പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍, ബുര്‍ഖ ധരിച്ച ഒരു സ്ത്രീ സംശയാസ്പദമായി വീട്ടിലേക്ക് കയറുന്നത് കണ്ടെത്തി.
ദില്ലി: സ്വന്തം വീട്ടില്‍ കയറി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദില്ലി ഉത്തംനഗറില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ശ്വേതയെന്ന 31കാരിയെയാണ് പിടികൂടിയത്. തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചായിരുന്നു ശ്വേത മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: 'ജനുവരി 30ന് ഉത്തം നഗറിലെ സേവക് പാര്‍ക്ക് പ്രദേശത്ത് താമസക്കാരിയായ കമംലേഷ് എന്ന സ്ത്രീ തന്റെ വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയില്‍ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് വില വരുന്ന സ്വര്‍ണവും വെള്ളി ആഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ വീടിന്റെ വാതിലുകളോ മറ്റ് തകര്‍ത്ത് അകത്ത് കയറിയതായി കണ്ടെത്തിയില്ല. എന്നാല്‍ അലമാരയുടെയും പൂട്ടുകള്‍ക്ക് തുറന്നതായി കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍, ബുര്‍ഖ ധരിച്ച ഒരു സ്ത്രീ സംശയാസ്പദമായി വീട്ടിലേക്ക് കയറുന്നത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്വേതയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.'
മാതാവിന് കൂടുതല്‍ സ്‌നേഹം ഇളയ സഹോദരിയോടാണ്. അതിനാലാണ് സഹോദരിയുടെ വിവാഹത്തിന് തയ്യാറാക്കി വച്ച് ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ചതെന്നാണ് ശ്വേത പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പം കുറച്ച് കടവും തനിക്കുണ്ടായിരുന്നു. അത് കൂടി വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും ശ്വേത പറഞ്ഞു. 'മോഷ്ടിച്ച ചില ആഭരണങ്ങള്‍ തന്റേതായിരുന്നു. അത് താന്‍ മാതാവിന് സൂക്ഷിക്കാന്‍ നല്‍കിയതായിരുന്നു. ബാക്കിയുള്ളവ സഹോദരിയുടെ വിവാഹത്തിന് വേണ്ടി മാതാവ് തയ്യാറാക്കി വച്ചതാണെന്ന് ശ്വേത പറഞ്ഞു.
'മോഷണ പദ്ധതി നടപ്പാക്കാന്‍ വേണ്ടി ശ്വേത ജനുവരിയില്‍ അമ്മയുടെ വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ ചില ദിവസങ്ങളില്‍ ഇളയമകള്‍ ജോലിക്ക് പോകുമ്പോള്‍ മാതാവ്, ശ്വേതയെ സഹായിക്കാന്‍ വേണ്ടി പുതിയ വീട്ടിലെത്തുമായിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഇത് ആവര്‍ത്തിച്ചു. ഇളയ മകള്‍ ജോലിക്ക് പോയത്ത് മാതാവ് ശ്വേത താമസിക്കുന്ന വീട്ടിലെത്തി. ഇതിനിടെ മാതാവില്‍ നിന്ന് വീടിന്റെ താക്കോല്‍ മോഷ്ടിച്ച ശേഷം ശ്വേത പച്ചക്കറി വാങ്ങാനെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി.' തുടര്‍ന്ന് പൊതു ടോയ്ലറ്റില്‍ കയറി ബുര്‍ഖ ധരിച്ച ശേഷം മാതാവിന്റെ വീട്ടിലെത്തി ആഭരണങ്ങളും പണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണ ശേഷം വിറ്റ ആഭരണങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.