സ്റ്റേഷനിലെത്തിയ സ്ത്രീയുടെ തലയ്ക്ക് വെടിയുതിര്‍ത്ത് എസ്‌ഐ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

By Web Team  |  First Published Dec 8, 2023, 9:54 PM IST

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇസ്രത്തിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി സ്റ്റേഷനില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സ്ത്രീയുടെ ബന്ധുക്കള്‍.


അലിഗഢ്: പാസ്പോര്‍ട്ട് വെരിഫിക്കേഷനായി സ്റ്റേഷനിലെത്തിയ സ്ത്രീയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്ത് എസ്‌ഐ. ഉത്തര്‍പ്രദേശിലെ അലിഗഢിലെ പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് സംഭവം. സ്ത്രീ സ്റ്റേഷനിലെ കസേരയില്‍ ഇരിക്കുന്നതും എസ്‌ഐ മനോജ് ശര്‍മ്മയുടെ കൈയിലെ തോക്കില്‍ നിന്ന് വെടിയേറ്റ് അവര്‍ നിലത്തേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഇസ്രത്ത് എന്ന മധ്യവയസ്‌ക ബന്ധുവിനൊപ്പമാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ പിസ്റ്റള്‍ കൊണ്ട് വന്ന് എസ്ഐ മനോജ് ശര്‍മ്മയെ ഏല്‍പ്പിച്ചു. എസ്ഐ അത് വൃത്തിയാക്കുന്നതിനിടെ തോക്ക് പൊട്ടി വെടിയുണ്ട തലയില്‍ പതിച്ച് സ്ത്രീ നിലത്തേക്ക് മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപ്പൊട്ടുകയായിരുന്നുവെന്നാണ് എസ്‌ഐയുടെ വിശദീകരണം. 

Latest Videos

undefined

പരുക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ജെഎന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് അലിഗഢ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. വെടിയുണ്ട ഇസ്രത്തിന്റെ തലയുടെ പിന്‍ഭാഗത്താണ് പതിച്ചതെന്നും സംഭവത്തിന് പിന്നാലെ എസ്ഐ മനോജ് ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തതായും നൈതാനി പറഞ്ഞു. എസ്ഐയുടെ അനാസ്ഥയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ ശേഷം ഒളിവില്‍ പോയ മനോജിനെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കലാനിധി നൈതാനി പറഞ്ഞു. 

അതേസമയം, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇസ്രത്തിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി സ്റ്റേഷനില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ലൈറ്റ് ഇടാന്‍ 70കാരി പുറത്തിറങ്ങിയ സമയം, മതില്‍ ചാടി വന്ന് 29കാരന്റെ കൊടുംക്രൂരത: 15 വര്‍ഷം തടവ് 
 

click me!