ഡൈനോസര്‍ ഭരണകൂടവും സ്ത്രീകളുടെ ചെറുത്തുനില്‍പ്പും, ഇറാനില്‍ നടക്കുന്നതെന്ത്?

By Web Team  |  First Published Oct 10, 2022, 5:36 PM IST

രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള ശക്തികളുടെ പോരാട്ടമാണ് ഇറാനില്‍ കാണുന്നത്. തീര്‍ത്തും സങ്കുചിതമായ താല്‍പര്യങ്ങള്‍ പേറുന്ന ഡൈനോസര്‍ ഭരണകൂടവും അതിനെ ചോദ്യം ചെയ്യുന്ന പുരോഗമന രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന യുവ തലമുറ, പ്രത്യേകിച്ചും പെണ്ണുങ്ങള്‍.


ഇന്ന് പൗരോഹിത്യ നേതൃത്വം കൊട്ടിഘോഷിക്കുന്ന ഇസ്ലാമിക വിപ്ലവം പോലും യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത രാഷ്ട്രീയ ധാരകളില്‍ നിന്ന് ഊര്‍ജം കൊണ്ട നിരവധി മുന്നേറ്റങ്ങളുടെ ആകെത്തുക ആയിരുന്നു. പീന്നീട് തന്ത്രപരമായ നീക്കങ്ങളിലൂടെ ബാക്കിയെല്ലാവരേയും വെട്ടി നിരത്തി മത പൗരോഹിത്യത്തിന്റെ ഏകശിലാ മുഖം നല്‍കാന്‍ ഖുമൈനിക്കും കൂട്ടര്‍ക്കും സാധിച്ചു.

 

Latest Videos

undefined


'Women, Life, Freedom' എന്നതാണ് ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ മുദ്രയായി മാറിയ മുദ്രാവാക്യം. രാജ്യത്തിന്റെ സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം ശ്രദ്ധേയമാവുന്നത് അതിന്റെ അര്‍ത്ഥ വ്യാപ്തി കൊണ്ട് മാത്രമല്ല. ഇറാനിലെ, മതപരവും വംശീയവുമായി നോക്കിയാല്‍ തീര്‍ത്തും നിസ്സാരരായ, കുര്‍ദ് ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര സമര പോരാട്ടങ്ങളിലെ പ്രധാന മുദ്രാവാക്യമായാണ് 'Women, Life, Freedom' അഥവാ കുര്‍ദ് ഭാഷയിലെ 'Jin, Jiyan, Azadi' എന്ന പദപ്രയോഗം കടന്ന് വരുന്നത്. 

ഇറാനിലെ ജനസംഖ്യയുടെ വെറും 10% മാത്രമാണ് കുര്‍ദുകള്‍. വിശ്വാസപരമായിട്ടാണെങ്കില്‍ കുര്‍ദുകളില്‍ മഹാ ഭൂരിപക്ഷവും സുന്നികളാണ്. ഇറാന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം വരുന്ന ശിയാ വിഭാഗത്തിന്റെ സമഗ്രാധികാരത്തിന്റെയും പ്രതിനിധ്യത്തിന്റെയും ഒരംശം പോലും ഇവര്‍ക്കില്ല. പശ്ചിമേഷ്യയിലും തുര്‍ക്കിയിലുമായി ചിതറിക്കിടക്കുകയും ചരിത്രപരമായി തന്നെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുത്തുകയും ചെയ്ത കുര്‍ദുകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ മുദ്രാവാക്യം ഏറ്റ് പിടിച്ചാണ് ഇറാനിലെ പുതു തലമുറ തെരുവിലിറങ്ങി പോരാടുന്നത്. അത് തുടങ്ങിയതാവട്ടെ ശിയാ വംശീയ പൗരോഹിത്യത്തിന്റെ ഏറ്റവും അശ്ലീല ആയുധമായ നിര്‍ബന്ധിത ഹിജാബിനെതിരില്‍. ശ്രദ്ധേയമായ കാര്യം ഹിജാബ് ധരിക്കുന്നവരും ധരിക്കാത്തവരുമായ പെണ്ണുങ്ങള്‍ ഇതിലുണ്ടെന്നത് മാത്രമല്ല , വിശ്വാസത്തിന്റെ ഏറ്റവും വൈവിധ്യ പൂര്‍ണമായ ധാരകളെ ഈ സമരം പ്രതിനിധീകരിക്കുന്നു എന്നതാണ്.

ഇറാനിലെ പൗരോഹിത്യ-അധികാരി വര്‍ഗം തീര്‍ത്തും നിസ്സാരമായി കണ്ട് അടിസ്ഥാന സ്വാതന്ത്രങ്ങളില്‍ പലതും നിഷേധിച്ച ഒരു വിഭാഗത്തിന്റെ- പെണ്ണുങ്ങളുടെ -പോരാട്ടത്തില്‍ നിന്നാണ് ഹിജാബ് ധരിച്ചതും ധരിക്കാത്തതുമായ ഇറാനിയന്‍ പെണ്ണുങ്ങളും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന ആണുങ്ങളും ആവേശ ഭരിതരാകുന്നത്. ഇതാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയം. സഹജമായും അടിസ്ഥാന പരമായും സങ്കുചിതമായ ഉള്ളടക്കമുള്ള ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെയും അതിന്റെ ശിയാ പൗരോഹിത്യ വകഭേദമായ ഇറാനിയന്‍ ഭരണ കൂടത്തിന്റെയും നേര്‍വിപരീതമാണ് ഈ ഉള്‍ക്കൊള്ളലിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും രാഷ്ട്രീയം. അത് കൊണ്ട് തന്നെ അന്തിമ ഫലം എന്ത് തന്നെയായാലും തുടക്കത്തില്‍ തന്നെ ഈ പ്രക്ഷോഭം വിജയിച്ചു കഴിഞ്ഞു. സങ്കുചിതവും സ്ത്രീ വിരുദ്ധതയുടെ ഏറ്റവും അശ്ലീലരൂപവുമായ ശിയാ പൗരോഹിത്യ വ്യവസ്ഥിതിക്ക് ബദല്‍ രാഷ്ട്രീയം അവതരിപ്പിക്കുന്നതില്‍ അവര്‍ ലക്ഷ്യം കണ്ടു. ഇത് ഇറാനില്‍ മാത്രമല്ല,പശ്ചിമേഷ്യയിലും ലോകത്ത് മറ്റ് പല ഭാഗങ്ങളിലും കാണുന്ന പ്രതിഭാസമാണ്.

 

 

അടിസ്ഥാനപരമായി തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഒരു ഹിംസാത്മക പൗരോഹിത്യ വ്യവസ്ഥിതിയാണ് ഇറാന്‍ ഭരണ കൂടം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വലിയൊരു വിഭാഗം ശിയാ പണ്ഡിതന്‍മാര്‍ക്കും വരെ എതിര്‍പ്പുള്ള ഈ ഭരണ വ്യവസ്ഥിതിക്ക് ഇല്ലാത്ത സാധുത നല്‍കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പെന്ന പേരില്‍ ഇടക്ക് നടക്കുന്ന തട്ടിപ്പുകള്‍. മത പൗരോഹിത്യത്തിന്റെ സ്വാധീനം എല്ലാ മേഖലകളിലും ഭീകരമാണെങ്കിലും ജനങ്ങളുടെ രാഷ്ട്രീയ ബോധത്തേയും പോരാട്ട വീര്യത്തേയും നന്നായി ഭയക്കുന്നുണ്ട് ഭരണകൂടം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ പൗരോഹിത്യ രാഷ്ട്രീയ നേതൃത്വം. ഇറാന്റെ ചരിത്രം എന്നത് തന്നെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രമാണ്. ആ പോരാട്ടങ്ങള്‍ എന്നും സങ്കുചിത പൗരോഹിത്യ അച്ചിനപ്പുറത്തുള്ള വിശാലമായ ജനകീയ മുന്നേറ്റങ്ങളായിരുന്നു.

