അവിടെ മാത്രമല്ല, സ്‌പെയിനിന്റെ മിക്ക ഭാഗങ്ങളിലുമുള്ള ഒരു രാത്രികാല ആചാരമാണിത്. എന്നാൽ സാമൂഹിക മാധ്യമങ്ങളുടെയും ടെലിവിഷന്റെയും കടന്നുകയറ്റം കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശീലം നിന്നുപോകുമോ എന്നാളുകൾ ആശങ്കപ്പെടുന്നു.
സാങ്കേതിക വിദ്യയുടെ ഈ ലോകത്ത് ആർക്കും ഒന്നിനും സമയമില്ല. അടുത്ത വീട്ടിൽ ആരാണ് താമസമെന്ന് പോലും പലപ്പോഴും നമ്മൾ അറിയാറില്ല. എന്നാൽ മുൻപ് വീടിന് വെളിയിൽ കാറ്റും കൊണ്ട് അയൽക്കാരോട് സൊറപറഞ്ഞിരുക്കുന്ന വൈകുന്നേരങ്ങൾ നമുക്കുമുണ്ടായിരുന്നു. ഇന്ന് അത്തരം ഒത്തുകൂടലുകൾ ഇന്റർനെറ്റും, ടിവിയും കവർന്നെടുക്കുമ്പോൾ, നഷ്ടമാകുന്നത് തലമുറകളായി നമ്മൾ കൈമാറി വന്ന സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ ഇഴയടുപ്പമാണ്. അതുകൊണ്ട് തന്നെ അപൂർവ്വമായി തീരുന്ന അത്തരം നിഷ്കളങ്കമായ ഒത്തുകൂടലുകളെ, സൗഹൃദത്തെ ലോക പൈതൃക പദവി നൽകി സംരക്ഷിക്കണമെന്ന വാദവുമായി മുന്നോട്ട് വരികയാണ് ഒരു സ്പാനിഷ് ഗ്രാമം.
സ്പെയിനിലെ ആൻഡലൂഷ്യയിലെ കാഡിസ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അൽഗർ. അവിടെ മൊത്തം 1400 പേരാണ് താമസിക്കുന്നത്. വൈകീട്ടാവുമ്പോൾ ആളുകൾ വീടിന് മുറ്റത്ത് കസേരയിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പതിവുണ്ട് അവിടെ. അയൽക്കാരുടെ അത്തരം കൂട്ടങ്ങൾ അവിടെ മിക്ക തെരുവുകളിൽ കാണാം. ചിരിയും, തമാശകളുമായി മണിക്കൂറുകൾ കടന്നു പോകും. ചിലപ്പോൾ രാത്രി ഭക്ഷണ സമയമാകുമ്പോഴായിരിക്കും ആ അയൽക്കൂട്ടം പിരിയുന്നത്. നാളെ കാണാമെന്ന് പറഞ്ഞ് അവർ തത്കാലത്തേക്ക് വീടുകളിലേക്ക് മടങ്ങും.
അവിടെ മാത്രമല്ല, സ്‌പെയിനിന്റെ മിക്ക ഭാഗങ്ങളിലുമുള്ള ഒരു രാത്രികാല ആചാരമാണിത്. എന്നാൽ സാമൂഹിക മാധ്യമങ്ങളുടെയും ടെലിവിഷന്റെയും കടന്നുകയറ്റം കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശീലം നിന്നുപോകുമോ എന്നാളുകൾ ആശങ്കപ്പെടുന്നു. ഇതിനൊരു പരിഹാരമായാണ് മേയർ ഇതിനെ ഒരു സാംസ്കാരിക നിധിയായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നല്കിയിരിക്കുന്നത്. "ഇത് സോഷ്യൽ മീഡിയയ്ക്ക് എതിരാണ്. മനുഷ്യർ മുഖാമുഖം ഇരുന്ന് സംസാരിക്കുന്നതിന്റെ കുറിച്ചാണ് ഞങ്ങൾ പറയുന്നത്" അൽഗർ മേയർ ജോസ് കാർലോസ് സാഞ്ചസ് പറഞ്ഞു. നാടിന്റെ സംസ്കാരം സംരക്ഷിക്കുക മാത്രമല്ല ഇതിന്റെ ലക്ഷ്യം, ഓൺലൈനിലും, ടിവിയുടെ മുൻപിലും ആളുകൾ സമയം ചിലവഴിക്കുന്നത് കുറയ്ക്കുക എന്നൊരു കാര്യം കൂടിയുണ്ട് ഇതിന് പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിന്റെ പടിവാതിൽക്കൽ പതിവായി വേനൽക്കാല സായാഹ്നങ്ങൾ ചെലവഴിക്കുന്ന സാഞ്ചസ് പറയുന്നത് ആ സമയം എയർ കണ്ടീഷനിംഗ് ഓഫാക്കുന്നതിലൂടെ വൈദ്യുതിയും താൻ ലാഭിക്കുന്നുവെന്നാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന സമയത്ത് ഏകാന്തതയിൽ നിന്ന് ഒരു മോചനമാണ് ഈ ഒത്തുകൂടലുകൾ. മനസ്സിന് ഉല്ലാസം നൽകുന്ന ഇത് ഒരു തെറാപ്പി സെഷനാണെന്ന് അവിടത്തുകാർ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദികൂടിയാണിത് അവർക്ക്. ഗ്രാമത്തിലെ ആളുകൾ മേയറുടെ ഈ തീരുമാനത്തോട് പൂർണമായും യോജിക്കുന്നു. "ഇതുവരെ എനിക്ക് ഒരു വിമർശനവും ലഭിച്ചിട്ടില്ല. എല്ലാവരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നത്, " അദ്ദേഹം പറഞ്ഞു.