വിഷം കൊടുത്ത ശേഷം ആശുപത്രിയില്‍ ഭാവഭേദമില്ലാതെ അമ്മയ്ക്ക് കൂട്ടിരുന്നത് മകള്‍ ഇന്ദുലേഖ തന്നെയായിരുന്നു. ഡോക്ടര്‍മാരുടെ സംശയം കേട്ട രുഗ്മിണി മകളോട് 'നീ വല്ലതും കലക്കിത്തന്നോടീ' എന്ന് ചോദിച്ചു. മരിക്കാന്‍ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകളുടെ മറുപടി.
കുന്ദംകുളം: തൃശ്ശൂര്‍ കുന്ദംകുളം കീഴൂരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രുഗ്മിണിയെന്ന അമ്പത്തിയെട്ടുകാരിയെ കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്ന് മകള്‍ ഇന്ദുലേഖയാണ് കഴിഞ്ഞ പതിനെട്ടിന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗള്‍ഫിലായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവ് അവധിക്ക് വന്ന ദിവസമായിരുന്നു അത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പരിശോധിച്ച ഡോക്ടര്‍മാര്‍ വിഷം ഉള്ളില്‍ ചെന്നെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.
ആശുപത്രിയില്‍ ഭാവഭേദമില്ലാതെ കൂട്ടിരുന്നത് മകള്‍ ഇന്ദുലേഖ തന്നെയായിരുന്നു. ഡോക്ടര്‍മാരുടെ സംശയം കേട്ട രുഗ്മിണി മകളോട് നീവല്ലതും കലക്കിത്തന്നോടീ എന്ന് ചോദിച്ചു. മരിക്കാന്‍ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകളുടെ മറുപടി. ഇതിന് സാക്ഷിയായി അച്ഛന്‍ ചന്ദ്രന്‍ അടുത്തുണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ ഇക്കാര്യം പറഞ്ഞു. 23 ന് രുഗ്മിണി മരിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഉറപ്പാക്കിയ പൊലീസ് കുടുംബാംഗങ്ങളെ വിളിച്ചുരുത്തി. മകളിലേക്ക് സംശയത്തിന്‍റെ വിരലാദ്യം ചൂണ്ടിയത് അച്ഛന്‍ തന്നെയായിരുന്നു. അതിന് ചന്ദ്രന് കാരണവുമുണ്ടായിരുന്നു.
undefined
ചന്ദ്രന്‍റെ സംശയങ്ങള്‍ പൊലീസിന് തുമ്പായി
രുഗ്മിണി ചികിത്സയിലിരിക്കുന്ന ദിവസങ്ങളിലൊന്നില്‍ ഇന്ദുലേഖയുടെ മകന്‍ ഒരു പൊതി മുത്തച്ഛന്‍ ചന്ദ്രനെ കാണിച്ചു. എലിവിഷമാണെന്നും അമ്മ കളയാന്‍ തന്നതെന്നുമായിരുന്നു പറഞ്ഞത്. ഇതെവിടുന്നെന്ന ചോദ്യത്തിന് ഇന്ദുലേഖ ഒഴുക്കന്‍ മട്ടില്‍ ഉത്തരം നല്‍കിയത് വല്ലാത്ത എലി ശല്യമായിരുന്നു, അതിനെ കൊല്ലാന്‍ വാങ്ങിച്ചതെന്നുമായിരുന്നു. രണ്ടു മാസത്തിനിടെ നടന്ന രണ്ടു സംഭവങ്ങള്‍ പൊലീസ് മൊഴിയെടുക്കലില്‍ ചന്ദ്രന്‍ ഓര്‍ത്തെടുത്തു. മകള്‍ നല്‍കിയ ചായയില്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ കുടിച്ചില്ല. പാറ്റയെയും ഉറുന്പിനെയും കൊല്ലാന്‍ ഉപയോഗിക്കുന്ന ചോക്കു പോലത്തെ കീടനാശിനി ചുരണ്ടി വച്ചിരിക്കുന്നതും ചന്ദ്രന്‍ അന്നു ശ്രദ്ധിച്ചിരുന്നു. ഒരുദിവസം ചോറിന് കൈപ്പ് തോന്നിയതിനാല്‍ കളഞ്ഞതും ചന്ദ്രന്‍ ഓര്‍ത്തെടുത്തു
വീട്ടുകാരുടെ മൊഴികളും സംശങ്ങളും കൂട്ടിവായിച്ച കുന്നംകുളം എസിപി ടി.എസ്. സിനോജും സിഐ ഷാജഹാനും ഇന്ദുലേഖയെ ചോദ്യം ചെയ്യാനും പശ്ചാത്തലമന്വേഷിക്കാനും തീരുമാനിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായ ഇന്ദുലേഖയും രണ്ടു മക്കളും രുഗ്മിണിയുടെയും ചന്ദ്രന്‍റെയും കൂടെയായിരുന്നു താമസം. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ ഏഴു ലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ ഇന്ദുലേഖ പണയം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് ഭര്‍ത്താവ് അറിയാതെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഗൂഗിള്‍ സെര്‍ച്ചും മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍റെ മൊഴിയും
പൊലീസിന്‍റെ ചോദ്യങ്ങളോട് ആദ്യം ഇന്ദുലേഖ ഒഴിഞ്ഞു മാറി. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിക്കുന്നതിനിടെ ആ നിര്‍ണായക തെളിവില്‍ പൊലീസിന്‍റെ കണ്ണുടക്കി. ഗൂഗിള്‍ സെര്‍ച്ചില്‍ വിഷം കൊടുത്തു കൊല്ലുന്നതിന്‍റെയും എലിവിഷം ഉപയോഗിക്കുന്നതിന്‍റെയും വിവരങ്ങള്‍ ഇന്ദുലേഖ തിരഞ്ഞിരിക്കുന്നു. കുന്നംകുളത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഒരു വിവരം കൂടി കിട്ടി. ഡോളോയുടെ ഇരുപത് ഗുളികകള്‍ ഒരുമിച്ച് വാങ്ങിയിരിക്കുന്നു ഇന്ദുലേഖ. എന്തിനെന്ന് ഷോപ്പുടമ ചോദിച്ചപ്പോള്‍ വയസ്സായ അച്ഛനും അമ്മയ്ക്കും പനിയാണെന്നും എപ്പഴുമെപ്പഴും വരാന്‍ കഴിയാത്തതിനാല്‍ വാങ്ങുന്നതാണെന്നുമായിരുന്നു മറുപടി നല്‍കിയത്.
അതിനിടെ ഓട്ടോറിക്ഷാക്കാരനില്‍ നിന്ന് മറ്റൊരു വിവരം കൂടി പൊലീസിന് കിട്ടി. ഒരുദിവസം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഡോളോ ഗുളികകള്‍ അമിതമായി കഴിച്ച ഒരാളെ ആശുപത്രിയിലാക്കി വരികയാണെന്ന് ഇന്ദുലേഖയോട് പറഞ്ഞിരുന്നു. കൂടുതല്‍ അളവില്‍ ഗുളിക കഴിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നും ഇന്ദുലേഖ ആ സംഭാഷണത്തില്‍ നിന്നാണ് മനസ്സിലാക്കിയത്. മൊഴികളും തെളിവുകളും ചേര്‍ത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ എല്ലാം തുറന്നു പറഞ്ഞു.
കൊലപാതകം സ്വത്തിനായി, കൂസലില്ലാതെ ഇന്ദുലേഖ
ഭര്‍ത്താവ് എത്തും മുമ്പ് സ്വര്‍ണം എടുക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു സ്വത്ത് പണയം വയ്ക്കുക. അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള പതിനാല് സെന്‍റ് സ്ഥലവും വീടും കൈക്കലാക്കണമെങ്കില്‍ ഒരാളെ ഒഴിവാക്കണം. അച്ഛന്‍റെ വിരലടയാളം വാങ്ങാമെങ്കിലും അമ്മയെ സമ്മതിപ്പിക്കല്‍ എളുപ്പമല്ല. അവസാനം അമ്മയെ ലക്ഷ്യം വച്ചു. ലക്ഷ്യം നിറവേറ്റിയ ശേഷവും കൂസലില്ലാതെയായിരുന്നു ഇന്ദുലേഖയുടെ പെരുമാറ്റം. സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തപ്പോഴും ബന്ധുക്കള്‍ക്കും അയല്‍ വാസികള്‍ക്കും സംശയമൊന്നും തോന്നിയില്ല. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ തെളിവുകള്‍ പരമാവധി ശേഖരിച്ച് ഇന്ദുലേഖയിലേക്ക് എത്താന്‍ പൊലീസ് തയാറെടുക്കുകയായിരുന്നു.
ജീവിതത്തിലെ ധാരാളിത്തം മൂലം ആണ് ഇന്ദുലേഖ ഏഴ് ലക്ഷം കടക്കാരിയായത്. സ്വത്ത് തട്ടിയെടുത്ത് പണയം വയ്ക്കലല്ലാതെ മാര്‍ഗമില്ലായിരുന്നു. മാതാപിതാക്കളെ കൊല്ലാന്‍ പലതവണ ശ്രമിച്ചു. അച്ഛന് ചായയില്‍ പാറ്റയ്ക്ക് വരയ്ക്കുന്ന ചോക്ക് പൊടിച്ചു നല്‍കി. അച്ഛന്‍ ചായ കുടിച്ചില്ല. ചോറില്‍ ഗുളിക പൊടിച്ചു നല്‍കിയെങ്കിലും മാതാപിതാക്കള്‍ കഴിച്ചില്ല. ഒടുവില്‍ അമ്മയ്ക്ക് ചാലയില്‍ കലര്‍ത്തി നല്‍കിയ എലിവിഷം ജീവനെടുത്തു. ബലൂണ്‍ കച്ചവടം നത്തിയും ഷോപ്പില്‍ ജോലി ചെയ്തുമാണ് ചന്ദ്രനും രുഗ്മിണിയും രണ്ടു പെണ്‍മക്കളെ വളര്‍ത്തിയത്. തറവാട്ടിലെ സ്ഥലം വിറ്റ പണം കൂടി ചേര്‍ത്താണ് കിഴൂരില്‍ പതിനാല് സെന്‍റ് സ്ഥലം വാങ്ങിയത്. മൂത്തമകള്‍ ഇന്ദുലേഖയ്ക്ക് തന്നെയായിരുന്നു ഈ സ്ഥലവും വീടും നല്‍കാനിരുന്നത്. എന്നിട്ടും അവള്‍ അവര്‍ക്കായി മരണക്കെണിയൊരുക്കുകയായിരുന്നു.
Read More : ഇന്ദുലേഖയ്ക്ക് പണികൊടുത്തത് 'ഗൂഗിളിലെ' തിരച്ചില്‍; കീഴൂര്‍ കൊലപാതകം തെളിഞ്ഞ വെബ് വഴി.!