കുട്ടിയുടെ ജനനത്തിന്റെ ആദ്യ വര്‍ഷം പത്ത് ശതമാനം അച്ഛന്‍മാര്‍ക്കും വിഷാദം ഉണ്ടാകുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വലുതാകാമെന്ന് മറ്റ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്- അപര്‍ണ മേരി എഴുതുന്നു
കാനഡയില്‍, 10 പുരുഷന്മാരില്‍ എട്ടുപേരും തങ്ങളുടെ പങ്കാളി നിര്‍ബന്ധിക്കും വരെ വൈദ്യസഹായം തേടില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വിഷാദരോഗമുള്ള ഒരു മനുഷ്യനായിരിക്കുന്നതില്‍, പ്രത്യേകിച്ച് ഒരു പിതാവായിരിക്കുന്നതില്‍, ലജ്ജയോ നാണക്കേടോ തോന്നുന്നതിനാലാണിത്.
undefined
സമീപകാലത്ത് ഇടയ്ക്കിടെ കാണുന്ന ഇത്തരം പിന്നാമ്പുറത്ത് പതിയിരിക്കുന്നുണ്ട്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്ന രോഗം.
അവളെന്തൊരമ്മയാണ്, ആ കുഞ്ഞിനെ ആര്‍ക്കെങ്കിലും വളര്‍ത്താന്‍ കൊടുത്തുകൂടായിരുന്നോ, ആ മുഖം നോക്കിയിട്ട് എങ്ങനെ തോന്നി തുടങ്ങി ചോദ്യങ്ങള്‍ ആണ് സാധാരണ ഇത്തരം വാര്‍ത്തകളുണ്ടാവുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കാറുള്ളത്. എന്നാലിപ്പോള്‍ ചിലരെങ്കിലും അവര്‍ക്കിനി പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ആയിരിക്കുമോ എന്ന സംശയം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.
വീടിനുള്ളില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടി വരുന്ന പഴിചാരലുകള്‍, കുറ്റപ്പെടുത്തലുകള്‍, പങ്കാളിയില്‍
നിന്നുള്ള പിന്തുണ ഇല്ലായ്മ, സമൂഹത്തിന്റെ അനാവശ്യ ചോദ്യങ്ങള്‍ എന്ന് വേണ്ട ചെറിയൊരു വാക്ക് പോലും പ്രസവാനന്തരം ചില അമ്മമാരെ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിടുമെന്ന് നമ്മള്‍ മനസിലാക്കി തുടങ്ങിയത് നല്ല കാര്യമാണ്.അവരെ ചേര്‍ത്ത് പിടിക്കണമെന്ന
തിരിച്ചറിവിലേക്ക് പതിയെ നാം എത്തിത്തുടങ്ങി.
എന്നാല്‍ അമ്മമാര്‍ക്ക് മാത്രമാണോ ഇത്തരം വിഷാദം ഉണ്ടാകുക? എല്ലാം കണ്ട് നില്‍ക്കുന്ന അച്ഛന്‍മാര്‍ക്ക് വിഷാദചിന്തകള്‍ ഒന്നുമില്ലേ. അതോ അവര്‍ അത്ര സ്ട്രോങ് ആണോ? അച്ഛന്‍മാരിലും ഉണ്ടോ പ്രസവാനന്തരവിഷാദം?
അതെ. പുരുഷന്‍മാരിലും ഉണ്ട് പ്രസവാനന്തര വിഷാദം!
ഓസ്‌ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഓര്‍ഗനൈസഷനായ ബിയോണ്ട് ബ്ലൂ എന്ന സ്ഥാപനമാണ് നിര്‍ണായകമായ പഠന വിവരങ്ങള്‍ പങ്കു വച്ചത്. Also Read: കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാര്‍ ഉണ്ടാവുന്നത് ഈ രോഗം കൊണ്ടുകൂടിയാണ്!
