അധ്യാപിക തയ്യാറായി വരുന്ന സമയത്തിനുള്ളിൽ വീടും ചുറ്റുപാടും പഠിച്ച വനിതാ ഡ്രൈവർ താക്കോൽ വയ്ക്കുന്ന സ്ഥലം മനസിലാക്കി വച്ചു. പിന്നീട് അധ്യാപികയെ സഹോദരന്റെ വീട്ടിൽ വിട്ട ശേഷം മടങ്ങിയെത്തി വീട് കൊള്ളയടിച്ച് മുങ്ങുകയായിരുന്നു
ചെന്നൈ: വീട്ടിൽ നിന്ന് സഹോദരന്റെ വീട്ടിലേക്ക് പോകാനായി സർക്കാർ സ്കൂൾ അധ്യാപക വിളിച്ചത് വനിതാ ഓട്ടോ ഡ്രൈവറെ. വീട് പൂട്ടി അധ്യാപിക വരുന്ന സമയത്തിനുള്ളിൽ വനിതാ ഓട്ടോ ഡ്രൈവർ വീടിനേക്കുറിച്ച് പഠിച്ചു. ഇതിന് പിന്നാലെ താക്കോൽ ഒളിച്ച് വയ്ക്കുന്ന സ്ഥലവും കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ സഹോദരന്റെ വീട്ടിലെത്തിച്ച് തിരികെയെത്തി അധ്യാപികയുടെ വീട് കൊള്ളയടിച്ച് വനിതാ ഓട്ടോ ഡ്രൈവർ.
ചെന്നൈയിലെ ആവടിയിൽ തിങ്കളാഴ്ചയാണ് വനിതാ ഓട്ടോ ഡ്രൈവർ ചെന്താമര എന്ന അധ്യാപികയുടെ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചത്. അടുത്ത ദിവസം അധ്യാപികയുടെ വീട് വൃത്തിയാക്കാനായി ജോലിക്കാരി എത്തിയ സമയത്താണ് വീട് തുറന്നിട്ട നിലയിൽ കണ്ടത്. വിവരം അറിഞ്ഞെത്തിയ അധ്യാപക തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടമായത് മനസിലാക്കുന്നത്. ഒന്നരലക്ഷം രൂപയുടെ സ്വർണവും പണവുമാണ് അധ്യാപികയുടെ വീട്ടിൽ നിന്ന് മോഷണം പോയത്.
ഓൺലൈൻ ആപ്പിലൂടെയാണ് അധ്യാപിക ഓട്ടോ വിളിച്ചത്. കാമരാജ് നഗറിലുള്ള സഹോദരനെ കാണാനായിരുന്നു ഇത്. അധ്യാപിക ഒരുങ്ങുന്നതിന് മുൻപ് ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തുകയായിരുന്നു. ഇതോടെ ഇവരോട് കുറച്ച് നേരം നിൽക്കാൻ ആവശ്യപ്പെട്ട അധ്യാപിക ഉടൻ തന്നെ തയ്യാറായി താക്കോൽ വച്ച് പുറപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ സ്വാഭാവിക സംഭാഷണങ്ങളിലൂടെ അധ്യാപിക തിരിച്ച് വരുന്ന സമയത്തേക്കുറിച്ച് ഇവർ മനസിലാക്കിയതായാണ് പൊലീസ് പറയുന്നത്. അധ്യാപികയിൽ നിന്ന് വിവരങ്ങൾ മനസിലാക്കിയ വനിതാ ഓട്ടോ ഡ്രൈവർ തിരികെ വന്ന് മോഷണം നടത്തിയെങ്കിലും വീട്ടിലും ചുറ്റുപാടുമുണ്ടായിരുന്ന സിസിടിവി എല്ലാത്തിനും സാക്ഷിയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അധ്യാപിക ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാൽ ആപ്പിൽ കാണിച്ച രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോയിലല്ല ഇവർ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അന്വേഷണത്തിന് ഓൺലൈൻ ടാക്സി സർവ്വീസിന്റെ സഹകരണവും പൊലീസ് തേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം