ഇരുമ്പു കട്ടിലിന്‍റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ സംശയങ്ങളും ചോദ്യങ്ങളും പലതും അവശേഷിക്കുന്നുണ്ട്.
ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള വിശ്രമമുറിയിൽ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്പു കട്ടിലിന്‍റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.
ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. ഇതിനാല്‍ ആദ്യം യുവതിയെ തിരിച്ചറിയാൻ ഏറെ പ്രയാസം നേരിട്ടു. മരിച്ചത് ഉത്തരേന്ത്യൻ യുവതിയാണെന്ന അഭ്യൂഹങ്ങൾ തുടക്കത്തിൽ പ്രചരിച്ചെങ്കിലും കോയമ്പത്തൂർ സ്വദേശിയായ 24കാരി രേഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പിന്നീട് പൊലീസ് അറിയിച്ചു.
പുലർച്ചെ 1.45ന് കയ്യിൽ വെള്ളക്കുപ്പിയുമായി രേഷ്മ റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷിതമേഖലയിലേക്ക് നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വിവാഹിതയാണ് രേഷ്മ. ഒരു മാസം മുമ്പ് അമ്മ മരിച്ചതിന് ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു, ഭർത്താവുമായും പ്രശ്നങ്ങളുണ്ടായിരുന്നു, ഇക്കാരണങ്ങളാൽ രേഷ്മ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിശദീകരണം.
റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ യുവതിക്കൊപ്പമോ തൊട്ടുപിന്നാലെയോ ആരുമുണ്ടായിരുന്നില്ലെന്നും പൊലിസ് പറയുന്നു. അതേസമയം സുരക്ഷിത മേഖലയിലേക്ക് രേഷ്മയ്ക്ക് എങ്ങനെ കടക്കാനായി എന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രേഷ്മയെക്കാള്‍ ഉയരക്കുറവുള്ള കട്ടില്‍ പിടിയില്‍ ദുപ്പട്ട കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നതും സംശയം ഉയർത്തുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Also Read:- രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-