ഭാവിയിലേക്ക് പാറിപ്പറക്കുന്ന പാട്ടുകള്‍; ബ്രഹ്മാനന്ദനില്ലാത്ത 20 വര്‍ഷങ്ങള്‍!

By Web Team  |  First Published Aug 12, 2024, 6:29 PM IST

ബ്രഹ്മാനന്ദനില്ലാത്ത ഇരുപത് വര്‍ഷമാണ് കഴിഞ്ഞുപോയത്. പക്ഷേ, ഗായകനേ ഇല്ലാതായിട്ടുള്ളൂ. ആകാശവാണി തൊട്ട് എഫ് എം ചാനലുകളും യൂട്യൂബ് മ്യൂസിക് വരെ ബ്രഹ്മാനന്ദന്റെ മധുരസ്വരം ഇന്നുമെപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്.


20 വര്‍ഷമായി ഈ പ്രതിഭ വിടപറഞ്ഞിട്ട്. 'സംഗീതമില്ലായിരുന്നെങ്കില്‍ ലോകമൊരു തെറ്റായി പോയേനെ' എന്ന്  ഫ്രഡറിക് നീഷേ പറഞ്ഞു വയ്ക്കുന്നത് പോലെ, ബ്രഹ്മാനന്ദ ഗാനങ്ങളില്ലാതിരുന്നെങ്കില്‍ ഈ ഭൂമിമലയാളം എത്ര പാഴായും വിരസമായും മാറിയേനെ എന്നോര്‍മ്മിപ്പിക്കുന്നു, രണ്ട് പതിറ്റാണ്ടുകളിലെ ഈ അഭാവം. 

Latest Videos

undefined

'ആനന്ദം അനന്ദാനന്ദം, ജഗദാനന്ദം സംഗീതം.' ഈ വരികളെ അല്‍പ്പമൊന്ന് മാറ്റിയെഴുതിയാല്‍, മലയാള സിനിമാ പിന്നണി സംഗീത ചരിത്രവും ഭാവുകത്വവും ആഴത്തിലറിയുന്ന ഒരു സംഗീതാസ്വാദകന്/സംഗീതാസ്വാദകയ്ക്ക് ഇങ്ങനെയെഴുതാം- ആനന്ദം ബ്രഹ്മാനന്ദം, സംഗീതം! മലയാള ചലച്ചിത്ര സംഗീത മേഖലയുടെ ചരിത്രത്തില്‍ അത്രയാഴത്തില്‍ വീണുകിടക്കുന്ന ഈണങ്ങളുടെ ഒരാത്മകഥയെ ഇങ്ങനെ വിളിക്കാം, കെ പി ബ്രഹ്മാനന്ദന്‍! മലയാളിയുടെ പ്രിയ ഗായകന്‍. 

20 വര്‍ഷമായി ഈ പ്രതിഭ വിടപറഞ്ഞിട്ട്. 'സംഗീതമില്ലായിരുന്നെങ്കില്‍ ലോകമൊരു തെറ്റായി പോയേനെ' എന്ന്  ഫ്രഡറിക് നീഷേ പറഞ്ഞു വയ്ക്കുന്നത് പോലെ, ബ്രഹ്മാനന്ദ ഗാനങ്ങളില്ലാതിരുന്നെങ്കില്‍ ഈ ഭൂമിമലയാളം എത്ര പാഴായും വിരസമായും മാറിയേനെ എന്നോര്‍മ്മിപ്പിക്കുന്നു, രണ്ട് പതിറ്റാണ്ടുകളിലെ ഈ അഭാവം. 

രാഗവിസ്താരങ്ങളോ ശ്രുതി ശുദ്ധതയോ കണ്ടെത്താന്‍ സാധിക്കാത്ത ശ്രോതാക്കളോട് പോലും ബ്രഹ്മാനന്ദന്റെ സ്വരവും ഈണങ്ങളും ത്രകണ്ട് സംവദിച്ചിട്ടുണ്ട്. ആകാശ വാണിയില്‍ ലളിത ഗാനം ആലപിച്ചു കൊണ്ട് തുടങ്ങിയ ആ സംഗീതസപര്യ നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിന് വേണ്ടി 'മാനത്തെ കായലില്‍' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗാന രംഗത്തേക്ക് ബ്രഹ്മാനന്ദന്‍ കടന്നുവരുന്നത്. ഭാവതലത്തില്‍ പ്രണയത്തിന്റെ പൂര്‍ണ്ണതയത്രയും സന്നിവേശിപ്പിച്ച ആ പുതിയ ശബ്ദത്തെ നിറഞ്ഞ ഹൃദയം കൊണ്ടാണ് മലയാളി ഏറ്റെടുത്തത്. 'തങ്കം നിനക്കുള്ള പിച്ചകമാലയുമായ്, സംക്രമ പൂനിലാവിറങ്ങി വന്നൂ' എന്ന ഒരൊറ്റ വരിയില്‍ തന്നെ ആ പുതിയ സ്വരം മലയാളിയുടെ മനസ്സില്‍ പ്രണയത്തിന്റെ പുതുനിലാവായി.

'തെക്കന്‍ കാറ്റ്' എന്ന ചിത്രത്തിലെ 'പ്രിയമുള്ളവളെ നിനക്കുവേണ്ടി' എന്ന ഗാനം, ആ വരികളില്‍ പറയുന്നത് പോലെ 'പാതിരാ കാറ്റും പാലൊളി ചന്ദ്രനും' വരെ കേട്ടിരുന്നിരിക്കാവുന്ന ഒന്നാണ്. 'നിര്‍മാല്യം' എന്ന ചിത്രത്തിലെ 'ശ്രീമഹാദേവന്‍ തന്റെ' എന്ന പുള്ളുവന്‍ പാട്ട് ബ്രഹ്മാനന്ദന്റെ സംഗീത ജീവിതത്തിലെ വേറിട്ട ഏടായിരുന്നു. 'നാവേറൊഴിയേണം, നാള്‍ദോഷം തീരേണം, നാഗശാപങ്ങളും ഒക്കെയൊഴിയേണം' എന്ന വരികള്‍ കുട്ടിക്കാലത്തിന്റെ അടരുകളിലാണ് ചെന്നുതൊടുന്നത്. 

പി ഭാസ്‌കരന്‍ മാഷിന്റെ ഏറെ അര്‍ത്ഥപൂര്‍ണമായ വരികള്‍ക്ക് സ്വരചാതുരി പകര്‍ന്നതും ഇദ്ദേഹമാണ്. 'ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര' എന്ന ഗാനത്തില്‍ ആ അഗാധസ്വരം പങ്കുവയ്ക്കുന്ന ആഴമുള്ള വേദനയുണ്ട്. 

'താരകരൂപിണി നീയെന്നുമെന്നുടെ' എന്ന ഗാനം വരച്ചിട്ടു പോവുന്ന ചില ദൃശ്യങ്ങളുണ്ട്. വരികളും ഈണവും മാത്രമല്ല, സ്വരവും ആലാപനവും ചേര്‍ന്നാണ് ആ വാങ്മയചിത്രം മനസ്സില്‍ ഒരുക്കുന്നത്.  'ഈ ഹര്‍ഷ വര്‍ഷ നിശീധിനിയില്‍ നമ്മള്‍ ഈണവും താളവും ആയിരിക്കും' എന്നും 'കാവ്യവൃത്തങ്ങളില്‍ ഓമനേ നീ നവ മാകന്ദമഞ്ജരിയായിരിക്കും' എന്നുമുള്ള വരികളില്‍ എത്ര പ്രതീക്ഷകളാണ് ആ മധുരസ്വരം നിറച്ചു വയ്ക്കുന്നത്. 'കൂവരം കിളികൂട്' എന്ന വ്യത്യസ്തമായ ഗാനവും 'ലോകം മുഴുവന്‍ സുഖം പകരാനായ്' എന്ന ഗാനവും പകരുന്നത് മലയാളിക്ക് കേട്ടുപരിചയമില്ലാത്ത മറ്റൊരു ലോകം തന്നെയായിരുന്നു. 

ബ്രഹ്മാനന്ദനില്ലാത്ത ഇരുപത് വര്‍ഷമാണ് കഴിഞ്ഞുപോയത്. പക്ഷേ, ഗായകനേ ഇല്ലാതായിട്ടുള്ളൂ. ആകാശവാണി തൊട്ട് എഫ് എം ചാനലുകളും യൂട്യൂബ് മ്യൂസിക് വരെ ബ്രഹ്മാനന്ദന്റെ മധുരസ്വരം ഇന്നുമെപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. കുറഞ്ഞ പാട്ടുകള്‍ മാത്രമേ പാടാന്‍ അവസരം കിട്ടിയിട്ടുള്ളൂ, ഈ ഗായകന്. പക്ഷേ, പാടിയ ഓരോ പാട്ടും ഓരോ അനുഭവമാണ്. നവഭാവകുത്വം തുളുമ്പുന്ന സംഗീതാനുഭവം. 

എത്ര കാലം കഴിഞ്ഞാലും അത് ബാക്കിയുണ്ടാവും. കാരണം, കാലത്തേക്കാള്‍ മുന്നില്‍ നടന്നൊരു ഗായകന്റെ സംഗീതഭാവുകത്വം ഭാവിയിലേക്കുള്ള ഈടുവെയ്പ്പാണ്.
 

click me!