റോമൻ കടൽ ദേവനായ നെപ്ട്യൂൺ, അദ്ദേഹത്തിന്റെ 40 മിസ്ട്രെസ്സുമാർ, ആമസോൺസിലെ രാജ്ഞി ഹിപ്പോളിറ്റയെ വധിക്കുന്ന ഹെർക്കുലീസ് എന്നിവയെല്ലാം ഈ മൊസൈക്കിൽ ചിത്രീകരിച്ചിരിക്കുന്നു.
1600 വർഷം പഴക്കമുള്ള റോമൻ യുഗത്തിലെ ഒരു മൊസൈക്ക് മധ്യ സിറിയയിൽ കണ്ടെത്തി. 20 x 6 മീറ്റർ വരുന്ന മൊസൈക്ക് ഹോംസിന് സമീപത്തുള്ള റാസ്താനിലെ ഒരു കെട്ടിടത്തിനടിയിൽ നിന്നുമാണ് കണ്ടെത്തിയത്. 2018 വരെയുള്ള യുദ്ധത്തിൽ വിമതർ കൈവശം വച്ചിരുന്ന പ്രദേശമായിരുന്നു ഇത്.
ട്രോജൻ, ആമസോൺസ് യുദ്ധങ്ങളടക്കം കാണിക്കുന്ന മൊസൈക്ക് അപൂർവമായ ഒരു കണ്ടെത്തൽ തന്നെയാണ് എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ഒരു ദശകത്തിലധികം നീണ്ടു നിന്ന യുദ്ധത്തിൽ സിറിയയിലെ പുരാവസ്തുക്കൾ ഒട്ടുമുക്കാലും തകർന്നിരുന്നു.
undefined
എന്നാൽ, ഈ കണ്ടെത്തൽ 2011 -ൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണ് എന്ന് പറയുന്നു. ആഗോളതലത്തിൽ തന്നെ അപൂർവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കണ്ടെത്തലാണ് ഇത് എന്ന് സിറിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മ്യൂസിയംസ് ആൻഡ് ആൻറിക്വിറ്റീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഹമ്മൻ സാദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
റോമൻ കടൽ ദേവനായ നെപ്ട്യൂൺ, അദ്ദേഹത്തിന്റെ 40 മിസ്ട്രെസ്സുമാർ, ആമസോൺസിലെ രാജ്ഞി ഹിപ്പോളിറ്റയെ വധിക്കുന്ന ഹെർക്കുലീസ് എന്നിവയെല്ലാം ഈ മൊസൈക്കിൽ ചിത്രീകരിച്ചിരിക്കുന്നു. എന്തുകൊണ്ടും സമ്പന്നമായ മൊസൈക്കാണ് കണ്ടെത്തിയത് എന്നും അദ്ദേഹം പറയുന്നു.
വിമതരുടെ ശക്തികേന്ദ്രമായിരുന്നു റാസ്താൻ. 2018 -ൽ സിറിയൻ സർക്കാർ പിടിച്ചെടുക്കുന്നത് വരെ ഇവിടെ നിരന്തരം യുദ്ധം നടന്നിരുന്നു. സിറിയ പുരാവസ്തു ഗവേഷകർക്ക് എന്നും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നിരവധിക്കണക്കിന് പ്രധാനപ്പെട്ട പുരാവസ്തുക്കൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഡമാസ്കസിലെ ഉമയ്യദ് പള്ളി, പുരാതന നഗരമായ പാൽമിറ എന്നിവയെല്ലാം അതിൽ പെടുന്നു. പക്ഷേ, നന്നായി സംരക്ഷിക്കപ്പെട്ടിരുന്നിട്ട് കൂടി ആഭ്യന്തരയുദ്ധത്തിൽ പലതും തകർന്നു.