ബിസിനസ് പങ്കാളിയുമായി തര്‍ക്കം; മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖത്തടിച്ചെന്ന് യുവതി

By Web Team  |  First Published Nov 13, 2023, 1:21 AM IST

മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചക്കിടെ വാക്കേറ്റം ഉണ്ടായിരുന്നെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട് അറിയിച്ചു.


കോഴിക്കോട്: നാദാപുരത്ത് മധ്യസ്ഥ ശ്രമത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരാതിക്കാരിയുടെ മുഖത്തടിച്ചതായി ആക്ഷേപം. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പൊലീസിനെ സമീപിച്ചിട്ടും കേസെടുക്കുന്നില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചു.

നാദാപുരത്ത് ജിം ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ സ്ഥാപനം നടത്തുന്ന രാജി രാജന്‍ എന്ന യുവതിയാണ് പരാതിക്കാരി. ഇവര്‍ക്ക് ബിസിനസ് പങ്കാളിയുമായി നേരത്തെ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബിസിനസ് പങ്കാളിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് രാജി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് യുവതി നാദാപുരം പൊലീസില്‍ പരാതിയും നല്‍കി.

Latest Videos

തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി ഇരു കൂട്ടരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്യൂട്ടി പാര്‍ലറിലേക്ക് വിളിച്ചു വരുത്തിയത്. മധ്യസ്ഥ ചര്‍ച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദിച്ചെന്നാണ് രാജി രാജന്റെ പരാതി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി ചെന്നത്. എന്നാല്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖത്തടിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൈയ്യും കാലും അടിച്ചു തകര്‍ക്കുമെന്ന് ബിസിനസ് പങ്കാളിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രാജി രാജന്‍ പറഞ്ഞു. 

രാജി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാദാപുരം പൊലീസ് തന്റെ പരാതിയില്‍ കേസെടുക്കുന്നില്ലെന്നാരോപിച്ച് രാജി നാദാപുരം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ കോടതി അനുമതിയോടെ മാത്രമേ കേസെടുക്കാനാവൂ എന്നും പരാതിക്കാരിയോട് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും നാദാപുരം ഡിവൈഎസ്പി വ്യക്തമാക്കി. എന്നാല്‍ മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചക്കിടെ വാക്കേറ്റം ഉണ്ടായിരുന്നെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട് അറിയിച്ചു. ബ്യൂട്ടി പാര്‍ലറിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് ധാരണാപത്രത്തിലെ ചില വ്യവസ്ഥകളിലെ ലംഘനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയായിരുന്നെന്നും അഖില പറയുന്നു. പ്രശ്‌നത്തിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിഴക്കുകയാണെന്നും അഖില വിശദീകരിച്ചു.

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: 'പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ', അന്വേഷണം തുടരുന്നു 

 

tags
click me!