ആലീസ് തിരയുന്നത് ആരെയാണ്?

By K P Jayakumar  |  First Published Jun 27, 2020, 4:35 PM IST

ആലീസിന്റെ അന്വേഷണം:  മലയാളി പുരുഷ കാപട്യത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെ. പി ജയകുമാര്‍ എഴുതുന്നു 


അടക്കാനാവാത്ത ആത്മ സംഘര്‍ഷവും ഉത്തരമില്ലാത്ത ചോദ്യങ്ങളും എല്ലാക്കാലത്തും എന്തുകൊണ്ടാണ് പുരുഷനെ മാത്രം അലട്ടിക്കൊണ്ടിരിക്കുന്നത്? അസ്തിത്വ ദുഃഖം ഒരു പുരുഷ വികാരമായിരുന്നോ? തോമാസുകുട്ടിയുടെ തിരോധാനവും ആലീസിന്റെ അന്വേഷണവും പുനര്‍വായിക്കുമ്പോള്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

 

Latest Videos

undefined

 

തിരോധാനത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ഓര്‍മ്മ ഒരു കഥപോലെ നമ്മളില്‍ പതിഞ്ഞു കിടക്കുന്നു. സ്വന്തം മുറിയില്‍ ഭാര്യയോടും മകനോടുമൊപ്പം ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ത്ഥനെ പിറ്റേപ്പുലര്‍ച്ചയില്‍ കാണാതാവുന്നു. ഒരു പക്ഷെ, ചരിത്രത്തിലെ ആദ്യത്തെ തിരോധാനം. എന്തിനായിരുന്നു സിദ്ധാര്‍ത്ഥന്റെ പലായനം? ആ തിരോധാനത്തില്‍ കുടുംബത്തിന്റെ ഇടം എന്തായിരുന്നു? വ്യക്തിയില്‍ നിന്നും കുടുബത്തില്‍നിന്നും മോചിപ്പിക്കപ്പെടുന്ന 'സിദ്ധാര്‍ത്ഥ'ന്റെ തിരോധാനത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ ഉത്തരമായിരുന്നു 'ബുദ്ധന്‍.' തന്നോടും മകനോടുമൊപ്പം ഉറങ്ങിക്കിടന്ന സിദ്ധാര്‍ത്ഥന്‍ എന്ന ഭര്‍ത്താവിന്റെ തിരോധാനത്തെ യശോധയുടെ കാഴ്ചപ്പാടിലൂടെ നിശിതമായി പരിശോധിക്കുന്ന നിരവധി രചനകള്‍ പില്‍ക്കാലത്തുണ്ടായി. 'ഭര്‍ത്താവ്' എന്ന ഭരണാധികാരിയുടെ ഇല്ലായ്മയില്‍ 'നാഥനില്ലാതാവുന്ന പെണ്ണ്' എന്ന 'സഹതാപാര്‍ദ്രമായ' അവസ്ഥയെ രോഷത്തിന്റെയും വിമര്‍ശനത്തിന്റെയും സൗന്ദര്യ പക്ഷത്തുനിന്നും വായിക്കുന്നതായിരുന്നു മിക്ക രചനകളും. 

ആലീസിന്റെ ഭര്‍ത്താവും 'കുടുംബ നാഥനും' കോളജ് അധ്യാപകനുമായ തോമാസുകുട്ടിയുടെ തിരോധാനം (ആലീസിന്റെ അന്വേഷണം, ടി വി ചന്ദ്രന്‍, 1986) ഈ ആദിരൂപത്തിന്റെ ആവര്‍ത്തനമായിരുന്നോ? അടക്കാനാവാത്ത ആത്മ സംഘര്‍ഷവും ഉത്തരമില്ലാത്ത ചോദ്യങ്ങളും എല്ലാക്കാലത്തും എന്തുകൊണ്ടാണ് പുരുഷനെ മാത്രം അലട്ടിക്കൊണ്ടിരിക്കുന്നത്? അസ്തിത്വ ദുഃഖം ഒരു പുരുഷ വികാരമായിരുന്നോ? തോമാസുകുട്ടിയുടെ തിരോധാനവും ആലീസിന്റെ അന്വേഷണവും പുനര്‍വായിക്കുമ്പോള്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. കോളജ് അധ്യാപകനായ തോമാസുകുട്ടി പതിവുപോലെ രാവിലെ കോളജില്‍ പോയതാണ്. പിന്നീട് ഇന്നേവരെ മടങ്ങിവന്നിട്ടില്ല. ഉള്ളില്‍ കനംതൂങ്ങുന്ന പഴയ രാഷ്ട്രീയ വിശ്വാസത്തിന്റെ ഭാരം, പുതിയ ജീവിതം നല്‍കുന്ന സുരക്ഷ, കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഇവക്കെല്ലാം നടുവിലാണ് തോമാസുകുട്ടിയുടെ നില്‍പ്പ്. ഇടയില്‍ നില്‍ക്കുകയെന്നാല്‍ ദുരന്തസ്ഥലത്ത് അധിവസിക്കുകയെന്നാണര്‍ത്ഥം. ഈ അധിവാസത്തിന്റെ, ആത്മ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് തോമാസുകുട്ടിയുടെ തിരോധാനം.

 

......................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!

 

ആലീസിന് രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല

ആലീസിന്റെ അന്വേഷണങ്ങളില്‍ ''ഞാന്‍ എല്ലാറ്റില്‍ നിന്നും ഒരുപാട് അകലെയായിക്കഴിഞ്ഞിരിക്കു ഗോവിന്ദാ- എനിക്കിനി-'' (തോമാസുകുട്ടിയും ഗോവിന്ദനും തമ്മിലുള്ള സംഭാഷണം-ആലീസിന്റെ അന്വേഷണം) എന്ന് പാതിയില്‍ നിര്‍ത്തുന്ന തോമാസുകുട്ടിയുടെ വാക്കുകളും, ''എനിക്കയാളുടെ അടുത്ത് ഒരു രഹസ്യവും ഉണ്ടായിരുന്നില്ല. എന്റെ വിവരമില്ലായ്മകൊണ്ടാവാം അതിലും വലിയ ഒരു സന്തോഷവും എനിക്കാവശ്യമില്ലായിരുന്നു'' എന്ന് തോമാസുകുട്ടിയെ തിരഞ്ഞുള്ള യാത്രയുടെ അവസാനം ആലീസ് വിശ്വത്തോടു പറയുന്ന ഈ വാക്കുകളും അവരുടെ ലോകത്തെ അനാവൃതമാക്കുന്നുണ്ട്. ആലീസിന് രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. തോമാസുകുട്ടിക്ക് ആലീസുമായി പങ്കുവയ്ക്കാനാവാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നുതാനും. രാഷ്ട്രീയ ഭൂതകാലവും 'സുരക്ഷിത വര്‍ത്തമാനവും' തമ്മിലുള്ള സംഘര്‍ഷം അയാള്‍ക്കുള്ളില്‍ നടന്നുകൊണ്ടിരുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഗോവിന്ദന്റെ ഓര്‍മ്മയിലെ തോമാസുകുട്ടി. എന്നാല്‍ അത്തരം ആത്മ സംഘര്‍ഷങ്ങള്‍ ആലീസില്‍നിന്നും മറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? കുടുംബം, സ്ത്രീ എന്നതെല്ലാം പുരുഷന്റെ ആശയലോകത്തിന് പുറത്തായിരുന്നു പലപ്പോഴും. അതുകൊണ്ടാണ് തോമാസുകുട്ടിയെ ഗോവിന്ദന് അറിയുന്നിടത്തോളം ആലീസിന് മനസ്സിലാവാതെ പോകുന്നത്.

