അമെൻഹോട്ടെപ്പ് I മരിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റർ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങൾക്കുള്ളിൽ, 30 തകിടുകളും സ്വർണ്ണ മുത്തുകളുള്ള അതുല്യമായ സ്വർണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് മമ്മിഫൈ(Mummify) ചെയ്‍ത് അടക്കിയതാണ് ഈജിപ്ഷ്യൻ ഫറവോൻ അമെൻഹോടെപ് I (Egyptian Pharaoh Amenhotep I ) -ന്റെ ശരീരം. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങളെല്ലാം അഴിച്ചുകളഞ്ഞ് എങ്ങനെയാണ് ശരീരം അടക്കിയിരിക്കുന്നത് എന്നറിയാൻ ഗവേഷകർക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ, ഇത്രയധികം കരുതലോടെ സൂക്ഷിച്ചിരിക്കുന്ന മമ്മിയെ അഴിച്ച് പരിശോധിക്കാനും സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിക്കാതെ തന്നെ ശരീരം എങ്ങനെയാണടക്കിയത്, എന്തെല്ലാം കൂടെയടക്കിയിരുന്നു എന്നെല്ലാം കണ്ടെത്തിയിരിക്കുകയാണ്.
ഹൈടെക് സ്കാനറുകൾ ഉപയോഗിച്ചാണ് മമ്മിഫൈ ചെയ്‍ത ശരീരം സ്കാന്‍ ചെയ്തിരിക്കുന്നത്. വർണ്ണാഭമായ കല്ലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതും ജീവനുറ്റതുപോലെ തോന്നുന്നതുമായ മുഖംമൂടി ഇതിനുണ്ടായിരുന്നു അതിനാൽ തന്നെ അവയെല്ലാം മാറ്റിക്കൊണ്ട് മുഖം വെളിപ്പെടുത്താന്‍ നേരത്തെ ഗവേഷകര്‍ വിസമ്മതിച്ചതായി പറയുന്നു.
undefined
ഇപ്പോൾ, പുതിയ കമ്പ്യൂട്ടർ ടോപ്പോഗ്രാഫി (സിടി) സ്കാനിംഗ് സാങ്കേതികവിദ്യയ്ക്കാണ് നന്ദി പറയേണ്ടത്. ശരീരം സ്കാൻ ചെയ്യുകയും പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തിരിക്കുകയാണ്. പൂമാലകൾ ഉൾപ്പെടുന്ന പാളികൾക്ക് താഴെ, ഈജിപ്തോളജിസ്റ്റുകൾ അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങൾ പലതും കണ്ടെത്തി.
ഡീകോഡ് ചെയ്‌ത ഹൈറോഗ്ലിഫിക്‌സിന്റെ സഹായത്തോടെ, ബിസി 11 -ാം നൂറ്റാണ്ടിൽ ഒരിക്കൽ മമ്മി അഴിച്ചുമാറ്റിയതായി ഈജിപ്തോളജിസ്റ്റുകൾ പറയുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ സംസ്‌കാരത്തിന് നാല് നൂറ്റാണ്ടുകൾക്കുശേഷം. ശ്മശാന മോഷ്ടാക്കൾ വരുത്തിയ കേടുപാടുകൾ പരിഹരിക്കാൻ പുനർനിർമ്മാണം നടത്തിയത് പുരോഹിതന്മാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്നിരുന്നാലും, കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്ഷ്യൻ മമ്മി പ്രോജക്‌ടിന്റെ റേഡിയോളജിസ്റ്റും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ സഹർ സലീം പറയുന്നത് ഫ്രണ്ടിയേഴ്‌സ് ഇൻ മെഡിസിനിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിലെ കണ്ടെത്തലുകള്‍ പല സിദ്ധാന്തങ്ങളെയും പൊളിച്ചടുക്കുന്നവയാണ് എന്നാണ്.
അവർ പറഞ്ഞു: "ആധുനിക കാലത്ത് അമെൻഹോടെപ്പ് I-ന്റെ മമ്മിയെ ഒരിക്കലും തുറന്നിട്ടില്ലെന്ന വസ്തുത ഞങ്ങൾക്ക് ഒരു അതുല്യമായ അവസരം നൽകി. യഥാർത്ഥത്തിൽ അതിനെ എങ്ങനെ മമ്മിയാക്കി അടക്കം ചെയ്തുവെന്ന് പഠിക്കാൻ മാത്രമല്ല, നൂറ്റാണ്ടുകൾക്ക് ശേഷം പുരോഹിതന്മാർ എങ്ങനെ അതിന്റെ പരിക്കുമാറ്റുകയും പുനർനിർമിക്കുകയും ചെയ്തുവെന്നെല്ലാം പരിശോധിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി അതിന്റെ വിവിധ ലെയറുകളായ മുഖംമൂടി, ബാൻഡേജുകൾ, മമ്മി എന്നിവയെ തന്നെ അഴിക്കുന്നത് വഴി, നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ ഫറവോനെ നമുക്ക് വിശദമായി പഠിക്കാനാവും."
“അമെൻഹോട്ടെപ്പ് I മരിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റർ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങൾക്കുള്ളിൽ, 30 തകിടുകളും സ്വർണ്ണ മുത്തുകളുള്ള അതുല്യമായ സ്വർണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു" അവർ കൂട്ടിച്ചേർത്തു.