ചാത്തമംഗലത്ത് എസ്‍യുവി കാറിൽ യുവാവ്, സംശയം തോന്നി പരിശോധിച്ചപ്പോൾ 268 ഗ്രാം എംഡിഎംഎ, പൊക്കി എക്സൈസ്...

By Web Team  |  First Published Dec 10, 2023, 6:24 AM IST

ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.


ചാത്തമംഗലം: കോഴിക്കോട് ചാത്തമംഗലം വെളളിലശ്ശേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലെത്തിക്കുന്നത് തടയാനായി എക്സൈസ് നടത്തിയ നീക്കത്തിലാണ് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലാകുന്നത്.

 എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്,എക്സൈസ് ഐബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ശറഫുദ്ദീന്‍റെ കാറില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Latest Videos

ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ശറഫുദ്ദീന്‍റെ രീതി. എന്‍ ഐ ടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നും ഇയാള്‍ ലഹരി മരുന്ന് വില്‍ക്കാറുണ്ടെന്നും എക്സൈസ് പറഞ്ഞു. പുതുവത്സരാഘോഷം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിൽ കര്‍ശന പരിശോധന തുടരാനാണ് എക്സൈസിന്‍റെ തീരുമാനം.

Read More : കൊലക്കേസ് പ്രതി പരോളിലിറങ്ങി മുങ്ങി, പൂജാരിയുടെ 5.5 പവന്‍റെ മാലയിൽ നോട്ടം, വമ്പൻ പ്ലാനിംഗ്, പക്ഷേ പിടി വീണു!

tags
click me!