ആണുങ്ങളിലെ പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍
സ്ത്രീകളിലെ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനെ കുറിച്ച് വലിയ തോതില്‍ അവബോധം ഉണ്ടായിട്ടുണ്ടെങ്കിലും ആണുങ്ങളിലെ പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍ (പിഎന്‍ഡി) തിരിച്ചറിയപ്പെടുന്നത് വളരെ വിരളമാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പോലും മനസിലാക്കി തുടങ്ങുന്നതേയുള്ളൂ 'നവജാത അച്ഛന്‍മാരിലെ' വിഷാദരോഗം. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ തടയാനും രോഗനിര്‍ണയം നടത്താനും ചികിത്സക്കുമൊക്കെയായി ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന പരിശോധനകള്‍ തുടങ്ങി ചോദ്യാവലി വരെ സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചാണിപ്പോഴും.
കുട്ടിയുടെ ജനനത്തിന്റെ ആദ്യ വര്‍ഷം പത്ത് ശതമാനം അച്ഛന്‍മാര്‍ക്കും വിഷാദം ഉണ്ടാകുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വലുതാകാമെന്ന് മറ്റ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞ് ജനിച്ച് മൂന്ന് മുതല്‍ ആറ് വരെ മാസങ്ങളില്‍ നാലില്‍ ഒരാള്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാട്ടുന്നുവെന്നാണ് ഈ പഠനം. ചില അച്ഛന്‍മാര്‍ അമിത ആശങ്ക, ഒസിഡി, പിടിഎസ്ഡി തുടങ്ങി അവസ്ഥകളും പ്രകടിപ്പിക്കും. പക്ഷെ പുരുഷന്‍മാരില്‍ പലരും ഇത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് വസ്തുത.
വിഷാദമോ, അയ്യേ നാണക്കേട്!
വിഷാദം എന്ന അവസ്ഥ തിരിച്ചറിയുന്ന പുരുഷന്‍മാര്‍ പലരും സ്വയം പരിഹാരം കണ്ടെത്താനോ പുറത്തറിയിക്കാന്‍ മടിക്കുകയോ ചെയ്യുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരിലും, എന്തിന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ പോലും പുരുഷന്മാര്‍ക്കിടയില്‍ മാനസിക രോഗത്തെക്കുറിച്ച് പറയുന്നതും സംസാരിക്കുന്നതും മോശമാണെന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഈ സ്റ്റിഗ്മ പലരെയും ഫലത്തില്‍ മനോവ്യഥകളുടെ പരകോടിയിലെത്തിക്കും. സാധാരണയായി, പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ കൂടുതല്‍ വൈദ്യസഹായം ഒഴിവാക്കുന്നത്.
കാനഡയില്‍, 10 പുരുഷന്മാരില്‍ എട്ടുപേരും തങ്ങളുടെ പങ്കാളി നിര്‍ബന്ധിക്കും വരെ വൈദ്യസഹായം തേടില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വിഷാദരോഗമുള്ള ഒരു മനുഷ്യനായിരിക്കുന്നതില്‍, പ്രത്യേകിച്ച് ഒരു പിതാവായിരിക്കുന്നതില്‍, ലജ്ജയോ നാണക്കേടോ തോന്നുന്നതിനാലാണിത്.
'ശരിക്കും, ആണുങ്ങളില്‍ ഭൂരിഭാഗവും മാനസികാരോഗ്യ സഹായം തേടാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് അവരെ അപകീര്‍ത്തിപ്പെടുത്തുമെന്നോ 'സ്ത്രീവല്‍ക്കരി'ക്കുമെന്നോ അവര്‍ ചിന്തിക്കും'-ഡോ. സിംഗ്ലി പറയുന്നു. കാലിഫോര്‍ണിയ സാന്‍ ഡിയാഗോയിലെ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ ഡാനിയല്‍ സിംഗ്ലി, പുരുഷന്മാരുടെ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണ്.
ഗര്‍ഭധാരണവും ജനനവും ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് സാധാരണ കരുതപ്പെടുന്നത്. കാലങ്ങളായി നമ്മള്‍ മലയാളികള്‍ക്കും ഇത് തന്നെയാണ് ശീലം. ഭര്‍ത്താക്കന്‍മാരുടെ ഒരേ ഒരു ജോലി പ്രസവിക്കാന്‍ പോകുന്ന ഭാര്യയെ പിന്തുണയ്ക്കുക എന്ന് മാത്രമാണ്. ആണുങ്ങള്‍ എത്ര കരുത്തരായി ഭാര്യയെയും കുടുംബത്തെയും പിന്തുണച്ച് നില്‍ക്കുന്നെന്ന് നോക്കി പുരുഷന്‍മാര്‍ക്ക് മാര്‍ക്ക് ഇടുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ പുതിയ പഠനം വ്യക്തമാക്കുന്നത്, ശരിക്കും അമ്മയ്ക്ക് ഉണ്ടാകുന്ന ആശങ്കയും ഉത്കണ്ഠയും ഒക്കെ അച്ഛനും ഉണ്ടായേക്കാം. പിന്തുണ അവര്‍ക്കും ആവശ്യമാണ്. Also Read: പോസ്റ്റ്പാർട്ടം ഡിപ്രഷൻ: പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ അവഗണിക്കരുത്
'കല്ലാകേണ്ടി വരുന്നവര്‍'
കരയുന്ന ആണ്‍കുട്ടിയെ നോക്കി, അയ്യേ പെണ്‍കുട്ടികളെ പോലെ കരയാമോ എന്ന് ഒരിക്കലെങ്കിലും ചോദിക്കാത്തവര്‍ കുറവാണ് നമ്മുടെ ഇടയില്‍. ആണായാല്‍ കരയരുതെന്നും, കല്ലാകണമെന്നും കേട്ടാണ് നമ്മള്‍ വളര്‍ന്നത്. അവര്‍ തളര്‍ന്നാല്‍ എങ്ങനെ ശരിയാകും കാര്യങ്ങള്‍? ഈ ഭാരത്തിന് മുകളില്‍ ജീവിക്കുന്ന പുരുഷന്‍മാര്‍ക്ക് വിഷാദം സ്വാഭാവികമായും ബലഹീനതയുടെ ലക്ഷണമായേ കാണാനാകൂ.
ഒരു വര്‍ഷത്തിലേറെ തനിക്ക് പിഎന്‍ഡി ആണെന്ന കാര്യം ഭാര്യയെ അറിയിക്കാതെ ഒളിപ്പിച്ച കഥ പറയുകയാണ് അമേരിക്കക്കാരനായ, ശിശുരോഗ വിദഗ്ധന്‍ കൂടിയായ ഡോ. ലെവിന്‍. ന്യൂയോര്‍ക് ന്യൂ ജേഴ്സിയില്‍ പീഡിയാട്രീഷനാണ് അദ്ദേഹം. വിഷാദരോഗത്തെ കുറിച്ച് സംസാരിക്കുന്ന യുഎസിലെ ചാര്‍ളി റോസ് ടോക് ഷോയിലായിരുന്നു ലെവിന്റെ തുറന്നുപറച്ചിലുകള്‍. ''എന്റെ കുഞ്ഞിനോടുള്ള എന്റെ പ്രശ്നങ്ങള്‍ ഞാന്‍ ഭാര്യയെ പോലും അറിയിച്ചില്ല.അവള്‍ എന്ത് ചിന്തിക്കുമെന്നാണ് ഞാന്‍ കരുതിയത്. അവള്‍ എന്നെകുറിച്ച് മോശമായി ധരിക്കുമെന്നോ, എന്നെ വിട്ടുപോകുമെന്നോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. എല്ലാം പറയാന്‍ എനിക്കാരും ഉണ്ടായിരുന്നില്ല.''-അദ്ദേഹം പറഞ്ഞു. Read Also: പ്രസവാനന്തര വിഷാദങ്ങളില്‍ മണിച്ചേച്ചിമാരുടെ ജീവിതം
പിഎന്‍ഡി, ആണിലും പെണ്ണിലും
പ്രസവാനന്തര വിഷാദം പലപ്പോഴും പ്രാഥമികമായി സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വസ്തുതയാണ്. അമ്മയ്ക്ക് അവരുടെ പങ്കാളികളെ അപേക്ഷിച്ച് പ്രസവാനന്തര കാലഘട്ടത്തില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്. (ഒരു അവലോകനത്തില്‍ അമ്മമാരില്‍ ശരാശരി 24% കണ്ടെത്തി, ഇത് പിതാവിന് 10% ആണ്); ചില അമ്മമാര്‍ക്ക് പിഎന്‍ഡി ഉണ്ടാകുന്നത് തലച്ചോറിലെ ഹോര്‍മോണ്‍ മാറ്റം മൂലമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും.
