയുടെ എല്ലാം തുടക്കം അതിനും ഏറെ പിന്നിലാണ്. ക്രിസ്തുവിനും മുമ്പ് ഗ്രീസിൽ ജീവിച്ചിരുന്ന ഒരാൾ വളരെ നിസ്സാരമായ ഒരു പരീക്ഷണം നടത്തി. ചൂടുവെള്ളം നിറച്ച ഒരു കപ്പ് ഇടതുകൈത്തണ്ടയിൽ വച്ചശേഷം വലതുകൈകൊണ്ട് അദ്ദേഹം കപ്പിന്‍റെ വായമൂടി. കുറച്ച് സമയത്തിന് ശേഷം കപ്പിന്‍റെ വായ്ഭാഗത്ത് നിന്ന് കൈമാറ്റി.അപ്പോൾ കപ്പിൽ നിന്ന് നീരാവി മുകളിയേക്ക് പോകുന്നതായി കണ്ടു.ശേഷം ഇടതുകൈത്തണ്ട പെട്ടെന്ന് വലിച്ചു.കപ്പ് താഴെവീണ് ചിന്നിച്ചിതറി. അതുവരെ ആരും സംശയം കൂറാതിരുന്ന, അല്ലെങ്കിൽ സംശയം കൂറിയതായി രേഖപ്പെടുത്താതിരുന്ന കാര്യത്തിൽ അദ്ദേഹം ആദ്യമായി സംശയം കൂറി. എന്തുകൊണ്ട് പുക മുകളിലേയ്ക്കും കപ്പ് താഴേയ്ക്കും പോയി. ഈ ചോദ്യം ചോദിച്ചത് അരിസ്റ്റോട്ടിലായിരുന്നു.പിന്നീട് ഇതേ കാര്യത്തിൽ ന്യൂട്ടനും ഗലീലിയോയും ഒക്കെ സംശയം കൂറുകയുണ്ടായി. അങ്ങനെയാണ് ഗുരുത്വാകർഷണം സംബന്ധിച്ച അറിവ് മനുഷ്യ വിജ്ഞാനത്തിലേയ്ക്ക് വരുന്നത്. ഇതേ കാര്യത്തിൽ ഐൻസ്റ്റൈനും പിന്നീട് അതിശയം കൂറി. സ്ഥലകാലനൈരന്തര്യത്തിൽ അങ്ങനെയാണ് കുഴികൾ രൂപപ്പെട്ടത്. ഇങ്ങനെ രൂപംകൊണ്ട ഉത്തരങ്ങളെല്ലാം ശുദ്ധജ്ഞാനമാണ്. ഇത് ശാസ്ത്രമാണ്.ഇത്തരം ശുദ്ധജ്ഞാനം പിന്നീട് മനുഷ്യർ അവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽമാറ്റിയെടുക്കും.അപ്പോഴാണ് അത് സാങ്കേതിക വിദ്യയായി മാറുന്നത്.
പൊതുജനത്തിനിടയിൽ ഇന്ന് ഏറ്റവും സ്വീകാര്യത കിട്ടുന്ന റോക്കറ്റ് സാങ്കേതിക വിദ്യക്ക് പിന്നിൽ ന്യൂട്ടൻ കണ്ടെത്തിയ ശുദ്ധശാസ്ത്രവും അതിനും പുറകിൽ അരിസ്റ്റോട്ടിലിന്‍റെ ചോദ്യവും ഉണ്ട്. പ്രയോജനപ്രദമെന്ന് സമൂഹം വിലയിരുത്തുന്ന സാങ്കേതികവിദ്യകൾക്കെല്ലാം പിന്നിൽ ശുദ്ധജ്ഞാനം നിലനിൽക്കുന്നുണ്ട്. ഇതിനെയാണ് ശാസ്ത്രം എന്ന് വിളിക്കുന്നത്. ശുദ്ധജ്ഞാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരാണ് ശാസ്ത്രജ്ഞർ എന്ന അർത്ഥത്തിലാണ് സാങ്കേതിക വിദഗ്ധരായ ഐ എസ് ആർ ഒ എഞ്ചിനീയർമാരെ ടെക്നോക്രാറ്റുകൾ എന്ന് ചിലർ വിളിക്കുന്നത്. ഇത്രയും പറഞ്ഞതിൽ നിന്നും വിജ്ഞാനമേഖലകൾക്ക് പലതരം അവസ്ഥകൾ ഉണ്ടെന്ന് മനസ്സിലാക്കാം.ചില വിജ്ഞാനമേഖലകൾ അരിസ്റ്റോട്ടിൽ ചോദിച്ച ചോദ്യത്തിന്‍റെ അവസ്ഥയിൽ ആകാം. ചില മേഖലകൾ ന്യൂട്ടന്‍റെ ഗുരുത്വാകർഷണ സിദ്ധാന്തമെന്ന ശുദ്ധജ്ഞാനത്തിന്‍റെ അവസ്ഥയിലാകാം.ചില മേഖലകൾ ഇതെല്ലാം കടന്ന് പ്രായോഗികജ്ഞാനത്തിന്‍റെ അവസ്ഥയിലും എത്താം.
കെമിസ്ട്രി ഫിസിക്സ് പോലുള്ള വിഷയങ്ങളിലെ പല മേഖലകളും വളരെയേറെ വികസിച്ച് പ്രായോഗിക ജ്ഞാനത്തിന്‍റെ ഉയർന്ന തലത്തിലാണ് നിൽക്കുന്നത്. എഞ്ചിനീയറിംഗ് മേഖലകൾ കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ ഇത് നമുക്ക് കാണാം. ബയോളജി നേടിയ വിജയങ്ങൾ ആരോഗ്യ – കാർഷിക മേഖലകളിൽ എല്ലാം പ്രതിഫലിക്കുന്നുണ്ട്. എന്നാൽ റോക്കറ്റ് സാങ്കേതിക വിദ്യക്ക് അടിത്തറയിട്ട ഭൂഗുരുത്വ സിദ്ധാന്തം പോലെയാണോ മനുഷ്യന്‍റെ തലച്ചോറിന്‍റെ പ്രവർത്തനത്തെ സംബന്ധിച്ച സിദ്ധാന്തം? അതുപോലെയാണോ മനുഷ്യമനസ്സിനെ സംബന്ധിച്ച സിദ്ധാന്തം? അതുപോലെയാണോ മനുഷ്യനിൽ ഭാഷ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന സിദ്ധാന്തം? അതുപോലെയാണോ ഒരു മനുഷ്യൻ പറയുന്ന കാര്യത്തിന് മറ്റൊരു മനുഷ്യൻ എങ്ങനെയാണ് മറുപടി പറയുക എന്ന സിദ്ധാന്തം? അതുപോലെയാണോ ഒരു സമൂഹം എങ്ങനെയാണ് പ്രവർത്തിക്കുക എന്ന സിദ്ധാന്തം? അതുപോലെയാണോ സൌന്ദര്യം എന്നാൽ എന്ത് എന്ന സിദ്ധാന്തം? അതുപോലെയാണോ സാഹിത്യമെന്നാൽ എന്തെന്ന സിദ്ധാന്തം? ഈ ചോദ്യം ഇങ്ങനെ നീണ്ടുനീണ്ടുപോകും. എന്തുകൊണ്ടാണ് വിവിധ വിജ്ഞാനശാഖകൾ വിവിധ തലത്തിൽ നിലനിൽക്കുന്നത്. ഇവിടെയാണ് മനുഷ്യനിലെ അറിവ് രൂപീകരണത്തിന്‍റെ പ്രക്രിയയെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടത്.
അറിവ് രൂപീകരണം
പ്രാചീന മനുഷ്യരെക്കുറിച്ച് തന്നെ ചിന്തിച്ച് നോക്കാം. ആദ്യകാലത്ത് മനുഷ്യൻ വേട്ടയാടി ഭക്ഷണം തേടുകയായിരുന്നു. പിന്നീട് ചെടികളെ വളർത്തിയെടുക്കുന്ന സാങ്കേതികത സ്വന്തമാക്കി. എങ്ങനെയാകും ആ വിദ്യ മനുഷ്യൻ സ്വായത്തമാക്കിയിരിക്കുക. ആദിമ മനുഷ്യന് ചില ചെടികളിൽ നിന്നുള്ള പദാർത്ഥങ്ങൾ ഭക്ഷ്യയോഗ്യമാണെന്ന വിവരം ഉണ്ടായിരുന്നു. എന്നാൽ ആ ചെടികൾ ഉള്ളിടത്ത് ചെന്ന് തേടിപ്പിടിക്കുക മാത്രമായിരുന്നു ആദ്യകാലത്തെ സാധ്യത. അതുകൊണ്ട് തന്നെ അക്കാലത്തെ മനുഷ്യൻ സ്ഥിരവാസമില്ലാതെ പല കാടുകളിൽ അലഞ്ഞുനടന്നു. ഇങ്ങനെയുള്ള ചെടി നട്ടുവളർത്താൻ എത്രയോ കാലം അവൻ ശ്രമിച്ചുകാണും. പക്ഷെ, നട്ടപ്പോഴെല്ലാം അത് വാടിക്കരിഞ്ഞുപോയിട്ടുണ്ടാകാം. ചെടിയുടെ വളർച്ചയും വെള്ളവും തമ്മിലുള്ള ബന്ധം മനുഷ്യൻ കണ്ടെത്തിയത് എങ്ങനെയായിരിക്കും? ഒന്നുകിൽ യാദൃശ്ചികമായി എത്തിയ മഴയോ, അല്ലെങ്കിൽ നദീതടമോ ഒക്കെ അതിന് വഴിവച്ചിരിക്കാം. ദാഹിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും വെള്ളം കുടിക്കുന്നത് പോലെ ചെടിയ്ക്കും വെള്ളം വേണ്ടിവരും എന്ന ചിന്ത നടന്നിരിക്കാൻ സാധ്യത ഉണ്ടോ. വേട്ടയ്ക്കായി ഓടി തളർന്നവൻ, വെള്ളം കുടിക്കുമ്പോൾ പുഷ്ടിപ്പെടുന്നത് പോലെ വാടിക്കരിഞ്ഞ ചെടിയും വെള്ളം കൊണ്ട് പുഷ്ടിപ്പെടുമെന്ന് ആരെങ്കിലും ചിന്തിച്ച് കാണുമോ. സാധ്യതകളൊക്കെ പലതാണ്. ഈ അറിവുകളെല്ലാം നിരീക്ഷണത്തിൽ നിന്നും പരീക്ഷണത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. അതായത്, എവിടെയോ നിന്ന ചെടി പിഴുത് മറ്റൊരിടത്ത് നടുന്നത് പരീക്ഷണം. അതിന് എന്ത് സംഭവിക്കുന്നുവെന്ന് നോക്കുന്നത് നിരീക്ഷണം.വെള്ളം ഒഴിച്ച് നോക്കിയെങ്കിൽ അതും പരീക്ഷണം. വെള്ളം ഒഴിച്ചപ്പൊ ചെടി വാടാതെ നിൽക്കുന്നുവെന്ന് കണ്ടെത്തിയെങ്കിൽ അത് നിരീക്ഷണം. പരീക്ഷണ നിരീക്ഷണങ്ങളിൽ നിന്ന് വെള്ളം കിട്ടിയാൽ ചെടി വാടാതെ നിൽക്കുമെന്ന് കണ്ടെത്തിയാൽ അത് നിഗമനം. നാളെ നടുന്ന ചെടിക്കും വെള്ളം ഒഴിച്ചാൽ അത് വാടാതെ നിൽക്കും എന്ന് പറഞ്ഞാൽ അത് പ്രവചനം.
വളരെ ലാഘവത്തോടെ ഇത്രയും പറഞ്ഞെങ്കിലും മനുഷ്യവിജ്ഞാനത്തെ സംബന്ധിച്ച് പഠിക്കുന്ന ജ്ഞാന ശാസ്ത്രത്തിലെ കാതലായ ചില തർക്കവിഷയങ്ങൾ ഇതിന് പിന്നിൽ നിലനിൽക്കുന്നുണ്ട്. മനുഷ്യനിലെ അറിവെല്ലാം നിരീക്ഷണത്തിലൂടെ എത്തുന്നതാണോ. അതോ മനുഷ്യൻ ചിന്തയിലൂടെ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നുണ്ടോ. ഇതിൽ ഏതാണ് ശരിയായ ജ്ഞാനം മനുഷ്യന് പകർന്ന് തരുന്നത്. ചെടിയും വെള്ളവും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ചെടിയെ നിരീക്ഷിച്ച് നോക്കാനും പരീക്ഷണങ്ങൾ നടത്താനും മനുഷ്യന് കഴിയും.എന്നാൽ, ചെടിയെ സംബന്ധിച്ച ശരിയായ അറിവ് മനുഷ്യൻ രൂപീകരിക്കുന്നത് എങ്ങനെ എന്ന് കണ്ടെത്തുന്നതിന് എന്ത് തരം നിരീക്ഷണവും പരീക്ഷണവുമാണ് നടത്തേണ്ടത്? ഈ അറിവെല്ലാം മനുഷ്യൻ രൂപീകരിക്കുന്നത് ഭാഷയുടെ സഹായത്തോടെയാണ്,അങ്ങനെയെങ്കിൽ മനുഷ്യന്‍റെ അറിവും ഭാഷയും തമ്മിലുള്ള ബന്ധം എന്താണ്? ഭാഷ തന്നെ എന്താണ്? ഇതെല്ലാം എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? കണ്ടെത്തിയാൽ അതിന് പ്രായോഗികമായ എന്ത് സാധ്യതയാണ് ഉള്ളത്? ഈ അന്വേഷണങ്ങൾ മനുഷ്യനെ സത്യത്തോട് എങ്ങനെ അടുപ്പിക്കുന്നു? ചോദ്യങ്ങൾ നിരവധിയാണ്. ഇത്തരം ചോദ്യങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലും ചിന്തിക്കാൻ കഴിയുന്നവർക്കാണ് ഭാഷാ ഗവേഷണവും മനുഷ്യ വിജ്ഞാനവും തമ്മിലുള്ള ബന്ധത്തിന്‍റെ വിദൂരദേശങ്ങളിലേയ്ക്കെങ്കിലും എത്താൻ കഴിയുക.
അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണമെങ്കിൽ മനുഷ്യർ നിലവിൽ ആശ്രയിക്കുന്ന ജ്ഞാന മാർഗങ്ങളെക്കുറിച്ചും അതിന്‍റെ പരിമിതിയെക്കുറിച്ചും മനസ്സിലാക്കേണ്ടിവരും. അത് അടുത്ത ദിവസം.
ഒന്നാം ഭാഗം വായിക്കാം: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?
(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )