തുടർപഠനത്തിൽ, ആഴം കുറഞ്ഞ വെള്ളത്തിലൂടെയാണ് അവർ നടന്നുപോയിരുന്നതെന്നും, അവരിൽ 5 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
12000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്പാടുകൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലാണ് ശാസ്ത്രജ്ഞർ മനുഷ്യ കാല്പാടുകൾ കണ്ടെത്തിയത്. ഏകദേശം 88 മനുഷ്യ കാൽപ്പാടുകളാണ് മായാതെ ഇപ്പോഴും അവിടെ കിടക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തെ കുറിച്ചറിയാൻ ഈ കാൽപ്പാടുകൾ ഗവേഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എയർഫോഴ്‌സിന്റെ യൂട്ടാ ടെസ്റ്റിംഗ് ആൻഡ് ട്രെയിനിംഗ് റേഞ്ചിന്റെ കീഴിലുള്ള ഭൂമിയിൽ നിന്നാണ് ഈ കാൽപ്പാടുകൾ കണ്ടെത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് കോർനെൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ്. സർവ്വകലാശാലയിലെ തോമസ് അർബനാണ് കാൽപാടുകൾ കണ്ടെത്തിയത്. അതും ആ കാല്പാടുകൾക്ക് ഒരു പ്രത്യേകതയും ഉണ്ടായിരുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഈ കാല്പാടുകൾ അപ്രത്യക്ഷമാവുകയും, പിന്നെയും തെളിഞ്ഞ് വരികയും ചെയ്തു. ഹിമയുഗത്തിന്റെ അവസാനകാലത്തു നിന്നുള്ളവയാണ് ഈ കാൽപാടുകളെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
undefined
തുടർപഠനത്തിൽ, ആഴം കുറഞ്ഞ വെള്ളത്തിലൂടെയാണ് അവർ നടന്നുപോയിരുന്നതെന്നും, അവരിൽ 5 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇപ്പോൾ ഈ ഭൂപ്രകൃതി വരണ്ടതാണെങ്കിലും, ആ സമയത്ത് അവിടം വെള്ളത്താൽ മൂടപ്പെട്ടിരുന്നു. ഫാർ വെസ്റ്റേൺ ആന്ത്രോപോളജിക്കൽ റിസർച്ച് ഗ്രൂപ്പിലെ ഡാരൺ ഡ്യൂക്കാണ് കാല്പാടുകളുടെ ഉടമകളുടെ വയസ്സ് തിരിച്ചറിഞ്ഞത്. അവശേഷിപ്പിക്കുന്ന കാൽപ്പാടുകൾ ആരുടേതാണെന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് സമയമെടുക്കും. അമേരിക്കൻ സ്വദേശികളെ ഈ സൈറ്റുകളിൽ എത്തിക്കാനും അവരിൽ നിന്ന് സഹായം തേടാനും ഗവേഷകർ ആലോചിക്കുന്നു. നാട്ടുകാരുടെ കാഴ്ചപ്പാടുകൾ വളരെ പ്രധാനമാണെന്ന് ഗവേഷക സംഘം വിശ്വസിക്കുന്നു.
അമേരിക്കയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ സംസ്ഥാനമാണ് യൂട്ട. ഇവിടെ 33 ശതമാനവും മരുഭൂമിയാണ്. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇത് വരൾച്ച ബാധിതമായിരുന്നില്ല, മറിച്ച് ഒരു തണ്ണീർത്തടമായിരുന്നു. കാലം ചെല്ലുന്തോറും ഭൂപ്രദേശത്ത് വന്നു ചേർന്ന മാറ്റമാണ് കാല്പാടുകളെ മായാതെ നിലനിർത്തിയത്. വെള്ളത്തിനടിയിലെ മണലിലാണ് അവരുടെ കാല്പാടുകൾ പതിഞ്ഞത്. പിന്നീട് കാല്പാടിന്റെ മുകൾഭാഗം മണൽ വന്ന് മൂടിയെങ്കിലും, അതിനടിയിലെ ചെളിയിൽ കാല്പാടുകൾ പതിഞ്ഞ് തന്നെ കിടന്നു. മുകളിൽ മണൽ വന്ന് മൂടിയത് കൊണ്ട് ആയിരക്കണക്കിന് വർഷങ്ങളോളം അവ കേടുകൂടാതെ കിടക്കുകയും ചെയ്തു.
അതേസമയം ഇത് ആദ്യമായി കണ്ടെത്തിയത് ഈ ഗവേഷണസംഘമല്ല. യുഎസ് എയർഫോഴ്‌സ് ഈ പ്രദേശത്ത് മുൻപ് ഒരു സർവേ നടത്തുകയായിരുന്നു. ആ സമയത്ത് അവർ ഈ കാൽപ്പാടുകൾ കണ്ടെത്തി. ഇതിനുശേഷം കോർണൽ സർവകലാശാലയിലെ തോമസ് അർബനെയും സംഘത്തെയും വിളിക്കുകയായിരുന്നു. 12,300 വർഷം പഴക്കമുള്ള പക്ഷികളുടെ കത്തിക്കരിഞ്ഞ അസ്ഥികൾ, ശിലാ ഉപകരണങ്ങൾ, പുകയില എന്നിവ ഈ സൈറ്റിൽ നിന്ന് 2016 -ൽ കണ്ടെത്തിയിരുന്നു.