കുഞ്ഞിനെ എടുക്കാനാകാതെ കരയുന്ന അമ്മയാണ് സ്ത്രീകളിലെ വിഷാദത്തിന്റെ പൊതുചിത്രമെങ്കില്‍ കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുക എന്നതാകും ആണുങ്ങളിലെ ലക്ഷണം. എല്ലാത്തില്‍ നിന്നും അകന്നുമാറാന്‍ ശ്രമം, കൂടുതല്‍ സമയം ജോലി ചെയ്യുക, കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുക, ലഹരിക്ക് അടിമകളാകുക അകാരണമായി പ്രകോപിതരാകുക തുടങ്ങിയവയെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാകാം. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വൈകാരിക ലക്ഷണങ്ങള്‍ക്ക് പകരം ചിലര്‍ വയറുവേദന, തലവേദന എന്നൊക്കെ പറഞ്ഞ് സ്വയം രോഗിയാകാനും ശ്രമിക്കും. മുന്‍പ് വിഷാദരോഗം ഉണ്ടായിരുന്നെങ്കില്‍ പ്രസവാനന്തര വിഷാദത്തിന് കൂടുതല്‍ സാധ്യതയുണ്ട്. അത് മാത്രമല്ല, പ്രസവത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ തന്നെ പിതാവിന്റെ ഹോര്‍മോണുകളും മാറുന്നതായി കാനഡയില്‍ നടന്ന സമീപകാല ഗവേഷണങ്ങള്‍ കണ്ടെത്തി.
'അച്ഛന്‍മാരിലെ' ഹോര്‍മോണ്‍ മാറ്റം
പങ്കാളിയുടെ ഗര്‍ഭകാലത്ത് അച്ഛന്‍മാരുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നു. ഗര്‍ഭാവസ്ഥയുടെ അവസാനത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍ വര്‍ദ്ധിക്കുന്നതിന് സമാനമാണിത്. ഇത്തരത്തില്‍ പിഎന്‍ഡിയും ഹോര്‍മോണ്‍ വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. ശാരീരിക കാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഒരു കുഞ്ഞ് ജനിച്ചതിനുശേഷം അച്ഛനും നിരവധി മാറ്റങ്ങള്‍ നേരിടുന്നുണ്ട്. പുതിയ കുഞ്ഞിനോട് പൊരുത്തപ്പെടല്‍, ബന്ധത്തിലെ മാറ്റങ്ങള്‍, ദമ്പതികളുടെ ലൈംഗിക ജീവിതത്തിലെ മാറ്റങ്ങള്‍, പുതിയ ഉത്തരവാദിത്തങ്ങള്‍, പങ്കാളിയുടെ പ്രയാസങ്ങള്‍ക്കൊപ്പം സാമ്പത്തിക സമ്മര്‍ദങ്ങള്‍ നേരിടല്‍. ഇവക്കെല്ലാം പുറമെ പിതാവിനെ സംബന്ധിച്ച് സ്വന്ത വ്യക്തിത്വം പ്രതിഫലിക്കുന്ന സമയവും ആകും ഒരു കുഞ്ഞിന്റെ ജനനം. കുഞ്ഞിനെ പരിപാലിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും പലര്‍ക്കും ആകുലതകളുണ്ടാകും.മറ്റ് ഘടകങ്ങളും പിതാക്കന്മാരെ പോസ്റ്റ്നാറ്റല്‍ ഡിപ്രഷനിലേക്ക് നയിക്കും. പങ്കാളിയുടെ മാനസികാരോഗ്യം, (അമ്മയ്ക്ക് പിഎന്‍ഡി ഉണ്ടെങ്കില്‍ പിതാവിന് പിഎന്‍ഡി ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയിലധികം കൂടുതലാണ്, പിതാവിന് പിഎന്‍ഡി ഉണ്ടെങ്കില്‍, അമ്മയ്ക്കും സാധ്യത കൂടുതലാണ്.) ജോലി സ്ഥിരത ഇല്ലായ്മ , അപ്രതീക്ഷിത ഗര്‍ഭധാരണം, പങ്കാളിയുമായുള്ള ബന്ധത്തിലെ താളപ്പിഴ, ഗര്‍ഭധാരണത്തെയും ജനനത്തെയും കുറിച്ചുള്ള വിവരങ്ങളുടെ അഭാവം, സാമൂഹിക പിന്തുണയില്ലായ്മ , ഉറക്കക്കുറവ്, എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന് കാരണമാകാം.
