വര്‍ഷയെ കൊലപ്പെടുത്തിയ ശേഷം സോഹന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
ദില്ലി: വടക്കന്‍ ദില്ലിയില്‍ സ്‌കൂള്‍ വളപ്പിലെ സ്റ്റേഷനറി കടയില്‍ ബിജെപി പ്രവര്‍ത്തകയായ 28കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷ പവാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് നരേല മേഖലയിലെ സ്‌കൂള്‍ വളപ്പില്‍ നിന്ന് കണ്ടെത്തിയത്.
നരേലയിലെ സ്വതന്ത്ര നഗറിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയും സജീവ ബിജെപി പ്രവര്‍ത്തകയുമാണ് വര്‍ഷ. ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് വിജയ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടഞ്ഞു കിടന്ന കട മുറിക്കുള്ളില്‍ നിന്ന് വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ ബിസിനസ് പങ്കാളി കൂടിയായ സോഹന്‍ ലാലിനെയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സോനിപത്തിലാണ് സോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 24ന് വീട്ടില്‍ നിന്ന് പോയ വര്‍ഷയെ സോഹന്‍ ലാലിനൊപ്പമാണ് അവസാനമായി കണ്ടതെന്നും വിജയ് കുമാര്‍ പറഞ്ഞിരുന്നു. സോഹനുമായി ചേര്‍ന്നാണ് പ്ലേ സ്‌കൂള്‍ ആരംഭിച്ചതെന്നും സ്‌കൂള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും വിജയ് കുമാര്‍ പറഞ്ഞു. വര്‍ഷയെ കൊലപ്പെടുത്തിയ ശേഷം സോഹന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.