ഇറാന്‍ തെരുവില്‍ ഹിജബുകള്‍ക്ക് തീയിടുന്ന പെണ്ണുങ്ങള്‍

By Web Team  |  First Published Sep 23, 2022, 5:10 PM IST

ഹിജബ് ധരിച്ചില്ലെന്ന് പറഞ്ഞ് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മരണമടഞ്ഞ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി ഇറാന്‍ തെരുവുകളില്‍ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, ആ പ്രക്ഷോഭങ്ങളുടെ വേരുകള്‍ തിരയുകയാണ് ഇവിടെ ബക്കര്‍ അബു.


രണ്ടര പതിറ്റാണ്ടിലേറെയായി കടലാണ് ബക്കര്‍ അബുവിന്റെ ലോകം. നാവികനെന്ന നിലയില്‍ ലോകം ചുറ്റലാണ് ആ ജീവിതം. ഇതിനകം 76 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നെത്തുന്ന നാടുകളില്‍ കറങ്ങാനാണ് അബുവിന്റെ താല്‍പ്പര്യം. ആ രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും അറിയാനും അതിനെ കുറിച്ച് എഴുതാനുമിഷ്ടം. നല്ല വായനക്കാരനാണ്. നല്ല എഴുത്തുകാരനും. അതിനാല്‍, ഫേസ്ബുക്കിലെ ഏറെ വായിക്കപ്പെടുന്ന യാത്രാ എഴുത്തുകാരന്‍ കൂടിയാണ് അബു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ജനിച്ചതും വളര്‍ന്നതും. 1986-ല്‍ അഡയാറില്‍ മറൈന്‍ റേഡിയോ ഓഫീസര്‍ കോഴ്സ് പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിനു ശേഷം യമനിലേക്ക് ആദ്യ വിദേശ യാത്ര. 

ഹിജബ് ധരിച്ചില്ലെന്ന് പറഞ്ഞ് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ മരണമടഞ്ഞ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി ഇറാന്‍ തെരുവുകളില്‍ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, ആ പ്രക്ഷോഭങ്ങളുടെ വേരുകള്‍ തിരയുകയാണ് ഇവിടെ ബക്കര്‍ അബു. ഇറാന്‍ തീരത്തും പശ്ചിമേഷ്യയിലെ മറ്റു തുമുഖനഗരങ്ങളിലും നാവികനായി ചെന്നിറങ്ങാറുള്ള ബക്കര്‍ അബു ആ യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരെയും സംഭവങ്ങളെയും കൂടി ഓര്‍ക്കുകയാണ് ഈ കുറിപ്പില്‍. 

Latest Videos

undefined

 

 

ഇറാനില്‍ നിന്നും കത്തോ? കേള്‍ക്കട്ടെ, കേള്‍ക്കട്ടെ, ആരാണീ ഇറാനിലെ മലയാളി ശ്രോതാവ്?

റാസല്‍ഖൈമ റേഡിയോയില്‍ ബുധനാഴ്ച തോറും ശ്രോതാക്കളുടെ കത്ത് വായിക്കുന്നൊരു പരിപാടിയുണ്ടായിരുന്നു. ദുബായില്‍ നിന്നും ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്ത് ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തെത്തിയ  കപ്പലില്‍ നിന്നായിരുന്നു ഞാന്‍ ആ കത്ത് ദുബായില്‍ എത്തിച്ചത്. 

കപ്പലിന്റെ ഇറാനി ഓണര്‍മാരില്‍ ഒരാള്‍ വശം കൊടുത്തയച്ച കത്ത് റാസല്‍ഖൈമ റേഡിയോവിലെത്തി. തൊണ്ണൂറുകളില്‍ കേരളത്തിലെ പ്രവാസികള്‍ സ്വന്തം കാലിന്നടിയിലെ മണ്ണ് ചോര്‍ന്നുപോകുന്നത് തിരിച്ചറിയാതെ, വലിയ മാളികവീട് വെച്ച് കടക്കാരാവുന്നതും പണിതീരാതെ വീട് മുടങ്ങി കിടക്കുന്നതുമായിരുന്നു എന്റെ കത്തിലെ വിഷയം. ബാങ്ക് ലോണ്‍ എടുത്തവരില്‍ പലരും തിരിച്ചടവ് തുടരാനാവാതെ കെണിഞ്ഞുപോയതും അവിടെ ചര്‍ച്ചയായി. 

രണ്ടായിരാമാണ്ട് ആയപ്പോള്‍ കത്ത് എഴുതിയ ആള് തന്നെ ബാങ്ക് ലോണ്‍ എടുത്ത് വീട് വെച്ച് വഴിയാധാരമായതും കടല്‍ കാറ്റിനോട് പറഞ്ഞ കഥകളില്‍ ഒന്നായിത്തീര്‍ന്നു. അതങ്ങിനെയാണ്, കുഴികളില്‍ ചാടരുതെന്ന് മറ്റുള്ളവരോട് പറഞ്ഞ് സ്വയം കുഴികുത്തി അതില്‍ വീഴുന്ന മനുഷ്യരായിത്തീരുന്നതിലാണ് നമ്മുടെ ഭാവിയെ നാം നിറച്ചു കൊണ്ട് വരുന്നത്. ജീവിതം ഇരമ്പുന്ന ഇരുട്ടില്‍ സഞ്ചരിക്കുമ്പോള്‍ നാം പടച്ചുവെയ്ക്കുന്ന കുഴികളും നമ്മുടെ കണ്ണില്‍ തടയാറേയില്ല. 

ലെവന്ത് എന്ന പോളിഷ് ഓഷ്യന്‍ ലൈനിന്റെ കപ്പല്‍ ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് വന്നിട്ട് അപ്പോഴേക്കും മൂന്നാഴ്ച കഴിഞ്ഞിരുന്നു. സുഡാനിലേക്ക് പെട്രോളിന്റെ ബൈ പ്രൊഡക്റ്റായ ബിറ്റുമെന്‍ (ടാര്‍) കയറ്റാനാണ് ആ വരവ്. ഇസ്ലാമിക റിപ്പബ്ലിക്കില്‍ പേപ്പര്‍ വര്‍ക്കുകള്‍ പൊതുവേ സാവധാനമേ നീങ്ങാറുള്ളൂ.  ഒന്നോ രണ്ടോ ദിവസം കാര്‍ഗോ വന്നാല്‍ പിന്നെ മൂന്നോ നാലോ ദിവസം കാര്‍ഗോ ഉണ്ടാവില്ല. 

അങ്ങിനെയുള്ള നേരത്ത് റാസല്‍ഖൈമ റേഡിയോവിലെ മലയാളം എഫ് എം പരിപാടി കേള്‍ക്കുന്നതൊരു ശീലമാക്കി. അവര്‍ക്ക് പോലുമറിയില്ല ആ പ്രക്ഷേപണം നല്ല പ്രോപഗേഷന്‍ ഉണ്ടാവുമ്പോള്‍  ഹോര്‍മുസ് കടലിടുക്കും താണ്ടി ഇറാനില്‍ ചെന്നെത്തുമെന്ന്, അതായിരുന്നു കത്ത് വായിക്കുന്നയാളില്‍ അത്ഭുതമുളവാക്കിയതും. 

ബന്തര്‍ അബ്ബാസിലെ മക്കാനി, അവിടെയൊരു പെണ്ണ് 

ബന്തര്‍ അബ്ബാസില്‍ ഒരു സീമാന്‍ ക്ലബ്ബുണ്ട്. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് നടന്നു പോകും. അവിടേക്കുള്ള നടത്തത്തില്‍  ബര്‍മുഡ ധരിച്ച ബോംബെക്കാരന്‍ സീമാനെ  ഇസ്ലാമിക ഗാര്‍ഡ് വഴിയില്‍  നിര്‍ത്തി ചോദ്യങ്ങളായി. 

ഏത് രാജ്യക്കാരാണെന്ന ചോദ്യത്തിന് ഇന്ത്യയില്‍ നിന്നാണെന്ന ഞങ്ങളുടെ മറുപടി.  ഹിന്ദുസ്ഥാനി അല്ലേ? എന്ന് മറു ചോദ്യം. ഇന്ത്യക്കാര്‍ക്ക് നല്ല ബഹുമാനം തരുന്നവരാണവര്‍.  മുട്ടുമറയത്തക്ക വിധം വസ്ത്രം ധരിച്ച് തിരിച്ചു വരാന്‍ പറഞ്ഞു ഗാര്‍ഡ് ആ സീമാനെ തിരിച്ചയച്ചു. 

ഇന്ത്യയെ അവര്‍ക്കറിയാം. ഇസ്ലാമിക ഭരണാധികാരികളുടെ ആക്രമണം കാരണം അനേകായിരം പാര്‍സികള്‍ ഹോര്‍മുസ് വഴി ഇന്ത്യയില്‍ വന്നെത്തിയതും ഇവിടെ ജീവിച്ചുപോന്നതും അവരുടെ ചരിത്രത്തില്‍ ഇന്നും പഠിപ്പിക്കുന്നുണ്ട്. 

ഞങ്ങള്‍ സീമാന്‍ ക്ലബ്ബിലേക്ക് നീങ്ങി. അവിടെ മക്കാനിയില്‍ ഒരു പെണ്ണുണ്ട് അവളെ കാണാനാണ്. മഗ്‌രിബ് ബാങ്കിന്റെ പിന്‍കേള്‍വിയില്‍ കാലുകള്‍ മുന്നോട്ടു കിതച്ചു നീങ്ങി. കവിളില്‍ ചെമപ്പ് തിരികത്തിച്ചു വെച്ചവളെ റാന്തല്‍ വെളിച്ചത്തില്‍ കാണുന്ന ആ  ചേലില്‍ ഖല്‍ബൊന്ന് പിടഞ്ഞുപോവും, അവളുടെ രണ്ട് കണ്ണുകളിലെ ഒരൊറ്റ നോട്ടം മതി ഒരു പുരുഷായുസ്സിന്റെ അറ്റം മുറിഞ്ഞുപോവാന്‍. കണ്ണഞ്ചിപ്പിക്കുന്ന റുഹുല്‍ സീനത്തിന്റെ പറുദീസയാണ് ഇറാന്‍. 

കാര്‍ഗോ കയറ്റാന്‍ വരുന്നവരില്‍ ഒരു വിഭാഗം അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയം തേടി വന്നവരായിരുന്നു. മറ്റൊരു വിഭാഗം സൗദിയുടെ അതിര്‍ത്തിയിലുള്ള അറബ് വംശജരോട് കൂടുതല്‍ അടുപ്പമുള്ള ഇറാനികളും, അവരുടെ വാച്ചില്‍ സൗദിസമയം സെറ്റ് ചെയ്തവരുമുണ്ട്. ഇവരോടൊപ്പം തനി ഇറാനികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും കാര്‍ഗോ ജോലിയിലുണ്ട്.  


കടല്‍ കൊണ്ടെത്തിക്കുന്ന സങ്കടങ്ങള്‍

സൗദി അതിര്‍ത്തിയില്‍ നിന്നും വന്നവര്‍ സുന്നി ചിന്താഗതിയുള്ളവരായത് കൊണ്ട് തനി ഷിയാ ഇറാനികളുമായി തല്ലുണ്ടാവും. ഏത് പതിരായ്ക്കാണ് കൈയ്യും കാലും മുറിച്ച് കപ്പലിലെ ഹോസ്പിറ്റലിലേക്ക് ഇവര്‍ കയറി വരിക എന്ന് പറയാനാവില്ല. അഫ്ഗാനികള്‍ക്കാവട്ടെ എന്ത് കൊടുത്താലും എത്ര തിന്നാലും വിശപ്പ് തീരുകയുമില്ല. കാലങ്ങളായുള്ള യുദ്ധങ്ങളില്‍  അമ്മയും അടുക്കളയും മണ്ണടിഞ്ഞുപോയ ഒരു  ഭൂവില്‍ നിന്നാണവരുടെ വരവ്. അമേരിക്കയും റഷ്യയും പാകിസ്ഥാനും സൗദിയും പടക്കോപ്പുകള്‍ തീറ്റിച്ച മണ്ണില്‍ മൈനുകള്‍ മാത്രമേ കിളിര്‍ക്കുന്നുള്ളൂ. 

അഭയാര്‍ഥികളുടെ വിശപ്പ് ഇരുള്‍വീണു നിറഞ്ഞ തുരങ്കം പോലെയാണ്. പാതയുടെ മറുവശം, അവരുടെ ഒഴിഞ്ഞ വയറിന് എത്ര നടന്നാലും ചെന്നെത്താന്‍ കഴിയാത്തത്ര വിദൂരത. സ്വന്തം രാജ്യത്തില്‍ നിന്ന് നിഷ്‌കാസിതരാവുമ്പോഴേ നമ്മുടെ ശരീരത്തിന്റെ ബലവും ബലഹീനതയും നമ്മള്‍ തിരിച്ചറിയുകയുള്ളൂ. ഇറാനിലെ അഫ്ഗാനികള്‍ അതനുഭവിക്കുന്നുണ്ട്. അവരുടെ കണ്ണിലെ ദൈന്യതയില്‍ നിന്നാണ്, തിരിച്ചുപോവാന്‍ ഒരു വീടും ദേശവുമുള്ളവന്റെ വില ഞാന്‍ മനസ്സിലാക്കുന്നത്. 

സമുദ്രം ചെന്നെത്തിക്കുന്നിടങ്ങളില്‍ എല്ലാ അഹങ്കാരങ്ങളും കത്തിത്തീര്‍ക്കുന്ന എന്തെങ്കിലുമായി എന്നെ കാത്തിരിപ്പുണ്ടാവും. യമനിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്ന് ജീവനും കൊണ്ടോടി ജിബൂട്ടിയില്‍ എത്തിയ അഭയാര്‍ഥികളും അതെന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്നും ബാല്യം കൗമാരത്തിലെത്താതെ വിശപ്പിലും പോഷകാഹാരക്കുറവിലും ജീവന്‍ പതറി നിറുത്തി മരിച്ചു പോവുന്ന കുഞ്ഞുങ്ങളുടെ എണ്ണം അവിടെ ലക്ഷങ്ങളത്രേ. ഇന്നും വര്‍ഷിക്കപ്പെടുന്ന ഓരോ ബോംബിന്റെയും  കാക്കത്തണലിലിരുന്നാണ് ആയുസ്സ് നീട്ടിത്തരുവാന്‍  യമനിലെ കുഞ്ഞുങ്ങള്‍ ഉടയോനോട് ദുആ ചെയ്യുന്നത്. 

 


ബന്തര്‍ അബ്ബാസ് എന്ന പാഠപുസ്തകം

ഇറാനിലെ ഷാ വംശ രാജാവായ അബ്ബാസ് ദ ഗ്രേറ്റിന്റെ പേരാണ്  ഈ തുറമുഖത്തിന് നല്‍കിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ബഹറിനും ഹോര്‍മുസും ഭരിച്ചിരുന്ന പോര്‍ച്ചുഗീസുകാരെ ഇറാനിയന്‍ സേന പരാജയപ്പെടുത്തി ഈ പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചു. ഹോര്‍മുസ് വീണ്ടെടുത്തത് സഫാവിദ് രാജാവായ അബ്ബാസ് ആയിരുന്നു. തുറമുഖവും നഗരവും ആ വിജയ സ്മരണയ്ക്കായി  അദ്ദേഹത്തിന്റെ നാമത്തില്‍  ഇന്നും അറിയപ്പെട്ടുപോരുന്നു.  

'ബന്തര്‍ അബ്ബാസ്' മുഹമ്മദ് ഹസ്സന്‍ ഖാന്‍ ഭരിക്കുന്ന കാലത്ത് ഇന്ത്യയിലെ ഒരു വലിയ വ്യാപാരി നിര്‍മ്മിച്ച ഹിന്ദുക്ഷേത്രം ഇന്നുമവിടെ നിലവിലുണ്ട്, കാഴ്ചക്കാര്‍ക്ക് പോര്‍ച്ചുഗല്‍ ഭരണത്തിന്റെ ശിഷ്ടഭാഗവും ചരിത്രസഞ്ചാരത്തിന്റെ ഭാഗമായി കാണാം.

ബന്തര്‍ അബ്ബാസ് തുറമുഖത്തെ ഓരോ രാത്രിയും ഹഷീഷികളുടെ പാട്ടും പ്രണയകലഹ കഥകളും തമ്മില്‍ തല്ലും ചോരയൊലിപ്പുമായി കടന്നുപോയിരുന്നു. ഹഷീഷിനോടവര്‍ക്ക് അഗാധമായ പ്രണയമുണ്ട്. ഷിയാ ഇസ്ലാമിലെ നിസാരിമുസ്ലിം വിഭാഗമായിരുന്നു ആദ്യകാല ഹഷീഷികളെന്ന് ക്യാപ്റ്റന്‍ ദരിയാഗഡ് അഭിമാനത്തോടെ പറയുമായിരുന്നു. മയക്കു മരുന്നിനു കാശില്ലാതാവുമ്പോള്‍ കൈയ്യിലെ വാച്ച് അഴിച്ചുമാറ്റി അത് കപ്പല്‍ ജോലിക്കാര്‍ക്ക് വിറ്റ് കാശുകണ്ടെത്തും. മയക്കുമരുന്നിന്റെ ഉപയോഗവും ഹുക്കവലിയും വലിയൊരു തെറ്റായി അവര്‍ക്ക് തോന്നിയിരുന്നില്ല. തുറമുഖ നഗരത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു ഹുക്ക വലിക്കുന്നത് കാണാമായിരുന്നു. മെക്കയിലേക്കുള്ള പാത എന്ന മുഹമ്മദ് അസദിന്റെ പുസ്തകത്തില്‍ ബദുക്കളുടെ ഹഷീഷ് പ്രണയം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് : ''ഹഷീഷ് എല്ലാ പേടികളേയും നശിപ്പിക്കുന്നു. ശിശിരകാലത്തിന്റെ മധ്യത്തില്‍ ഹിമപ്രവാഹത്തിലിറങ്ങി നീന്താന്‍ നിങ്ങളൊരു ഹഷീഷിയോട് പറഞ്ഞുനോക്കൂ, അയാളതില്‍ ചുമ്മാ ഇറങ്ങി നീന്തും. പിന്നെ അതുകഴിഞ്ഞ് പൊട്ടിച്ചിരിക്കും. ദുരയില്ലാത്തവന് മാത്രമേ ഭീതികൂടാതെ ജീവിക്കാനാവൂ എന്നയാള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും തന്റെ ചുറ്റും സംഭവിക്കുന്നതിന്റെ ഓഹരിയാണെന്ന് അയാള്‍ക്ക് നന്നായറിയാം.''  

കപ്പലില്‍ ഇറാനി കപ്പിത്താനും ചീഫ് എഞ്ചിനീയറും ഹഷീഷ് ഉപയോഗിക്കുമായിരുന്നു. മയക്ക് മരുന്നിന്റെ വിപണനത്തിന് മരണശിക്ഷയുള്ള രാജ്യത്തും ഏകദേശം മൂന്ന് ശതമാനം ജനങ്ങള്‍ അതിനടിമപ്പെട്ടു കഴിയുന്നത് അവര്‍ക്കൊരു വാര്‍ത്തയേയല്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള മയക്കുമരുന്ന് പാത ഇറാനിലൂടെയാണ് കടന്നുപോകുന്നത്. ആ വഴിയിലാണ് ഇറാനിലെ ഹഷീഷികള്‍ പ്രണയം കണ്ടെത്തുന്നതും  താലിബാനികള്‍ വെടിക്കോപ്പുകള്‍ക്ക് പണം കണ്ടെത്തുന്നതും. ഏതായാലും രണ്ടും വിതയ്ക്കുന്നത് മരണമത്രേ. 

 

മുറിച്ചുതീരാത്ത ചരിത്രത്തിന്റെ മറുപിള്ളകള്‍

'നിനക്കെന്തുകൊണ്ട് അലി എന്ന പേര് നല്‍കിയില്ല?'

ഇറാനി ക്യാപ്റ്റന്‍േറതാണ് ചോദ്യം. 

ഖലീഫ അബൂബക്കറിന്റെ പേര് കേള്‍ക്കുന്നത് തന്നെ അവരെ വിമ്മിഷ്ഠരാക്കും. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനെ ഒരു കുന്നിന്‍ മുകളിലിരുന്ന് 'യാ അലീ' യെന്നു വിളിച്ചോതി താഴേക്കെറിഞ്ഞാല്‍ അലിക്കുള്ളതാണെങ്കില്‍ അത് ജീവനോടെയിരിക്കും. അതാണ് ഷിയാമനസ്സ്, അങ്ങിനെ പറയുന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ട്.

അറേബ്യന്‍ ഗോത്രത്തിന് കീഴടങ്ങാത്ത പേര്‍ഷ്യന്‍ രക്തത്തിന്റെ ചൂരും ചൂടിലും നിന്നുമാണ് അവര്‍ എന്നോട് സംസാരിക്കുന്നത്. അറേബ്യന്‍ മരുഭൂവാസികളുടെ ഗോത്രജീവിതവും  പുരാതന സംസ്‌കാരത്തിന്റെ മഹച്ചരിതം പറയുന്ന പേര്‍ഷ്യക്കാരും തമ്മിലുള്ള വ്യത്യാസം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്, തങ്ങളെ തങ്ങള്‍ അല്ലാതാക്കിയ അധിനിവേശക്കാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ഒരു പാര്‍സിക്ക് ഒരിക്കലുമാവില്ല എന്നവര്‍ തീര്‍ത്തു പറയുന്നു. ഇറാനികള്‍ അറേബ്യന്‍ അധിനിവേശത്തിന്റെ ഇരകളാണ്, അവരോടുള്ള പക തീര്‍ക്കലിനു അലിയുടെ പേര് അവര്‍ ഉപയോഗിക്കുന്നുവെന്ന് മാത്രം. മതത്തിനും മതരാഷ്ട്രീയത്തിനുമപ്പുറം ഒരു പുരാതനസംസ്‌കാരത്തെ ഇല്ലാതാക്കിയവരോടുള്ള കുടിപ്പക സംസാരങ്ങളില്‍ അവര്‍ പുറത്തു കൊണ്ടുവരുമായിരുന്നു. 

അത് കേട്ടപ്പോള്‍ ബാപ്പ എനിക്കിട്ട പേരിനെ ഇസ്ലാമിന്റെ ചരിത്ര ത്രാസില്‍ ഞാന്‍ തൂക്കിനോക്കി. കണ്ണ് മൂടപ്പെട്ടിരിക്കുന്നു. ഖലീഫാ അലിയുടെ മകന്‍ ഹുസൈനിന്റെ ദാരുണ മരണത്തിന്റെ സ്മരണാഘോഷത്തില്‍ കര്‍ബലയില്‍ ഇരുപത്തൊന്നു മില്ല്യന്‍ ജനം കൂടിച്ചേരുന്ന കാഴ്ചയ്ക്കപ്പുറം ഒന്നും കാണാന്‍ കഴിയുന്നില്ല. ലോകം ഒരു ഒരു വ്യസന പ്രാര്‍ത്ഥനയ്ക്ക് മുന്‍പില്‍ നിശ്ചലമായിപ്പോവുന്നതവിടെയാണ്. ഇറാനികളുടെ മനസ്സില്‍ നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും പതഞ്ഞുയരുന്ന ഒരു ദേശവികാരമായി ഖലീഫ അലിയും മകന്‍ ഹുസൈനുമുണ്ടാവും.

ഞങ്ങള്‍ അറബികളെപ്പോലെയല്ല, ഞങ്ങളുടെ ബാങ്ക് വിളിയും നമസ്‌കാരവും അവരില്‍ നിന്നും വ്യത്യസ്തമാണ്. തുറമുഖത്തെ അസിസ്റ്റന്റ് ഹാര്‍ബര്‍ മാസ്റ്റര്‍ ഷിയായിസത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ അറബികള്‍ അംഗീകരിക്കുന്ന നാല് മദ്ഹബുകളും അവരുടെ ഹദീസുകളും ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല.

ഞങ്ങള്‍ നമസ്‌കാരത്തില്‍ കൈ നെഞ്ചോട് ചേര്‍ത്ത് കെട്ടാറില്ല. അതേ, ഞാന്‍  മദ്രാസിലെ മൗണ്ട് റോഡിലുള്ള തൗസന്റ് ലൈറ്റ്‌സ് ഷിയാ മസ്ജിദില്‍ അത് കണ്ടിട്ടുണ്ട്. ഷിയാമുസ്ലിങ്ങള്‍ അഞ്ചുനേരം മറ്റുള്ളവരെപ്പോലെ നമസ്‌കരിക്കാറില്ല. പ്രാര്‍ഥനകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ദിനം മൂന്നു നേരമേ നമസ്‌കരിക്കുന്നുള്ളൂ. നമസ്‌കരിക്കുമ്പോള്‍ ഇതര മുസ്ലിങ്ങളെപ്പോലെ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് കെട്ടാതെ ഇരുവശങ്ങളിലും അവര്‍ താഴ്ത്തിയിടും.

നോമ്പുകാലത്ത് രാത്രിയില്‍ അനുഷ്ഠിച്ചുപോരുന്ന പ്രത്യേക നമസ്‌കാരമായ തറാവീഹ് നമസ്‌കാരം ഖലീഫ ഉമറിന്റെ പരിഷ്‌കരണമാണെന്ന് പറഞ്ഞ് അവര്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. നമസ്‌കരിക്കുമ്പോള്‍ സുജൂദില്‍ കര്‍ബലയില്‍ നിന്ന് കൊണ്ടുവന്ന കല്ലിലോ അല്ലെങ്കില്‍ എഴുത്തുപലകയിലോ നെറ്റി ചേര്‍ത്തുവെക്കുന്നത് മറ്റു മുസ്ലിം നമസ്‌കാരത്തില്‍ നിന്നും ഇവരെ വേര്‍തിരിക്കുന്നുമുണ്ട്. സൊരാഷ്ട്രിയന്‍ മതത്തില്‍ അഗ്‌നിക്കുണ്ടായിരുന്ന ബഹുമാനവും ആരാധനയും ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്ന ലക്ഷക്കണക്കിന് ഷിയാക്കള്‍ ഇറാനിലുണ്ട്.

രൂക്ഷമായ സാമ്പത്തിക തകര്‍ച്ച ഇറാനികളുടെ കൂടപ്പിറപ്പാണ്. കഴിഞ്ഞ 43 വര്‍ഷങ്ങളില്‍ പലതവണകളായി അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധം ജനജീവിതത്തിനെയും അവരുടെ തൊഴിലിനേയും സാരമായി ബാധിച്ചിട്ടുണ്ട്. വിവാഹപ്രായ കഴിഞ്ഞ യുവതീയുവാക്കള്‍ ജോലിയും നാളെയെന്ന പ്രതീക്ഷയുമില്ലാതെ നാടുനീളെ പുരോഹിതരെ വെറുത്ത് ജീവിക്കുന്നുണ്ട്. ഇറാന്‍ എന്ന രാജ്യ ലേബലിലും ഷിയാ എന്ന മതവിഭാഗ ലേബലിലും പുറം നാടുകളില്‍ പലയിടത്തും തിരസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് വിധിയാണെന്ന് മാത്രം വിശ്വസിക്കുന്നവരല്ല അവര്‍. 

 

 

ഇറാന്‍ തെരുവില്‍ കത്തുന്ന ഹിജാബുകള്‍

മെഹ്‌സാ അമീനി ഹിജാബ് ധരിച്ചത് ശരിയായവിധത്തിലല്ല എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് അവരുടെ ദാരുണമരണത്തില്‍ അത് കലാശിച്ചതും ആ രാജ്യത്തിനെ പിടിച്ചു കുലുക്കിയിരിക്കുന്നു. ഇറാനിലെ തെരുവീഥികളില്‍ ഹിജാബ് കത്തിച്ചുകൊണ്ട്  മതത്തിന്റെ പുരുഷമനസ്സിന് തീയിടുന്ന സ്ത്രീകള്‍ക്ക് കൂട്ടായി അവരുടെ സഹോദരരെയും ഭര്‍ത്താക്കന്മാരെയും കാലം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇറാനിന്റെ ഇന്നലെയും ഇന്നും തിരിച്ചറിയുമ്പോള്‍ പുരോഹിതരുടെ അടിമത്തം പേറുന്നവരുടെ ജീവിതവും അവര്‍ വെളിവാക്കുന്ന നിസ്സഹായതയും നമുക്ക് മനസ്സിലാവും. വാളുപോലെ തുളച്ചു കയറുന്ന നാവുള്ള പെണ്‍കുട്ടികള്‍ അവര്‍ക്ക് പറയാനുള്ളത് തലങ്ങും വിലങ്ങും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ് ആ രാജ്യം.

ആറാം നൂറ്റാണ്ടിലെ ഇസ്ലാമിക അധിനിവേശം മുതല്‍ നൂറ്റാണ്ടുകളായുള്ള മതഭ്രാന്തിന്റെ ഇരകളായിത്തീര്‍ന്നവര്‍ക്ക് മതം ചവിട്ടിത്തേച്ച് പതം വരുത്തിയ വൃദ്ധപാതകളിലൂടെയുള്ള നടപ്പ് ഇന്ന് മതിയായിട്ടുണ്ടാവും.

ഞങ്ങള്‍ ദൈവനിഷേധികളല്ല, രണ്ട് മുടിനാരിഴ പുറത്ത് കാണുമ്പോള്‍ കാരുണ്യത്തിന്റെ ഉറവ വറ്റിപ്പോവുന്ന ദൈവമല്ല ഞങ്ങളിലെ മനസ്സില്‍ കുടികൊള്ളുന്നത്. ഇറാനിന്റെ ഹൃദയവീഥിയില്‍ നിന്ന് വിശ്വാസികളായ പെണ്‍കുട്ടികള്‍ അവരെ എതിരിടുന്ന തോക്ക ്ധാരികളോടും പുരോഹിതരോടും വിളിച്ചു പറയുന്നത് ലോകം ശ്രവിച്ചുകൊണ്ടിരിക്കുകയാണ്.

 

 

യാത്ര തുടരുകയാണ്...

ബന്തര്‍ ഇമാം ഖുമൈനി തുറമുഖം, ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ അരലക്ഷത്തില്‍പ്പരം മനുഷ്യര്‍ കത്തിയെരിഞ്ഞ ശാത് അല്‍ അറബ് ജലപാത, ബന്തര്‍ അബ്ബാസ്, ഹോര്‍മുസ് തുടങ്ങി കടല്‍ എറിഞ്ഞു തന്ന ചരിത്രദേശങ്ങളിലൂടെ യാത്ര തുടരുകയാണ്. തുറമുഖങ്ങളിലെ കല്‍ത്തൂണുകളില്‍ കയറിട്ടു കെട്ടുകയല്ലായിരുന്നു, കപ്പല്‍. ചെന്നെത്തുന്ന രാജ്യങ്ങളിലെ മനുഷ്യരുടെ കണ്ണുകളിലെ സങ്കടങ്ങളിലാണത് നങ്കൂരമിടുന്നത്. 

 

ഒരു നാവികന്റെ യാത്രാക്കുറിപ്പുകള്‍: ബക്കര്‍ അബു എഴുതിയ കുറിപ്പുകള്‍ വായിക്കാം  

ഈ കടലിന് മരണത്തിന്റെ മണമാണ്! 

ഉത്തരധ്രുവത്തില്‍ ഇങ്ങനെയാണ് ജീവിതം! 

മെഡിറ്റനേറിയന്‍ കണ്ണുകളുള്ള ടുണീഷ്യന്‍ പെണ്‍കുട്ടി

ലോകത്തിലെ ഏറ്റവും വലിയ മത്സ്യം കണ്‍മുന്നില്‍

ഉപ്പിലിട്ട് ഉണക്കി മുളങ്കമ്പില്‍ പ്രദര്‍ശിപ്പിച്ച വെറുമൊരു ശിരസ്സ് മാത്രമല്ല കുഞ്ഞാലി!

 

 

click me!