അച്ഛനമ്മമാര്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി ഇന്ന് ഫാഷന്‍ രംഗത്തെ തിളങ്ങുന്ന താരം!

By Web Team  |  First Published Apr 30, 2021, 6:22 PM IST

അതേ വൈകല്യത്തെ അനുഗ്രഹമാക്കി അവള്‍ മോഡലിംഗ് രംഗത്ത് കുതിച്ചുയര്‍ന്നു. 16-ാം വയസ്സില്‍, പ്രശസ്തമായ വോഗ് മാസികയുടെ പേജുകളില്‍ അവളുടെ ഫോട്ടോകള്‍ നിറഞ്ഞത് വെറുതെ ആയിരുന്നില്ല. 
 


കുഞ്ഞായിരുന്നപ്പോള്‍ അവളെ ചൈനയിലെ അനാഥാലയത്തിന്റെ പുറത്തുള്ള ഗ്രൗണ്ടില്‍ ഉപേക്ഷിച്ചതാണ് മാതാപിതാക്കള്‍. ആല്‍ബിനിസം എന്ന ജനിതക വൈകല്യമായിരുന്നു അതിനു കാരണം. എന്നാല്‍, അവിടെയവള്‍ തോറ്റില്ല. അതേ വൈകല്യത്തെ അനുഗ്രഹമാക്കി അവള്‍ മോഡലിംഗ് രംഗത്ത് കുതിച്ചുയര്‍ന്നു. 16-ാം വയസ്സില്‍, പ്രശസ്തമായ വോഗ് മാസികയുടെ പേജുകളില്‍ അവളുടെ ഫോട്ടോകള്‍ നിറഞ്ഞത് വെറുതെ ആയിരുന്നില്ല. 

 

Latest Videos

undefined

 

മുറ്റത്തുനിന്നും കിട്ടിയ കുഞ്ഞാവയെ പേരിട്ട് വളര്‍ത്തിയത് അനാഥാലയ ജീവനക്കാരായിരുന്നു. അവരവള്‍ക്ക് 'മൊഞ്ചുള്ള മഞ്ഞ്' എന്ന അര്‍ത്ഥമുള്ള സ്യൂ ലി എന്ന് പേരിട്ടു. മൂന്ന് വയസ്സുള്ളപ്പോള്‍ നെര്‍തലാന്റിലുള്ള ഒരു കുടുംബം അവളെ ദത്തെടുത്തു. അമ്മയ്ക്കും സഹോദരിക്കുമൊപ്പം ലീ അവിടെ വളര്‍ന്നു. 

ഒരു കുടുംബത്തില്‍ ഒരു കുട്ടി മാത്രം എന്നൊരു നിയമം കര്‍ശനമായിരുന്നു അന്ന് ചൈനയില്‍. ആകെയുള്ള കുഞ്ഞ് ആല്‍ബിനിസം ബാധിച്ചതാവാന്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല. അതാവണം തന്നെ ഉപേക്ഷിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ലീ കരുതുന്നത്. ഏതായാലും ഒരു രേഖയുമില്ലാതെ ഉപേക്ഷിക്കപ്പെട്ടതിനാല്‍, ലീയ്ക്ക് തന്റെ ജന്‍മദിനമൊന്നും അറിയില്ല. 

 

11 വയസ്സുള്ളപ്പോഴാണ് ലീ യാദൃശ്ചികമായി മോഡലിംഗിലേക്ക് എത്തിയത്. ഹോങ്കോംഗില്‍നിന്നുള്ള ഒരു ഡിസൈനര്‍ വഴിയായിരുന്നു ആ അവസരമുണ്ടായത്. അവരുടെ മകന്റെ ചുണ്ടിന് വൈകല്യമുണ്ടായിരുന്നു. ആളുകള്‍ തന്റെ കുഞ്ഞിന്റെ മുഖത്ത് തുറിച്ചുനോക്കാതിരിക്കാന്‍  അവരെപ്പോഴും അവന് നിറപ്പകിട്ടുള്ള, ഡിസൈനര്‍ വസ്ത്രങ്ങള്‍ അണിയിക്കുമായിരുന്നു. ഈ ആശയത്തെ കുറച്ചുകൂടി വിപുലപ്പെടുത്തി 'പൂര്‍ണ്ണ അപൂര്‍ണ്ണതകള്‍' എന്ന കാമ്പെയിന്‍ നടത്താനും അതിന്റെ ഭാഗമായി ഹോങ്കോംഗില്‍ ഒരു ഫാഷന്‍ ഷോ നടത്താനും അവര്‍ തീരുമാനിച്ചു. അവരാണ് അമ്മയോട് ലീ ആ ഷോയില്‍ പങ്കെടുക്കുമോ എന്നാരാഞ്ഞത്. ലീ അതില്‍ പങ്കെടുത്തു. അത് വലിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു. 

അതിനു ശേഷം, കുറച്ച് ഫോട്ടോ ഷൂട്ടുകള്‍ക്കുള്ള അവസരം ലഭിച്ചു. ലണ്ടനിലുള്ള ഫോട്ടോഗ്രാഫര്‍ ബ്രോക് എല്‍ബാകിന്റെ സ്റ്റുഡിയോയിലായിരുന്നു അതിലൊന്ന്. അദ്ദേഹം ലീയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്് ചെയ്തു. അതു കണ്ട മോഡലിംഗ് ഏജന്‍സിയായ സെബെദി ടാലന്റ് ലീയെ ബന്ധപ്പെട്ടു. ഫാഷന്‍ മേഖലയില്‍ ഭിന്നശേഷിയുള്ളവരെ അടയാളപ്പെടുത്തീന്ന തങ്ങളുടെ പുതിയ പ്രെജക്ടില്‍ താല്‍പ്പര്യമുണ്ടോ എന്നവര്‍ അന്വേഷിച്ചു. ലീ സമ്മതിച്ചു. അതിനിടെ, ബ്രോക് എല്‍ബാക പകര്‍ത്തിയ ഒരു ചിത്രം പ്രശസ്തമായ വോഗ് മാഗസിന്റെ ഇറ്റാലിയന്‍ പതിപ്പില്‍ വന്നിരുന്നു. അതേറെ ശ്രദ്ധിക്കപ്പെട്ടു. 

 

 

ഭിന്നശേഷി ഉള്ളവര്‍ക്കായുള്ള ഫാഷന്‍ പ്രൊജക്ടുകള്‍ പിന്നെയുമുണ്ടായിരുന്നു. അതിലൊക്ക അവള്‍ സജീവമായി. അങ്ങനെ പുതിയ സാഹചര്യങ്ങള്‍ വന്നത്. പുതിയ മാസികകള്‍ അവളെ തേടിയെത്തിയത്. നിരവധി പ്രമുഖ കമ്പനികളുടെ മോഡലായി ലീ മാറി. അതിന്റെ തുടര്‍ച്ചയാണ് വേഗ് മാഗസിനില്‍ ലീയ്ക്ക് കിട്ടിയ അംഗീകാരം. 

മറ്റുള്ളവരെ പോലെ എളുപ്പമല്ല ലീയ്ക്ക് മോഡലിംഗ്. ആല്‍ബിനിസം രോഗികള്‍ക്ക് സഹജമായ പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ട്. കാഴ്ച ശക്തി കുറവാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശത്തിലേക്ക് നോക്കുക ബുദ്ധിമുട്ടാണ്. ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചത്തിലുള്ള ഷൂട്ടുകള്‍ അതിനാല്‍ ഏറെ ശ്രമകരമാണ്.  വെളിച്ചത്തിലേക്ക് അധികം നോക്കിനില്‍ക്കാനാവില്ല. അതിനാല്‍, അധികം ടേക്കുകളില്ലാതെ ഷോട്ടുകള്‍ ഒകെ ആവാന്‍ അവള്‍ ശ്രമിക്കാറുണ്ട്. പരസ്യ നിര്‍മാതാക്കളും ക്ലയന്റുകളുമെല്ലാം ഇക്കാര്യം ശ്രദ്ധിക്കാറുണ്ടെന്ന് ലീ പറയുന്നു.

 

 

തൊലിക്കും മുടിക്കും കണ്ണുകള്‍ക്കുമെല്ലാം നിറം നല്‍കുന്ന മെലാനിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുന്ന രോഗമാണ് ആല്‍ബിനിസം. ആല്‍ബിനിസം ഉള്ളവര്‍ക്ക് മെലാനിന്‍ കുറവോ തീരെ ഇല്ലാതെയോ ആവാം. അങ്ങനെ വരുമ്പോള്‍ തൊലിക്കും മുടിക്കും കണ്ണുകള്‍ക്കം നിറം മങ്ങും. ലോകമെങ്ങൂം പല രീതിയിലാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. ഇത്തരം ഭിന്നതയുള്ള ആളുകളെ ചില രാജ്യങ്ങളിലൊക്കെ ശാപമായാണ് കാണുന്നത്. ഇത്തരം പരിമിതികളുള്ള കുഞ്ഞുങ്ങളെ വളരെ മോശമായി കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുണ്ട്. കൊന്നുകളയാന്‍ പോലും തയ്യാറാവുന്ന സമൂഹങ്ങളുമുണ്ട്. എന്നാല്‍, മറ്റ് ചിലയിടങ്ങളില്‍ അതല്ല അവസ്ഥ. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇത്തരം കുട്ടികളുടെ അവകാശങ്ങള്‍ക്കായി പൊരുതുകയാണ് ലീയുടെ ആത്യന്തിക ലക്ഷ്യം. കിട്ടാവുന്ന എല്ലാ വേദികളും അതിനായി ഉപയോഗിക്കുകയാണ് അവള്‍. 

click me!