പോംപൈ ആർക്കിയോളജിക്കൽ പാർക്കും യൂറോപ്യൻ യൂണിവേഴ്സിറ്റി ഓഫ് വലൻസിയയും തമ്മിലുള്ള സംയുക്ത പദ്ധതിയാണ് പോർട്ട സർനോ നെക്രോപോളിസ് പ്രദേശത്തെ ഖനനം.
ഒരു മുൻ അടിമയുടെ മുടിയും എല്ലുകളും ഉൾപ്പെടെ ഭാഗികമായി മമ്മിഫൈ ചെയ്ത അവശിഷ്ടങ്ങൾ പുരാതന റോമൻ നഗരമായ പോംപേയിൽ കണ്ടെത്തി. പ്രയത്നത്തിലൂടെ സാമൂഹികശ്രേണിയുടെ മുൻനിരയിലെത്തിയതാണ് ഇയാളെന്നാണ് ഗവേഷകർ പറയുന്നത്.
മാർക്കസ് വെനീറിയസ് സെക്കണ്ടിയോ എന്നയാളുടെ അവശിഷ്ടങ്ങൾ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ പോർട്ട സർനോയിലെ നെക്രോപോളിസിലെ ഒരു ശവകുടീരത്തിലാണ് കണ്ടെത്തിയത്. AD79 -ൽ വെസൂവിയസ് പർവ്വതം പൊട്ടിത്തെറിച്ച് പോംപൈ നശിപ്പിക്കപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പുള്ളതായിരുന്നു ശവകുടീരം എന്ന് കരുതപ്പെടുന്നു.
undefined
പോംപൈയിൽ കണ്ടെത്തിയതിൽ ഏറ്റവും മികച്ചരീതിയിൽ സംരക്ഷിക്കപ്പെട്ട മനുഷ്യാവശിഷ്ടങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇതില്‍ സെക്കണ്ടിയോയുടെ വെളുത്ത മുടിയും ഭാഗികമായി കാണാവുന്ന ചെവിയും ഉൾപ്പെടുന്നു. പ്രാഥമിക പരിശോധനകളിൽ 60 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.
റോമൻ കാലത്ത് മരണമടഞ്ഞ മുതിർന്നവരെ സാധാരണയായി സംസ്കരിക്കുകയാണ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ഈ കണ്ടെത്തൽ അസാധാരണമാണെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. നോക്കിയ അമാബിലിസ് എന്ന ഒരു സ്ത്രീയുടെ പേരുള്ള ഒരു ഗ്ലാസ് കലവറയും, ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. ഇത് സെക്കണ്ടിയോയുടെ ഭാര്യയുടേതാവാം എന്നാണ് കരുതപ്പെടുന്നത്. പോംപെയ് ഒരിക്കലും വിസ്മയിപ്പിക്കാതിരുന്നിട്ടില്ല എന്ന് ഇറ്റലിയിലെ സാംസ്കാരിക മന്ത്രി ഡാരിയോ ഫ്രാൻസെസ്ചിനി പറഞ്ഞു.
പുരാതന പോംപൈയിലെ വീനസിന്‍റെ ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരനും അടിമയുമായിരുന്നു സെക്കണ്ടിയോ. അടിമത്തത്തിൽ നിന്ന് മോചിതനായ ശേഷം, ആരാധനയുടെ ചുമതലയുള്ള പുരോഹിതരുടെ ഒരു കലാലയമായ അഗസ്റ്റേലിന്റെ നിരയിൽ അദ്ദേഹം ചേർന്നു. അദ്ദേഹത്തെ ഒരു ശവകുടീരത്തിൽ അടക്കം ചെയ്തു എന്ന വസ്തുത ഒരു നല്ല സാമൂഹികവും സാമ്പത്തികവുമായ സ്ഥാനം കൈവരിക്കുന്നതിൽ അദ്ദേഹം വിജയിച്ചതായി തെളിയിക്കുന്നു.
കൂടാതെ, ശവകുടീരത്തിന്റെ മുകളിൽ കണ്ടെത്തിയ മാർബിൾ സ്ലാബിൽ സെക്കണ്ടിയോയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ലിഖിതം ഗ്രീക്കിൽ നടത്തിയ പോംപൈയിലെ തിയേറ്റർ പ്രകടനങ്ങളെ പരാമർശിക്കുന്നു. പോംപൈ പുരാവസ്തു പാർക്കിന്റെ ഡയറക്ടർ ഗബ്രിയേൽ സുക്ട്രിഗൽ പറഞ്ഞു, "ഈ ലിഖിതം ഗ്രീക്ക് ഭാഷയിൽ പോംപെയ്യിലെ സാംസ്കാരിക പ്രകടനങ്ങളുടെ ആദ്യത്തെ വ്യക്തമായ തെളിവാണ്. പുരാതന പോംപെയിലെ സവിശേഷതകളുള്ള സജീവവും തുറന്നതുമായ സാംസ്കാരിക കാലാവസ്ഥയുടെ തെളിവാണ് ഗ്രീക്ക് പ്രകടനങ്ങൾ സംഘടിപ്പിച്ചത്" സുക്ട്രീഗൽ കൂട്ടിച്ചേർത്തു.
പോംപൈ ആർക്കിയോളജിക്കൽ പാർക്കും യൂറോപ്യൻ യൂണിവേഴ്സിറ്റി ഓഫ് വലൻസിയയും തമ്മിലുള്ള സംയുക്ത പദ്ധതിയാണ് പോർട്ട സർനോ നെക്രോപോളിസ് പ്രദേശത്തെ ഖനനം. വെസുവിയസ് പർവത സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആളുകളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് പുതിയ കണ്ടുപിടിത്തങ്ങൾ, പുരാവസ്തു പാർക്കിന്റെ വിശാലമായ പ്രദേശമായ റെജിയോ V -യിൽ അടുത്ത വർഷങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.