ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ, ചെറിയ പൊതികളാക്കി വിദ്യാർത്ഥികൾക്ക് വിൽപ്പന; സ്കെച്ചിട്ടു, പിന്നാലെ പൊക്കി

By Web Team  |  First Published Nov 29, 2023, 7:04 PM IST

മീനങ്ങാടി ചെണ്ടക്കുനി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് വിനീഷ് പിടിയിലായത്.


കല്‍പ്പറ്റ: വയനാട്ടിലെ വിദ്യാർത്ഥികൾക്കടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവിനെ  എക്സൈസ് പിടികൂടി. മുട്ടില്‍ കൊറ്റന്‍കുളങ്ങര വീട്ടില്‍ വിനീഷ് (28) ആണ് അറസ്റ്റിലായത്. ഇയാള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാരകമയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  എക്‌സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ബത്തേരി റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് 

മീനങ്ങാടി ചെണ്ടക്കുനി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് വിനീഷ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വലിയ അളവില്‍ എം.ഡി.എം.എ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു വിനീഷ് എന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്റെ സംയുക്ത സംഘം വലവിരിക്കുകയായിരുന്നു. 

Latest Videos

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും എക്‌സൈസിനും ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ നിരന്തരമായ പരിശോധന ഉദ്യോഗസ്ഥര്‍ നടത്തി വരുന്നുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുനില്‍, ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി. ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജി. അനില്‍കുമാര്‍ സി.വി. ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, നിക്കോളാസ് ജോസ് എം.എസ്. ദിനീഷ്, ഡ്രൈവര്‍ പ്രസാദ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Read More : കടയടച്ച് പുറത്തിറങ്ങി, 1 ലക്ഷം സ്കൂട്ടറിൽ വെച്ചു, വീട്ടിലെത്തിയപ്പോൾ പണമില്ല! 24 മണിക്കൂർ, കള്ളനെ പൊക്കി

click me!