ഒരു ഭ്രമാത്മകതയെ തുടര്‍ന്നാണ് തോമാസുകുട്ടിയെക്കുറിച്ചുള്ള അന്വേഷണം ആലീസ് അവസാനിപ്പിക്കുന്നത്. ''ഞാനിനി അയാളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് തോന്നുന്നില്ല. അയാളെ അറിഞ്ഞിരുന്നെന്നേ തോന്നുന്നില്ല.'' (സംഭാഷണം-ആലീസിന്റെ അന്വേഷണം) എന്ന് ആലീസ് പറയുന്നുണ്ട്. ഈ സംഭാഷണത്തിലെ ദാര്‍ശനിക ഭാഷ സിനിമയിലെ ആലീസിന്റെ ഭാഷയുമായി ഭിന്നിച്ചു നില്‍ക്കുന്നു. നായകന്റെ തിരോധാനത്തെയും നായികയുടെ അന്വേഷണത്തെയും ചലച്ചിത്രകാരന്‍ ദാര്‍ശനിക തലത്തില്‍ പരിഹരിക്കുകയാണ്. ഒരുതരം കാല്‍പ്പനിക ഉദാത്തവല്‍ക്കരണം.  രണ്ടു ചിത്രങ്ങളിലും സാമൂഹികവും-രാഷ്ട്രീയവും വ്യക്തിപരവുമായ ഒരുപാട് കാരണങ്ങളുടെ ഇരകള്‍ എന്ന ആനുകൂല്യം നായകന്‍മാര്‍ നേടുന്നു. നായികമാരാകട്ടെ വിധിയുടെ 'സ്വാഭാവികമായ' ഇരകളായിത്തീരുന്നു. സമൂഹം സ്ത്രീക്ക് കല്‍പ്പിക്കുന്ന 'മക്കളെ വളര്‍ത്തല്‍' എന്ന ഉത്തരവാദിത്തത്തിലേക്ക് അവര്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.

ആലീസിന്റെ അന്വേഷണത്തില്‍ തോമാസുകുട്ടിയെ അന്വേഷിച്ചുള്ള യാത്രക്കിടയില്‍ ലൈബ്രറിയില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന മാഷ് ആലീസിനോട് പറയുന്നു: ''പ്രിയപ്പെട്ട ആലീസ് നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു......നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് നിങ്ങള്‍ക്കുറപ്പില്ല. മരിച്ചുപോയോ എന്നും ഉറപ്പ് പറയാനാവില്ല. അയാളുടെ മരണം സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ നിങ്ങളൊരു സാധാരണ വിധവ മാത്രമായിത്തീര്‍ന്നേനെ. ഇപ്പോള്‍ അതല്ല സ്ഥിതി. ഏതു നിമിഷവും അയാളുടെ തിരിച്ചുവരവാകാം. അയാളൊരിക്കലും തിരിച്ചുവരാതിരിക്കാം. ഹാ, what a beautiful situation-ആശയലോകത്തില്‍മാത്രം നിഴലിച്ചുകാണാറുള്ള ഈ ambiguity നിങ്ങള്‍ നേരിട്ട് അനുഭവിക്കുന്നു...'' (ആലീസിന്റെ അന്വേഷണം). 
 
മലയാളി മധ്യവര്‍ഗ സംഘര്‍ഷത്തിന്റെ അടിസ്ഥാനരഹിതമായ ഭാവനാ വിലാസത്തെ ഒട്ടൊന്നു പരിഹസിച്ചുകൊണ്ടുതന്നെയാണ് ടി വി ചന്ദ്രന്‍ തോമാസുകുട്ടിയുടെ തിരോധാനത്തെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഈ ഭാവനാ പരിസരത്തെ പൂര്‍ണമായും നിരാകരിക്കുന്നതിന് ചലച്ചിത്രകാരന് കഴിയുന്നുമില്ല.

അതേസമയം ജീവിതയാഥാര്‍ത്ഥ്യങ്ങളെ പ്രായോഗികമായി നേരിടുന്ന ആലീസിന്റെ അവസ്ഥയെ  പ്രകൃതി പ്രതിഭാസംപോലെ സ്വാഭാവികമായ ഒന്ന് എന്ന തരത്തിലാണ് ചലച്ചിത്രം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ അവസാന ദൃശ്യം: 'പള്ളിയുടെ പടവുകളില്‍ അനങ്ങാതിരിക്കുന്ന കുട്ടികള്‍. പള്ളീലച്ചനോട് യാത്രപറയുന്ന ആലീസ്. ''ഞാന്‍ പിള്ളേരേം കൊണ്ട് നാളെ പോകും പാലക്കാട്ടേക്ക്. സ്‌കൂള്‍ ടീച്ചറുടെ പണി, പാര്‍ട്ടി സ്വാധീനം കൊണ്ട് അപ്പന്‍ സംഘടിപ്പിച്ചു തന്നതാ.'' പള്ളിക്കു മുമ്പിലെ പാതയിലൂടെ ആലീസും കുട്ടികളും നടന്നു നീങ്ങുന്നിടത്ത് സിനിമ അവസാനിക്കുന്നു. 

 

......................................................

Read more: തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

 

മധ്യവഗ്ഗ ദാര്‍ശനിക യുക്തി

ഒരു കുഞ്ഞിനെ ഒക്കത്തെടുത്ത് ഒന്നിനെ നടത്തിക്കൊണ്ടാണ് ആലീസ് പോകുന്നത്. ഇതൊരു പരമ്പരാഗത ദൃശ്യമാണ്. സ്ത്രീയുടെ സാമൂഹിക പദവിയെ, അവസ്ഥയെ, ഉത്തരവാദിത്വങ്ങളെ സൂചിപ്പിക്കുന്ന കാഴ്ച. അച്ഛനും മക്കളും ചേരുന്ന ഇത്തരമൊരു കാഴ്ച എന്തുകൊണ്ടാണ് സാധ്യമല്ലാതെ പോകുന്നത്? പള്ളിക്കുമുമ്പിലെ പാതയിലൂടെ നടന്നുപോകുന്ന ആലീസിന്റെയും കുട്ടികളുടെയും ദൃശ്യം, പുരുഷന്റെ തിരോധാനവും അയാള്‍ അവശേഷിപ്പിച്ചുപോകുന്ന യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് പ്രക്ഷേപണം ചെയ്യുന്നത്. ഭര്‍ത്താവിന്റെ അധികാരവും കുട്ടികളുടെ അവകാശങ്ങളും വിരസമായ വീട്ടുപണികളും നിറഞ്ഞ വീടിന്റെ സ്വകാര്യ ലോകം, പുരുഷ ആശയ ലോകത്തുനിന്നും എത്രമാത്രം അകലെയാണ് എന്നിടത്താണ് തോമാസുകുട്ടിയുടെ തിരോധാനം പ്രശ്നവല്‍ക്കരിക്കപ്പെടുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഒരു നിശ്ശബ്ദ വിഭാഗമാണെന്നും കാണുന്നവരുടെ ഭാഷയിലാണ് അവര്‍ ആവിഷ്‌കരിക്കപ്പെടുന്നതെന്നുമുള്ള വ്യവസ്ഥാപിത ധാരണയുടെ തുടര്‍ച്ചയാണ് ആലീസ്. പുരുഷന്റെ ഉദാസീനതയെയും, ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തെയും അമൂര്‍ത്തവല്‍ക്കരിക്കുകയോ ആദര്‍ശവല്‍ക്കരിക്കുകയോ ചെയ്യുന്ന മലയാളീ പുരുഷമേധാവിത്ത സംസ്‌കാരത്തിന്റെ പരമ്പരാഗത കാപട്യങ്ങളില്‍ തന്നെയാണ് തിരോധാനത്തിന്റെ ആഖ്യാനങ്ങള്‍ ഇടം നേടുന്നത്. 

എല്ലാ ഒളിച്ചോട്ടങ്ങളെയും ബുദ്ധമാര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിക്കുന്ന അനായാസവും ഉദാസീനവുമായ മധ്യവഗ്ഗ ദാര്‍ശനിക യുക്തിയെയാണ് ആലീസ് നേരിടുന്നത്. ആലീസിന്റെ അന്വേഷണം ആ നിലയ്ക്ക് പുരുഷ കാപട്യത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്. 

click me!