ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അക്രമി ഡോക്ടറെ ഒന്നിലേറെ തവണ കത്തി കൊണ്ട് കുത്തി
ദില്ലി: ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്കില്‍ വനിതാ ഡോക്ടര്‍ക്ക് കത്തികൊണ്ട് കുത്തേറ്റു. പടിഞ്ഞാറന്‍ ദില്ലിയിലെ ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പ്രശാന്ത് താക്കൂര്‍ എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. രജൗരി ഗാർഡൻ പൊലീസ് സ്‌റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാലോ അഞ്ചോ വര്‍ഷം മുന്‍പ് ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയ ആളാണ് 47 കാരിയായ ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ നെഞ്ചിലും തോളിലുമാണ് ഇയാള്‍ കത്തി കൊണ്ട് കുത്തിയത്. അതിനു ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഡോക്ടര്‍ അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
undefined
അക്രമി ഡോക്ടറെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞ് നിരന്തരം ശല്യം ചെയ്തതോടെ ഇയാളില്‍ നിന്ന് ഡോക്ടര്‍ അകലം പാലിച്ചു. തുടര്‍ന്നാണ് ഡോക്ടറെ ഇയാള്‍ ക്ലിനിക്കിലെത്തി ആക്രമിച്ചത്. ക്ലിനിക്കിന് മുകളിലത്തെ നിലയിലാണ് ഡോക്ടര്‍ താമസിക്കുന്നത്. ക്ലിനിക്കിലെ ജീവനക്കാരിയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ട കാര്യം പൊലീസിനെ അറിയിച്ചതെന്ന് ഡിസിപി വിചിത്ര വീര്‍ പറഞ്ഞു. ഡോക്ടറുടെ ഭര്‍ത്താവും ഡോക്ടറാണ്. അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് അവരെ കൊണ്ടുപോയതെന്ന് ഡിസിപി പറഞ്ഞു.
ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം 4.30 ഓടെ ക്ലിനിക്കില്‍ എത്തിയ പ്രശാന്ത് താക്കൂര്‍ ഡോക്ടറോട് സംസാരിക്കമെന്ന് പറഞ്ഞു. തന്നെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പ്രശാന്ത് താക്കൂര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമിയെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.