7200 വർഷം പഴക്കമുള്ള സ്ത്രീയുടെ ഭൗതികാവശിഷ്ടത്തിൽനിന്നും ഡിഎൻഎ, മനുഷ്യരുടെ കുടിയേറ്റത്തെ കുറിച്ച് നിർണായകവിവരം

By Web Team  |  First Published Aug 26, 2021, 12:34 PM IST

1500 മുതൽ 8,000 വർഷങ്ങൾക്കുമുമ്പ് തെക്കൻ സുലവേസിയിൽ ജീവിച്ചിരുന്ന ഒരു കൂട്ടം വേട്ടക്കാരായ ടോളിയൻ സംസ്കാരത്തിൽ പെട്ടവരിലെ ആദ്യത്തെ കണ്ടെത്തിയ അസ്ഥികൂടമാണ് ബെസ്സെയുടേത്. 


7,200 വർഷം മുമ്പ് ഇന്തോനേഷ്യയിൽ മരിച്ച ഒരു സ്ത്രീയുടെ അവശിഷ്ടങ്ങളിൽ നിന്നും ഡിഎൻഎ വേർതിരിച്ച് പഠനം നടത്തിയതായി ഗവേഷകർ. ആദ്യകാല മനുഷ്യരുടെ കുടിയേറ്റത്തെക്കുറിച്ച് മുമ്പ് അറിഞ്ഞ കാര്യങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് ഈ പുതിയ കണ്ടെത്തലെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിലെ ലിയാങ് പാനിംഗെ ഗുഹയിൽ നിന്നാണ് ബെസ്സേ എന്ന വിളിപ്പേരുള്ള കൗമാരക്കാരിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2015 -ലാണ് ഇവിടെ ആദ്യമായി ഖനനം നടത്തിയത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടുപിടിത്തം, ഏഷ്യൻ ഭൂഖണ്ഡത്തിനും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള സമുദ്രത്തിലെ ദ്വീപുകളുടെയും പവിഴദ്വീപുകളുടെയും വിശാലമായ ശൃംഖലയായ വാലേസിയയിൽ കണ്ടെത്തിയ ആദ്യത്തെ പുരാതന മനുഷ്യ ഡിഎൻഎ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

Latest Videos

undefined

ഗവേഷണത്തിന് നേതൃത്വം നൽകിയ ഗ്രിഫിത്ത് സർവകലാശാലയിലെ പ്രൊഫസർ ആദം ബ്രും പറഞ്ഞത്, കേടുകൂടാത്ത ഈ ഡിഎൻഎ അപൂർവമായ ഒരു കണ്ടെത്തലാണ് എന്നാണ്. "ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങൾ പുരാതന മനുഷ്യന്റെ എല്ലുകളിലെയും പല്ലുകളിലെയും ഡിഎൻഎ സംരക്ഷണത്തെ സഹായിക്കുന്ന തരത്തിലുള്ളതല്ല" ബ്രൂം പറഞ്ഞു. 

'ജനിതക ഫോസിൽ' എന്നാണ് ഗവേഷകർ ബെസ്സെയെ വിശേഷിപ്പിക്കുന്നത്. അവൾക്ക് അതുല്യമായ ഒരു പൂർവ്വിക ചരിത്രമുണ്ടെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഇന്ന് ജീവിക്കുന്ന ആരുമായും അത് ബന്ധപ്പെടുന്നില്ല. പുരാതന കാലത്തെ അറിയപ്പെടുന്ന മനുഷ്യരുമായും ഇല്ല. ബ്രൂം പറഞ്ഞു. ബെസ്സെയുടെ ജനിതക ഘടനയുടെ പകുതിയോളം ഇന്നത്തെ തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർക്കും ന്യൂ ഗിനിയയിൽ നിന്നും പടിഞ്ഞാറൻ പസഫിക് ദ്വീപുകളിൽ നിന്നുമുള്ള ആളുകൾക്കും സമാനമാണ്. അവളുടെ പൂർവ്വികർ ഏഷ്യയിലെ പ്രധാന ഭൂപ്രദേശത്ത് നിന്ന് ഈ വാലസൻ ദ്വീപുകളിലൂടെ കുടിയേറിയ ആദിമ മനുഷ്യരുടെ ഭാഗമായിരുന്നിരിക്കാം. ഇന്ന് നമ്മൾ സാഹുൽ എന്ന് വിളിക്കുന്ന ഓസ്ട്രേലിയയുടെയും ന്യൂ ഗിനിയയുടെയും സംയുക്ത ഹിമഭൂമിയായിരുന്നു അത് -ബ്രൂം പറഞ്ഞു. 

ബെസ്സെയുടെ ഡിഎൻഎ കിഴക്കൻ ഏഷ്യയിലേക്കുള്ള ഒരു പുരാതന ബന്ധവും കാണിക്കുന്നുണ്ട്. ഇത് വാലേഷ്യയിലേക്കുള്ള കുടിയേറ്റത്തിന്റെ സമയക്രമത്തെക്കുറിച്ച് മുമ്പ് അറിയപ്പെട്ടിരുന്നതിനെ വെല്ലുവിളിക്കുന്ന വിവരമാണ്. ആദ്യമായി ഏഷ്യന്‍ വംശജരായ ആളുകള്‍ ഇങ്ങോട്ട് പ്രവേശിച്ചത് മൂവായിരമോ നാലായിരമോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്നാണ് കരുതപ്പെട്ടിരുന്നത്. ചരിത്രാതീത നിയോലിത്തിക്ക് കർഷകർ തായ്‌വാനിൽ നിന്ന് ഈ പ്രദേശത്തേക്ക് പ്രവേശിച്ചപ്പോഴാണ് അത്. 

"തായ്‌വാനിൽ നിന്നുള്ള ഈ നവീനശിലായുഗത്തിലെ ആഗമനത്തിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വേട്ടക്കാരിയായ വ്യക്തിയിൽ ഞങ്ങൾ ഈ ഏഷ്യൻ വംശജരെ കണ്ടെത്തുകയാണെങ്കിൽ, അത് സൂചിപ്പിക്കുന്നത് ഏഷ്യയിൽ നിന്നുള്ള ചിലര്‍ ഈ പ്രദേശത്തേക്ക് നാം പ്രതീക്ഷിച്ചതിലും നേരത്തെ സഞ്ചരിച്ചിരുന്നു എന്നാണ്." എന്നും ബ്രൂം പറയുന്നു.

1500 മുതൽ 8,000 വർഷങ്ങൾക്കുമുമ്പ് തെക്കൻ സുലവേസിയിൽ ജീവിച്ചിരുന്ന ഒരു കൂട്ടം വേട്ടക്കാരായ ടോളിയൻ സംസ്കാരത്തിൽ പെട്ടവരിലെ ആദ്യത്തെ കണ്ടെത്തിയ അസ്ഥികൂടമാണ് ബെസ്സെയുടേത്. ശവസംസ്കാരം നടക്കുമ്പോൾ അവൾക്ക് ഏകദേശം 17 മുതൽ 18 വയസ്സ് വരെ പ്രായമുണ്ടായിരുന്നു. അവളുടെ അവശിഷ്ടങ്ങൾക്കൊപ്പം ചരിത്രാതീതകാലത്തെ ശിലാ ഉപകരണങ്ങളും കാവിമണ്ണും കണ്ടെത്തി. അവളുടെ ശവക്കുഴിയിൽ വേട്ടയാടിയ വന്യമൃഗങ്ങളുടെ അസ്ഥികളും ഉണ്ടായിരുന്നു.

click me!