പീഡനക്കേസിൽ യുവാവിനെ പ്രതിയാക്കി പൊലീസ്. വ്യാജ കേസിൽ നിന്ന് ഒഴിവാക്കാനായി കൈക്കൂലിയായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ.
മുംബൈ: യുവാവിനെ പീഡനക്കേസിൽ പ്രതിയാക്കിയ ശേഷം കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളിൽ പോലുമില്ലാത്ത യുവാവിനെ പീഡനക്കേസിൽ പ്രതിയാക്കി. പതിവായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കേസിൽ നിന്ന് ഒഴിവാക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ. പൊലീസുകാരന്റെ ശല്യം മൂലം ജോലിക്ക് പോലും സാധിക്കാനാവാത്ത സാഹചര്യം വന്നതിന് പിന്നാലെയാണ് യുവാവ് അഴിമതി വിരുദ്ധ സേനയുടെ സഹായം തേടുന്നത്.
മുംബൈയിലെ നയാ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രഥമേഷ് പാട്ടീലാണ് കൈക്കൂലി കേസിൽ പിടിയിലായത്. മിറ റോഡ് സ്വദേശിയായ യുവാവിനെയാണ് അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറും പൊലീസ് കോൺസ്റ്റബിളും ചേർന്ന് പീഡനക്കേസിൽ കുടുക്കിയത്. കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് പൊലീസുകാർ മിറ റോഡ് സ്വദേശിയുടെ പേര് എഴുതി ചേർത്തത്.
undefined
സിസിടിവി ദൃശ്യങ്ങളിൽ പീഡനം നടന്ന സമയത്ത് യുവാവിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു കോൺസ്റ്റബിൾ വിശദമാക്കിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് സംഭവം നടന്ന പരിസരത്ത് പോലുമില്ലെന്ന് വ്യക്തമായിരുന്നു. കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നിരന്തരമായി യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചിരുന്നു. ഇതിന് പുറമേയാണ് കേസിൽ നിന്ന് ഒഴിവാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
വ്യാജകേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഏറെ ദിവസത്തെ വിലപേശലിന് ഒടുവിൽ ഒരു ലക്ഷം രൂപ നൽകാമെന്ന് യുവാവ് വിശദമാക്കി. പിന്നാലെയാണ് ഇയാൾ അഴിമതി വിരുദ്ധ സ്ക്വാഡിന് വിവരം നൽകിയത്. ബുധനാഴ്ച അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം ഒരു ലക്ഷം രൂപ കൈക്കൂലി കൈപറ്റുന്നതിനിടെ പൊലീസ് കോൺസ്റ്റബിളിനെ അഴിമതി വിരുദ്ധ സ്ക്വാഡ് കയ്യോടെ പിടികൂടുകയായിരുന്നു. കോൺസ്റ്റബിൾ പിടിയിലായതിന് പിന്നാലെ ഒളിവിൽ പോയ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം