ജയിലിലുള്ള എംഎല്‍എയ്ക്ക് മൊബൈലും വിദേശ കറന്‍സിയടക്കം പണവും എത്തിച്ച് നല്‍കിയ ഭാര്യ അറസ്റ്റില്‍

By Web Team  |  First Published Feb 12, 2023, 9:12 AM IST

എംഎല്‍എ ഭാര്യയയുമായി ജയിലിനുള്ളില്‍ മണിക്കൂറുകള്‍ നീളുന്ന കൂടിക്കാഴ്ച നിരന്തരം നടത്തുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് പരിശോധന നടത്താനെത്തിയ സംഘത്തിന് എംഎല്‍എയെ ബാരക്കില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
 


ലക്നൌ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ എംഎല്‍എയുടെ ഭാര്യയും മകനും അറസ്റ്റില്‍. ജയിലിലുള്ള ഭര്‍ത്താവിന് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൌകര്യങ്ങള്‍ എത്തിച്ച് നല്‍കിയതിനാണ് അറസ്റ്റ്. പണവും മൊബൈല്‍ ഫോണും അടക്കമുള്ള വസ്തുക്കള്‍ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎ അബ്ബാസ് അൻസാരിയ്ക്ക് ഭാര്യ നിഖത് ബാനോ ചിത്രകൂട് ജയിലിനുള്ളില്‍ എത്തിച്ച് നല്‍കിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

അനുമതി ഉള്ളതിലും കവിഞ്ഞ് എംഎല്‍എയെ നിരന്തരം കാണാന്‍ ഭാര്യ എത്തിയിരുന്നു. ഈ കൂടിക്കാഴ്ചകള്‍ക്ക് അവസരം നല്‍കിയ സൂപ്രണ്ടിനും ജീവനക്കാർക്കുമെതിരെ നേരത്തെ നടപടി എടുത്തിരുന്നു. യാതൊരു സുരക്ഷാ പരിശോധനകളും കൂടാതെയായിരുന്നു നിഖത് ബാനോ ബാരക്കിനുള്ളില്‍ എത്തിയിരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റും ചിത്രകൂട് എസ്പിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പണവും മൊബൈല്‍ ഫോണുകളും അടക്കമുള്ള വസ്തുക്കളോടെയാണ് എംഎല്‍എയുടെ ഭാര്യ പിടിയിലായത്. ഏതാനും ദിവസങ്ങളായി എംഎല്‍എയുടെ ഭാര്യ നിരന്തരം ജയിലിനുള്ളില്‍ എത്തുന്നതായി രഹസ്യ വിവരം എഡിജിപിക്ക് ലഭിച്ചിരുന്നു. പ്രയാഗ്രാജ് സോണ്‍ എഡിജിപി ഭാനു ഭാസ്കറിനാണ് രഹസ്യ വിവരം ലഭിച്ചിരുന്നത്.

Latest Videos

undefined

എംഎല്‍എയും ഭാര്യയും തമ്മില്‍ മണിക്കൂറുകളോളം നീളുന്ന കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും നിഖത് എത്തുന്നത് യാതൊരു പരിശോധയും കൂടാതെയാണെന്നുമായിരുന്നു പൊലീസിന് ലഭിച്ചിരുന്ന രഹസ്യ വിവരം. ഇതിന് പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ആനന്ദും എസ്പി വൃന്ദ ശുക്ലയും ജയിലിലെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനാ സമയത്ത് അബ്ബാസ് ബാരക്കില്‍ ഇല്ലാതിരുന്നത് എഡിജി ശ്രദ്ധിക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന് അനുവദിച്ച മുറിയ്ക്ക് സമീപമുള്ള മുറിയില്‍ ഭാര്യയ്ക്ക് ഒപ്പമായിരുന്നു എംഎല്‍എയെ കണ്ടെത്തിയത്.

വനിതാ പൊലീസുകാര്‍ ഭാര്യയെ പരിശോധിച്ചപ്പോളാണ് രണ്ട് മൊബൈല്‍ ഫോണും വിദേശ കറന്‍സി അടക്കമുള്ള പണവും കണ്ടെത്തിയത്. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇഥിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ട് അശോക് സാഗര്‍, ഡെപ്യൂട്ടി ജയിലര്‍ സുശീല്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ ജഗ്മോഹന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ മജിസ്ട്രേറ്റ് നടപടിക്ക് ഉത്തരവിടുകയായിരുന്നു. 

click me!