അധ്യാപികയെ ഇടിച്ചു തെറിപ്പിച്ച ശേഷം ആറ് പവന്റെ മാല മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ്.
തിരുവനന്തപുരം: കന്യാകുമാരി മാര്‍ത്താണ്ഡത്ത് തനിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം മാല കവരുന്ന യുവാവ് പിടിയില്‍. നാഗര്‍കോവില്‍ മേലേ പുത്തേരി സ്വദേശി വിക്കി എന്നു വിളിക്കുന്ന വിഘ്‌നേഷി(20)നെയാണ് മാര്‍ത്താണ്ഡം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശം നിന്ന് മോഷ്ടിച്ച എട്ടു പവന്റെ മാലയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മാര്‍ത്താണ്ഡം ഭാഗത്ത് എസ്‌ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗതയില്‍ ബൈക്കിലെത്തിയ വിഘ്‌നേഷ് കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. തുടര്‍ന്ന് പൊലീസ് സംഘം ബൈക്കിലും ജീപ്പിലുമായി പിന്തുടര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇയാള്‍ക്ക് എതിരെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ മാല മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തനിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് പോകുകയും ആളില്ലാത്ത സ്ഥലത്ത് എത്തുമ്പോള്‍ അമിത വേഗതയിലെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം മാല തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തക്കലയില്‍ ബൈക്കിലെത്തിയ അധ്യാപികയെ ഇടിച്ചു തെറിപ്പിച്ച ശേഷം ആറ് പവന്റെ മാല മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കന്യാകുമാരി ജില്ലയില്‍ മാല മോഷണം തുടര്‍ സംഭവവുമായ സാഹചര്യത്തില്‍ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദരവദനം പ്രതികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.