വിമാനത്താവള ലഗേജില്‍ കൊണ്ടുവന്നത് ജിറാഫിന്‍റെ വിസര്‍ജ്യം, ആഭരണത്തിനായെന്ന വിചിത്രവാദവുമായി യുവതി, നടപടി

By Web TeamFirst Published Oct 6, 2023, 10:51 AM IST
Highlights

സാധാരണ നിലയില്‍ വെറ്റിനറി വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന ഇത്തരം വസ്തുക്കളുമായി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടെന്നിരിക്കെയാണ് വളഞ്ഞവഴിയിലൂടെ യുവതി ജിറാഫിന്റെ വിസര്‍ജ്യം അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്

മിനസോട്ട: വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ വസ്തു കണ്ട് അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കെനിയയിലെ വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് തിരിച്ച് അമേരിക്കയിലെത്തിയ യുവതിയുടെ ബാഗിലാണ് ജിറാഫിന്റെ വിസര്‍ജ്യം. വ്യാഴാഴ്ചയാണ് യുവതി അമേരിക്കയിലെ മിനസോട്ട വിമാനത്താവളത്തിലെത്തിയത്. മിനസോട്ടയിലെ ലോവ സ്വദേശിയായ യുവതിയാണ് ജിറാഫിന്റെ വിസര്‍ജ്യവുമായി വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്. നെക്ലേസ് നിര്‍മ്മാണത്തിനായാണ് വിസര്‍ജ്യം കൊണ്ടുവന്നതെന്നാണ് യുവതിയുടെ വാദം. നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ജുവലറി നിര്‍മ്മാണത്തിനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്. പിടിച്ചെടുത്ത ജിറാഫിന്റെ വിസര്‍ജ്യം അഗ്രിക്കള്‍ച്ചറല്‍ ഡിസ്ട്രക്ഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു. വലിയ അപകടമാണ് ഇത്തരം വസ്തുക്കളിലൂടെ ഉണ്ടാവുന്നതെന്നാണ് വിമാനത്താവള അതോറിറ്റി വിശദമാക്കുന്നത്.

Latest Videos

ഇത്തരം വസ്തുക്കളില്‍ മാരകമായ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം സാധാരണമാണ്. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പകര്‍ച്ച വ്യാധികളിലേക്കും വഴി തെളിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. കെനിയയില്‍ നിലവില്‍ ആഫ്രിക്കന്‍ പന്നിപ്പനി അടക്കമുള്ള നിരവധി പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെയാണ് യുവതി ജിറാഫിന്റെ വിസര്‍ജ്യമായി അമേരിക്കയിലെത്തുന്നത്.

സാധാരണ നിലയില്‍ വെറ്റിനറി വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന ഇത്തരം വസ്തുക്കളുമായി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടെന്നിരിക്കെയാണ് വളഞ്ഞവഴിയിലൂടെ യുവതി ജിറാഫിന്റെ വിസര്‍ജ്യം അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുവതി ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!