ഇന്ന് പൗരോഹിത്യ നേതൃത്വം കൊട്ടിഘോഷിക്കുന്ന ഇസ്ലാമിക വിപ്ലവം പോലും യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത രാഷ്ട്രീയ ധാരകളില്‍ നിന്ന് ഊര്‍ജം കൊണ്ട നിരവധി മുന്നേറ്റങ്ങളുടെ ആകെത്തുക ആയിരുന്നു. പീന്നീട് തന്ത്രപരമായ നീക്കങ്ങളിലൂടെ ബാക്കിയെല്ലാവരേയും വെട്ടി നിരത്തി മത പൗരോഹിത്യത്തിന്റെ ഏകശിലാ മുഖം നല്‍കാന്‍ ഖുമൈനിക്കും കൂട്ടര്‍ക്കും സാധിച്ചു. (ഈ വെട്ടി നിരത്തലിലെ ഏറ്റവും ഭീകര എപ്പിസോഡുകളിലൊന്നായിരുന്നു 1988 -ലെ 5 മാസം നീണ്ട വധശിക്ഷാ പരമ്പരകള്‍. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കിയ ഈ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയതില്‍ പ്രമുഖനായിരുന്നു അന്ന് ഡെപ്യൂട്ടി പ്രൊസിക്യൂട്ടര്‍ ആയിരുന്ന ഇപ്പോഴത്തെ നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റഈസി. അന്നത്തെ ആരാച്ചാരെ ആദരിക്കുന്ന തട്ടിപ്പ് മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.)

600 -ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ,ഏഴ് പേരുടേതൊഴികെ ബാക്കി എല്ലാവരുടേയും പ്രതിക 'ഗാഡിയന്‍ കൗണ്‍സില്‍' എന്ന ഉന്നതാധികാര സമിതി തള്ളി. അതായത് 99 ശതമാനം പേരും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അയോഗ്യരാക്കപ്പെട്ട ഒരു തട്ടിപ്പിലൂടെയാണ് ഇബ്രാഹിം റഈസി എന്ന നിയുക്ത പ്രസിഡന്റ് അധികാരത്തിലേറുന്നത്. സ്വാഭാവികമായും തികഞ്ഞ നിസ്സംഗതയായിരുന്നു ഈ പൊറാട്ട് നാടകത്തോടുള്ള  ജനങ്ങളുടെ പ്രതികരണം. പോളിംഗ് ശതമാനം പകുതി പോലുമില്ലായിരുന്നു.

ഇങ്ങനെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അധികാരി വര്‍ഗം നടത്തുന്ന തേര്‍വാഴ്ചകള്‍ക്കെതിരെ പക്ഷേ ഇറാനിയന്‍ ജനത ഐതിഹാസിക പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്. 1997 -ലെ പരിഷ്‌കരണ മുന്നേറ്റം, 1999 -ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, അവസാനം അറബ് വസന്തത്തിന് യഥാര്‍ത്ഥത്തില്‍ വിത്ത് പാകിയ 2009 -ലെ ഗ്രീന്‍ മൂവ്‌മെന്റ്, അങ്ങനെ നിരവധ പ്രക്ഷോഭങ്ങള്‍ക്കാണ് ഇറാന്‍ സാക്ഷ്യം വഹിച്ചത്.  ശിയാ വംശീയതയിലൂന്നിയ പൗരോഹിത്യം മുന്നോട്ട് വെക്കുന്ന സങ്കുചിതവും വംശീയവും ഹിംസാത്മകവുമായ രാഷ്ട്രീയത്തിനെതിരായ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു ഇതെല്ലാം. ഈ പ്രക്ഷോഭങ്ങളാണ്, അല്ലെങ്കില്‍ അത് മാത്രമാണ്, ഖാംനഇയുടെ നേതൃത്വത്തിലുള്ള പൗരോഹിത്യ ഭരണ കൂടം ഭയക്കുന്നത്.  നിരന്തര പ്രക്ഷോഭങ്ങളിലൂടെ സ്വാതന്ത്ര്യത്തിനും അടിസ്ഥാന അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഒരു ജനതയെ എത്ര കാലം ഇത് പോലുള്ള പ്രഹസനങ്ങളിലൂടെ പിടിച്ച് നിര്‍ത്താനാവും എന്നതാണ് പ്രസക്തമായ ചോദ്യം.
 
രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ 60 ശതമാനവും പെണ്‍ കുട്ടികളാണെന്നാണ് കണക്ക്. ഇത്ര മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തെ രണ്ടാം കിടയായി കാണുന്ന ആശയധാരകളൊക്കെ തകരേണ്ട സമയം എന്നോ കഴിഞ്ഞു. ഇറാനികളാണെങ്കില്‍ ചരിത്രത്തിലുടനീളം ലോകത്തിന് മാതൃകയായവരും ഉന്നത ബൗദ്ധിക ശേഷി ആര്‍ജിച്ചവരുമാണ്.  79 -ലെ വിപ്ലവത്തിന്റെ തഴമ്പ് കാണിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ല. മേഖലയില്‍ അനിവാര്യവും ആസന്നവുമായ ജനാധിപത്യത്തെ എങ്ങനെ തടഞ്ഞ് നിര്‍ത്താനാവും എന്നതാണ് ഇബ്രാഹിം റഈസിയുടെ ചിന്ത. 

 

 

സൗദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ -ഇവ മുസ്ലിം ലോകത്തെ മൂന്ന് വ്യത്യസ്ത രീതിയിലുള്ള ഭരണ കൂടങ്ങളാണ്. പക്ഷേ സ്ത്രീകള്‍ക്ക് ഏറ്റവും അടിസ്ഥാനമായ വസ്ത്ര സ്വാതന്ത്ര്യം അടക്കം മൂന്നിടത്തും നിഷേധിക്കപ്പെടുന്നു. തങ്ങള്‍ക്ക് അധികാരമുളള നിരവധി ഇടങ്ങളില്‍ കോടിക്കണക്കിനായ പെണ്ണുങ്ങളെ ഏറ്റവും പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തുകയോ അതിനെതിരില്‍ നിസ്സംഗ മനോഭാവം പിന്തുടരുകയോ ചെയ്യുന്ന ഒരു വിഭാഗം മറ്റുള്ളവരില്‍ നിന്ന് ജനാധിപത്യ, പൗരാവകാശങ്ങള്‍ ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് കൂടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇറാനിലെ പ്രക്ഷോഭകര്‍ ചെയ്യുന്നതും അതാണ്. അത് കൊണ്ട് തന്നെയാണ് ഈയൊരു പ്രക്ഷോഭം അതിന്റെ അതിര്‍ത്തിക്കപ്പുറവും ഏറെ പ്രസക്തമാവുന്നത്.

വാല്‍: ഇറാന്‍, സൗദി, അഫ്ഗാനിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ നിര്‍ബന്ധിത ഹിജാബിനെതിരെ സമരം ചെയ്യുന്നതിന്റെ നേതൃത്വം എപ്പോഴും പെണ്ണുങ്ങള്‍ക്കും മറ്റിടങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശങ്ങള്‍ക്കായി  സമരം ചെയ്യുന്നതിന്റെ നേതൃത്വം കൂടുതലും  ആണുങ്ങള്‍ക്കുമാവുന്നത്  എന്ത് കൊണ്ടാവും?


 

click me!