ആദ്യമായി അച്ഛനാകുന്നവരില്‍ മാത്രമല്ല, മറ്റ് കുട്ടികളുള്ള പല പിതാക്കന്‍മാര്‍ക്കും പിഎന്‍ഡി ഉണ്ടാകും. മറുവശത്ത് സ്ഥിരതയുള്ള ജോലിയും, മുകളില്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവരിലും വിഷാദരോഗം ഉണ്ടാകും. രക്ഷാകര്‍തൃത്വം എത്ര കഠിനമായിരിക്കുമെന്നോ നവജാതശിശുക്കളുടെ പെരുമാറ്റം എന്താണെന്നോ മനസ്സിലാക്കാന്‍ കഴിയാതിരുന്നതാണ് തന്റെ രോഗത്തെ വഷളാക്കിയതെന്ന് വിഷാദരോഗത്തില്‍ നിന്ന് മോചിതനായ ഒരാള്‍ വ്യക്തമാക്കിയത്.
പാശ്ചാത്യ രാജ്യങ്ങളിലെ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത സ്ത്രീകളേക്കാള്‍ നാലിരട്ടി കൂടുതലാണ്. കുഞ്ഞുങ്ങളുടെ ആദ്യകാല വളര്‍ച്ചയില്‍ പിതാക്കന്മാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഒരു പഠനത്തില്‍, ഒരു കുട്ടിയുടെ പിതാവ് അവരുടെ ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ വിഷാദാവസ്ഥയിലാണെങ്കില്‍, കുട്ടിക്ക് നാലോ അഞ്ചോ വയസെത്തുമ്പോള്‍ പെരുമാറ്റങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് വ്യക്തമാക്കുന്നു.
കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, മരുന്നുകള്‍ , എന്നിവയിലൂടെയെല്ലാം വിഷാദത്തെ മറികടക്കാനാകും. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം പൊതുവെയും പുരുഷ പിഎന്‍ഡിയെ കുറിച്ച് പ്രത്യേകിച്ചും മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പോലും വിഷാദം ഹോര്‍മോണുമായി മാത്രം ബന്ധപ്പെട്ടതെന്ന് കരുതുന്നു. ഈ അവസ്ഥ മാറണം.
അമ്മമാര്‍ക്ക് നല്‍കുന്ന അതേ പിന്തുണ അച്ഛന്‍മാര്‍ക്കും നല്‍കുക എന്നതാണ് പരിഹാരമാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അച്ഛന്‍മാരുടെ മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കുക. കുടുംബത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്പോള്‍ വിഷാദരോഗത്തിനുള്ള സാധ്യത കുറയും. മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ മാത്രമേ നമുക്ക് അതിനെ മനസ്സിലാക്കാന്‍ കഴിയൂ. സഹായം ആവശ്യമുള്ള പുരുഷന്മാര്‍ക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം.
പ്രസവ അവധിയെടുക്കുന്ന അച്ഛനെ കളിയാക്കാതെ, അഭിനന്ദിക്കാന്‍ കഴിയുന്ന സംസ്‌കാരത്തിലേക്ക് വളരണം. ഈ അവധി അവര്‍ക്ക് കൂടുതല്‍ ധൈര്യവും പങ്കാളിത്തവും നല്‍കും. ആത്മാഭിമാനത്തോടെ കുരുന്നുകളെ വളര്‍ത്താനും നോക്കാനും ആകുന്നതിലൂടെ വിഷാദത്തെ പടിക്ക് പുറത്ത് നിര്‍ത്താനും അവരെ സഹായിക്കാം.