യോഗാ അധ്യാപികയെ കൊല്ലാൻ സുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ. അക്രമി സംഘം യുവതിയെ കുഴിച്ച് മൂടിയത് ജീവനോടെ. അത്ഭുത തിരിച്ചുവരവ്. കേസിൽ സുഹൃത്തിന്റെ ഭാര്യ അടക്കം നാല് പേർ അറസ്റ്റിൽ
ചിക്കബെല്ലാപ്പൂർ: ഭർത്താവിന്റെ സുഹൃത്തുമായുള്ള യുവതിയുടെ സൌഹൃദത്തിൽ സുഹൃത്തിന്റെ ഭാര്യയ്ക്ക് സംശയം. യുവതിയെ കൊലപ്പെടുത്താൻ സുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ. യുവതിയെ നിരീക്ഷിച്ച് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി, കുഴിച്ച് മൂടി ക്വട്ടേഷൻ സംഘം മടങ്ങി. എന്നാൽ തിരികെയെത്തി യുവതി. കർണാടകയിലെ ചിക്കബെല്ലാപ്പൂരിലാണ് അസാധാരണ സംഭവങ്ങൾ.
35കാരിയായ അർച്ചനയെന്ന യോഗാ ടീച്ചറാണ് ക്വട്ടേഷൻ സംഘം 'കൊലപ്പെടുത്തി' കുഴിച്ച് മൂടിയിട്ടും തിരികെയെത്തി അക്രമികളെ കുടുക്കിയത്. ചിക്കബെല്ലാപ്പൂരിലെ വനമേഖലയിലാണ് അക്രമി സംഘം യുവതിയെ കൊന്ന് കുഴിച്ച് മൂടിയ ശേഷം സ്ഥലം മരച്ചില്ലകൾ കൊണ്ട് മൂടി രക്ഷപ്പെട്ടത്. അർച്ചനയുടെ ഭർത്താവിന്റെ സുഹൃത്തായ സന്തോഷുമായി യുവതിക്കുള്ള സൌഹൃദത്തേക്കുറിച്ച് സംശയം സന്തോഷിന്റെ ഭാര്യ ബിന്ദുവിന് തോന്നിയ സംശയമാണ് സംഭവങ്ങൾക്ക് പിന്നിൽ. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന പരിചയപ്പെടുത്തിയ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെയും പങ്കാളികളേയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
undefined
സതീഷ് റെഡ്ഡിയെന്ന ക്രിമിനലിന് അർച്ചനയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ബിന്ദുവാണ് നൽകിയത്. ക്വട്ടേഷൻ അനുസരിച്ച അർച്ചനേയെ നിരീക്ഷിച്ച സതീഷ് റെഡ്ഡി യോഗ പഠിക്കാനെന്ന പേരിൽ അർച്ചനയുമായി പരിചയപ്പെട്ടു. അർച്ചനയുടെ വിശ്വാസം നേടിയ ശേഷം ഇയാൾ യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിക്കബെല്ലാപ്പൂരിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഘം രക്ഷപ്പെടാനുള്ള തിടുക്കത്തിനിടെ ആഴം കുറഞ്ഞ കുഴിയെടുത്തതാണ് യോഗ അധ്യാപിക കൂടിയായ അർച്ചനയ്ക്ക് രക്ഷയായത്.
കൊലപാതക ശ്രമം വ്യക്തമായതോടെ യോഗാ അധ്യാപിക ശ്വാസം നിയന്ത്രിച്ചതോടെ ഇവർ മരിച്ചുവെന്ന ധാരണയിലാണ് ക്വട്ടേഷൻ സംഘം ഇവരെ കുഴിച്ച് മൂടിയത്. കൊലപാതക സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയിൽ അധ്യാപികയുടെ ആഭരണങ്ങളും എടുത്ത് സംഘം മുങ്ങി. എന്നാൽ യുവതിയെ ജീവനോടെയാണ് മറവ് ചെയ്തതെന്ന് യുവതി പൊലീസ് സഹായം തേടിയപ്പോൾ മാത്രമാണ് പ്രതികൾ തിരിച്ചറിയുന്നത്. അക്രമി സംഘം സ്ഥലത്ത് നിന്ന് മടങ്ങിയതോടെ യുവതി ശ്വാസം വീണ്ടെടുത്ത് ആഴമില്ലാത്ത കുഴിയിൽ നിന്ന് മണ്ണ് നീക്കി പുറത്ത് വന്ന് സുരക്ഷിത സ്ഥാനത്തെത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ അടക്കമുള്ള വിവരം പുറത്ത് വന്നത്.
ഒക്ടോബർ 24നായിരുന്നു യുവതിയെ സംഘം കൊലപ്പെടുത്തി കുഴിച്ച് മൂടിയത്. സംഭവത്തിൽ സതീഷ് റെഡ്ഡി, ബിന്ദു, സതീഷിന്റെ സഹായികളായ നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയിൽ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം