കാട്ടില്‍ നിലാവിറ്റും നട്ടുച്ചകള്‍, എംടി കഥാപാത്രങ്ങളിലൂടെ ഒരുവളുടെ ആന്തരിക സഞ്ചാരങ്ങള്‍!

By Web Desk  |  First Published Dec 27, 2024, 5:24 PM IST

എംടിയുടെ കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ വളര്‍ന്നുവന്നൊരു കൗമാരം. കൂടല്ലൂരിന്റെ വഴികളിലൂടെ ആ കഥാപാത്രങ്ങളെയും പ്രകൃതിയെയും തേടിയുള്ള നടത്തങ്ങള്‍. ആരിഫ അവുതല്‍ എഴുതുന്നു
 


വളരെ നാളുകള്‍ക്ക് ശേഷമാണ് എംടിയുടെ കഥകളില്‍ വായിച്ചിരുന്ന കണ്ണാന്തളിപ്പൂക്കളാണ് അതെന്ന് മനസിലായത്. അപ്പോഴേക്കും ആ പൂക്കളും കാടും കാട്ടിലേക്കുള്ള യാത്രയും ഒരിക്കലും ആവര്‍ത്തിക്കാത്ത വിധം ചെല്ലാനാവാത്തവിധം എന്റെ ജീവിതത്തില്‍നിന്നും നഷ്ടപ്പെട്ടിരുന്നു-ആരിഫ അവുതല്‍ എഴുതുന്നു

 

Latest Videos

undefined

എം ടി വാസുദേവന്‍ നായര്‍. ഫോട്ടോ: റസാഖ് കോട്ടയ്ക്കല്‍ 

 

കുട്ടിക്കാലത്തെ കഥയാണ്. അന്ന്, അവധിദിവസങ്ങള്‍ കൂടുതലും ഉമ്മയുടെ വീട്ടിലായിരുന്നു. നിറയെ പാടങ്ങള്‍, കമുകിന്‍ തോട്ടം, ചെറിയ കാടുകള്‍, കുന്ന്. അങ്ങനെ ഒരിടമാണ് അവിടം. കുട്ടികള്‍ എല്ലാവരും ഒരുമിച്ചാല്‍ കാട്ടിലേക്ക് ഒരു സര്‍ക്കീട്ടുണ്ട്. വെറുതെ കാടുകേറാന്‍, കാട്ടുതെച്ചിപ്പഴവും ഞാരപ്പഴവും ചങ്കുരുട്ടിപ്പവും പറിച്ചുകഴിക്കുകയാണ്  പ്രധാന ഉദ്ദേശ്യം. പോകുന്ന വഴിയിലൊക്കെ പലതരം പൂക്കള്‍. അതിനിടയില്‍ മഞ്ഞ നിറത്തിലുള്ള ചെറിയ കേസരപുടത്തില്‍ വെള്ള ഇതളുകളുടെ അറ്റത്ത് തങ്ങി നില്‍ക്കുന്ന വയലറ്റ് പൂക്കള്‍ അങ്ങിങ്ങായ് വിരിഞ്ഞുനില്‍ക്കുന്നത് കാണാം. കാട്ടിലുണ്ടായിരുന്ന തെച്ചി, അശോക, ഇലഞ്ഞി പൂക്കളുടെ ഇടയില്‍ ഈ പൂക്കള്‍ എടുത്തുനിന്നിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് എംടിയുടെ കഥകളില്‍ വായിച്ചിരുന്ന കണ്ണാന്തളിപ്പൂക്കളാണ് അതെന്ന് മനസിലായത്. അപ്പോഴേക്കും ആ പൂക്കളും കാടും കാട്ടിലേക്കുള്ള യാത്രയും ഒരിക്കലും ആവര്‍ത്തിക്കാത്ത വിധം ചെല്ലാനാവാത്തവിധം എന്റെ ജീവിതത്തില്‍നിന്നും നഷ്ടപ്പെട്ടിരുന്നു.

ഉപ്പയുടെ ഒരു സഹോദരിയെ വിവാഹം ചെയ്തയച്ചത് കൂടല്ലൂരിനടുത്തുള്ള 'വരട്ടിപ്പള്ളിയാല്‍'എന്ന സ്ഥലത്തേക്കായിരുന്നു. അവിടെ അടുത്തായിരുന്നു എംടിയുടെ തറവാട്. താഴികുന്നിറങ്ങിയാല്‍ തറവാട് വീട് കാണാം ദൂരെ നിന്ന് ഞാനത് നോക്കിക്കണ്ടിട്ടുണ്ട്. കഥകളിലൂടെ ഉള്ളില്‍ കുടിയേറിയ കൂടലൂരിന്റെ ആത്മാവ് ആ നടത്തങ്ങളിലൂടെ ഞാന്‍ ആഴത്തില്‍ കണ്ടെടുക്കാന്‍ ശ്രമിക്കുമായിരുന്നു. എംടിയുടെ കഥ വായിച്ചുവായിച്ച് സ്വപ്‌നങ്ങളിലേക്ക് അവ ആവാഹിച്ച ആ പെണ്‍കുട്ടിയുടെ മനസ്സോടെയാണ് ഞാന്‍ പാവിട്ടചോലയും പാടങ്ങളും ആല്‍മരങ്ങളുമെല്ലാം കണ്ടത്. നാലുകെട്ട് വായിച്ചതിനു ശേഷമാണ് കൂടുതല്‍ ഇന്ദ്രിയങ്ങള്‍ തുറന്ന് ആ പ്രദേശത്തെ നോക്കിക്കണ്ടത്. 

ആനക്കര വടക്കേത്ത് തറവാടിന്റെ ഇഷ്ടദാനമായ ആനക്കര ഡയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഞാന്‍ ഡി. എഡ് പഠനം പൂര്‍ത്തിയാക്കിയത്. കോളേജ് വടക്കേത്ത് തറവാട്ടിന്റെ സംഭാവനയായതിനാല്‍ ആ തറവാട് സന്ദര്‍ശിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അമ്മു സ്വാമിനാഥന്‍ ക്യാപ്റ്റന്‍  ലക്ഷ്മി, മൃണാളിനി സാരാഭായ്  തുടങ്ങിയ പ്രഗല്‍ഭരായ  വ്യക്തികളുടെ  തറവാട് എന്നതിനേക്കാള്‍ 'നീലത്താമര' എന്ന എംടി യുടെ  സിനിമയുടെ ലൊക്കേഷന്‍ എന്ന നിലയിലാണ് ഞാനാ ഇടം ഇഷ്ടപ്പെട്ടത്. ആ കല്‍പ്പടവുകളില്‍ ഇരിക്കുമ്പോള്‍, എംടിയുടെ അദൃശ്യ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു.

  

എം ടി വാസുദേവന്‍ നായര്‍. ഫോട്ടോ: അജിലാല്‍

 

രണ്ട്

വലിയ കാന്‍വാസിലാണ് എംടി തന്റെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്ന് തോന്നാറുണ്ട്. സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുമ്പോഴും സ്ത്രീ സ്വതത്തെ ചാരുതയോടെ അറിയുകയും നിലനിര്‍ത്തുകയും ചെയ്തിരുന്ന പെണ്ണുങ്ങളെയാണ് ഞാന്‍ എംടി കൃതികളില്‍ കണ്ടതത്രയും.  എന്നെ അടിമുടി സ്വാധീനിച്ചിട്ടുണ്ട് അവര്‍. 

'മഞ്ഞ്' വായിക്കുമ്പോള്‍, നൈനിത്താലിലെ ഏകാന്തവിജനതയില്‍ വിമല ടീച്ചറിനൊപ്പം ഞാനും നടന്നിട്ടുണ്ട്. ഉപാധികളൊട്ടും കരുതിവെക്കാത്ത തണുപ്പന്‍ ജീവിതങ്ങള്‍. വൈകുന്നേരങ്ങള്‍ കടമെടുത്തു പോയ ദിനരാത്രങ്ങള്‍. പ്രതീക്ഷയുടെ മഞ്ഞുപെയ്യിക്കാന്‍ ഒരാള്‍ നമുക്കും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാത്തവരുണ്ടോ! ഇന്നും എന്തിനെയോ നോക്കി വരും വരാതിരിക്കില്ല എന്ന് ആശ്വാസം കൊള്ളാത്തവരുണ്ടോ? ജാനകിക്കുട്ടി മനോലോകസഞ്ചാരങ്ങളിലൂടെ ചെന്നെത്തിയ കുഞ്ഞാത്തോലിനെ പോലൊരാള്‍, നമ്മുടെ അരക്ഷിതാവസ്ഥകളില്‍ അദൃശ്യമായി കൂടെയുണ്ടായിരുന്നു എങ്കിലെന്ന് തോന്നിപ്പോകാറില്ലേ? 'എന്തു വേണം സഖീ, ഇനി നിനക്കെന്തുവേണം എന്നു ചോദിക്കുവാന്‍' അതുപോലൊരാള്‍!

വൈശാലിയുടെ പ്രണയം. സ്വന്തം ഉടല്‍ തപസ്സിന്റെ പ്രലോഭനമിളക്കാനുള്ള അസ്ത്രമാണെന്നറിയാതെ, പെയ്തിറങ്ങിയ മഴയില്‍ അലഞ്ഞുതിരിയേണ്ടിവന്ന സ്ത്രീ നിസ്സഹായത. ഇതിലും മനോഹരമായി മറ്റെങ്ങനെയാണ് എഴുത്തുളിയില്‍ അടയാളപ്പെടുത്തുക? കുട്ടിമാളുവും വിഭിന്നമല്ല, നൈമിഷിക പ്രണയത്തിന്റെ നടയില്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് നീലത്താമര വിരിയുന്നതും കാത്തിരുന്നവള്‍! 

ആരണ്യകത്തിലെ അമ്മിണിയും സ്വന്തം വീട്ടിലേക്ക് കയറിവന്ന അനിയത്തിയാണെന്ന് അന്നറിയാത്ത ആ സിംഹള പെണ്‍കുട്ടിയുമെല്ലാം എംടി വരച്ചിട്ട പെണ്‍ജീവിതങ്ങളുടെ വൈവിധ്യം അടയാളപ്പെടുത്തുന്നു. നിളയുടെ നീരൊഴുക്കില്‍ മുങ്ങിയെടുക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് എംടി പറഞ്ഞുവച്ചത് പോലെ കഥകളുടെ അഗാധമായ കുത്തൊഴുക്കില്‍ ഇനിയും കണ്ടെത്താത്ത എന്തൊക്കെ വൈകാരിക പ്രക്ഷുബ്ധതകളാണ് കനംതൂങ്ങി നില്‍ക്കുന്നത്. എന്തൊക്കെ ജീവിതങ്ങളാണ് അപാരമായ ചിന്തകളിലേക്ക് വാതില്‍ തുറന്നിട്ടിരിക്കുന്നത്! 

മഞ്ഞിലെ വിമലയെ പോലെ, ഒരു മഞ്ഞുകാലത്തിലാണ് അദ്ദേഹം നമ്മില്‍ നിന്നും അടര്‍ന്നു പോയത്! 

അല്ലെങ്കില്‍, അതെങ്ങനെ ശരിയാവാനാണ്! അദ്ദേഹമെങ്ങനെ മരിക്കാനാണ്?
 

click me!