സാജുവിന്റെ ശല്യം മൂലം ഒന്നര വർഷത്തിനിടെ മൂന്ന് വാടക വീട് മാറി, ഒടുവിൽ മൺവെട്ടിയെടുത്ത് തലയ്ക്കടിച്ച് കൊന്നു
കൊല്ലം: കടയ്ക്കലിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വെള്ളാര്‍വട്ടം സ്വദേശി സാജുവാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പ്രിയങ്ക മൺവെട്ടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. ഒന്നര വർഷമായി സാജുവും പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു. പ്രിയങ്ക മാറി താമസിച്ച വാടകവീടുകളിലെല്ലാമെത്തി സാജു പ്രശ്നങ്ങൾ ഉണ്ടാക്കി.
ഇതേ തുടർന്ന് മൂന്നു വീടുകളാണ് ഒന്നര വർഷത്തിനിടയിൽ മാറിയത്. ഒരു മാസം മുമ്പ് പ്രിയങ്ക വാടകയ്ക്ക് എടുത്ത വീട്ടിലാണ് സാജു പ്രശ്നങ്ങൾ ഉണ്ടാക്കിയത്. മദ്യപിച്ചെത്തിയ സാജു പ്രിയങ്കയെ മർദ്ദിച്ചു. ഇതിനിടയിൽ വീട്ടുമുറ്റത്തിരുന്ന മൺവെട്ടി എടുത്ത് വീട്ടമ്മ ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അടിയേറ്റ സാജു തളർന്ന് വീണു. വിവരം പ്രിയങ്ക തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.
പൊലീസ് എത്തിയപ്പോൾ ബോധരഹിതനായി കിടക്കുന്ന സാജുവിനെയാണ് കണ്ടത്. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക്, സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി.