വെള്ളിയാഴ്ച ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഇയാളുടെ ഭാര്യയുടെ നില മോശമാവുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആശുപത്രി ജീവനക്കാർ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല
കാൻസാസ്: ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് ചികിത്സയിൽ കഴിഞ്ഞ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് യുവാവ്. അമേരിക്കയിലെ മിസോറിയിലെ കാൻസാസിലാണ് സംഭവം. ശനിയാഴ്ചയാണ് റോണി വിഗ്സ് എന്ന യുവാവിന്റെ ഭാര്യ മരിച്ചത്. വെള്ളിയാഴ്ച ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഇയാളുടെ ഭാര്യയുടെ നില മോശമാവുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആശുപത്രി ജീവനക്കാർ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ യുവതിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ അവയവങ്ങൾ ശേഖരിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യുവാവ് തന്നെയാണ് ഭാര്യ താൻ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പൊലീസിനോട് വിശദമാക്കിയത്. ചികിത്സാ ചെലവുകൾ താങ്ങാതെ വന്നതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് യുവാവ് വിശദമാക്കുന്നത്. പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും യുവാവ് താൻ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് കുറ്റസമ്മതം നടത്തിയത്.
ശ്വാസം മുട്ടിച്ച ശേഷം താൻ മുറിവിട്ടുവെന്നും ഇതിന് പിന്നാലെയാണ് ഭാര്യ ഗുരുതരാവസ്ഥയിലായതെന്നുമാണ് യുവാവ് വാദിക്കുന്നത്. നിരവധി യന്ത്രങ്ങൾ ശരീരത്തോട് ബന്ധിച്ചിരുന്നതിനാൽ മരണം ഉറപ്പിക്കാൻ സാധിച്ചില്ലെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെ ഒരു അഭിഭാഷകനും ഇക്കാര്യം വിശദമാക്കി യുവാവ് സന്ദേശം അയച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം