'3 ദിവസം, സഞ്ചരിച്ചത് 2500 കിലോമീറ്റർ, ചെക്കുപോസ്റ്റുകൾ തകര്‍ത്തും പാഞ്ഞ് വിക്കി'; ഒടുവിൽ ലഹരിസംഘ തലവൻ പിടിയിൽ

By Web Team  |  First Published Jun 2, 2024, 9:04 PM IST

'അമ്പതോളം പേര്‍ പ്രവര്‍ത്തിക്കുന്ന  സംഘത്തിലെ അഞ്ചോളം പേര്‍ക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയുകയുള്ളു.  ഈ വര്‍ഷം ഏകദേശം ഒരു കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇവര്‍ നടത്തിയതായാണ് പ്രാഥമിക വിവരം.'


തൃശൂര്‍: കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിലെ നേതാവും കൂട്ടാളിയും അറസ്റ്റില്‍. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി അമ്പലത്തുവീട്ടില്‍ റിയാസ് (35), ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26) എന്നിവരാണ് അറസ്റ്റിലായത്. 

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 21ന് പുഴയ്ക്കല്‍ പാടത്തു നിന്ന് കാറില്‍ നിന്നും 330 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫ് സംഘമാണ് ഇവരെ പിടികൂടിയത്. പുഴയ്ക്കല്‍ എം.ഡി.എം.എ കേസില്‍ നേരത്തെ കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിതേഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളവും ഗോവയുമടക്കം ഇന്ത്യ ഒട്ടാകെ എം.ഡി.എം.എയും കഞ്ചാവും മറ്റും വിറ്റഴിക്കുന്ന വന്‍ സംഘമായ വിക്കീസ് ഗ്യാങ്ങിനെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ പ്രധാന സംഘാംഗമായ റിയാസിനെ ചെന്നൈയില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

ചെക്കുപോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ച് വിക്രം; പിടികൂടിയത് തന്ത്രപരമായി

ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ റിയാസിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ്  വിക്രമിനെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. വിക്രം എന്ന വിക്കിയെ അറസ്റ്റ് ചെയ്യാന്‍ ചരിത്രത്തിലെ തന്നെ വലിയ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും കേരളത്തിലും നിരവധി ബന്ധങ്ങളുള്ള ഇയാളെ പിടികൂടുക എന്നത് ദുഷ്‌കരമായിരുന്നു. വിവിധ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഇയാള്‍ ഒരിടത്തും സ്ഥിരമായി താമസിക്കില്ല. കേരള പൊലീസ് അന്വേഷണത്തിനായി ബംഗളൂരുവില്‍ എത്തിയപ്പോള്‍ തന്നെ വിക്കി വിവരങ്ങള്‍ അറിയുകയും കാര്‍ മാര്‍ഗം ഗോവയിലേക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. കേരള പൊലീസ് പിന്തുടര്‍ന്ന് ഇയാളുടെ ഗോവയിലെ താമസം കണ്ടെത്തി. ഗോവ പൊലീസിന്റെ സഹായത്തോടെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ചെക്കുപോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ച് ഇയാള്‍ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. ഗോവയില്‍നിന്നും രക്ഷപ്പെട്ട വിക്രം അവിടെനിന്നും മഹാരാഷ്ട്രയിലേക്കും അവിടെനിന്നും കര്‍ണാടകയിലേക്കും കടന്നുകളഞ്ഞു. രഹസ്യവിവരങ്ങള്‍ അനുസരിച്ച് കേരള പൊലീസ് മഹാരാഷ്ട്രയിലേക്കും പിന്നീട് കര്‍ണാടകയിലേക്കും ഇയാളെ പിന്തുടര്‍ന്നു. ഒടുവില്‍ ബംഗളൂരു- മൈസൂര്‍ ഹൈവേയില്‍വച്ച് സാഹസികമായി കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.


സിനിമ ലൊക്കേഷനുകളിലേക്കും ലഹരി മരുന്ന് വിതരണം

ബംഗളൂരു കേന്ദ്രീകരിച്ച് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഗോവയിലേക്കും എം.ഡി.എം.എ കടത്തുന്ന പ്രധാന സംഘമാണ് വിക്കീസ് ഗ്യാങ്ങ് എന്നും പൊലീസ് പറഞ്ഞു. വിക്രം ആണ് സംഘത്തിന്റെ നേതാവും ലഹരിക്കടത്തിന്റെ ആസൂത്രകനും. വിക്കീസ് ഗ്യാങ്ങിന്റെ കേരളത്തിന്റെ നേതാവാണ് അറസ്റ്റിലായ റിയാസ്. ബംഗളൂരുവില്‍ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ റിയാസ് വിക്കീസ് ഗ്യാങ്ങിലെ മറ്റ് അംഗങ്ങളെ ഉപയോഗിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഡി.ജെ പാര്‍ട്ടികളിലും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സിനിമ ലൊക്കേഷനുകളിലേക്കും ചില സിനിമ പ്രവര്‍ത്തകര്‍ക്കും ഹാപ്പിനസ്, ഓണ്‍ വൈബ് എന്നീ പേരുകളില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസ് അറിയിച്ചു.

വിക്കീസ് ഗ്യാങ്ങ് രൂപീകരിച്ചത് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം

2022ല്‍ ബംഗളൂരുവില്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് വിക്രം. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ജയിലില്‍നിന്നും പരിചയപ്പെട്ട ലഹരി കേസുകളില്‍ ഉള്‍പ്പെട്ടവരുമായി ചേര്‍ന്ന് വിക്കീസ് ഗ്യാങ്ങ് എന്ന പേരില്‍ ലഹരി സംഘം ആരംഭിക്കുകയായിരുന്നു. പിന്നീട് സംഘം വലുതാകുകയും അന്യസംസ്ഥാനങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ആരംഭിക്കുകയുമായിരുന്നു. അമ്പതോളം പേര്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ഏകദേശം അഞ്ചോളം പേര്‍ക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയുകയുള്ളു. ഇയാളുടെയും ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടേയും ബാങ്ക് വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ഈ വര്‍ഷം തന്നെ ഏകദേശം ഒരു കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇവര്‍ നടത്തിയതായാണ് പ്രാഥമിക വിവരം. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും ഇവരില്‍ നിന്നു ലഹരിവസ്തുക്കള്‍ വാങ്ങി വില്‍പ്പന നടത്തുന്നവരെക്കുറിച്ചും ഇവരുടെയും ഇയാളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം പേരാമംഗലം എ.എസ്.പി. ഹരീഷ് ജെയിന്‍, സിറ്റി എ.സി.പി. കെ. സുദര്‍ശന്‍, തൃശൂര്‍ വെസ്റ്റ് ഐ.എസ്.എച്ച്.ഒ. ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി ഡാന്‍സാഫ് പൊലീസ് അംഗങ്ങളായ എസ്.ഐമാരായ ഫയാസ്, പി. രാകേഷ്, എ.എസ്.ഐ. ടി.വി. ജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ദാസ് കെ.ബി, എ.എസ്.ഐ. അപര്‍ണ ലവകുമാര്‍, എസ്.ഐ. രാജീവ് രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മിഥുന്‍, ഷെല്ലര്‍, വിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

'ഒന്നും ഓർമ്മയില്ല, നന്നായി മദ്യപിച്ചിരുന്നു'; മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേരെ കൊന്ന കേസില്‍ 17കാരന്റെ മൊഴി 
 

click me!