സലീമിന്റെ പാഷൻ പ്രോ ബൈക്കിന്‍റെ നമ്പരിൽ ചിത്രത്തിലുള്ളത് ഒരു ഗ്ലാമർ ബൈക്കാണ്. രണ്ട് ദിവസം കഴിഞ്ഞ് സെപ്റ്റംബർ 28ന് കരുനാഗപ്പള്ളിയിലും ഇതേ നിയമലംഘനത്തിന് വീണ്ടും പെറ്റി കിട്ടി.
കൊല്ലം: എഐ ക്യാമറകൾ നിയമനലംഘനങ്ങൾ പിടിക്കാൻ തുടങ്ങിയെങ്കിലും വ്യാജ നമ്പർ ഉപയോഗിച്ചോടുന്ന വാഹനങ്ങൾ ഇപ്പോഴും നിരത്തിൽ വിലസുകയാണ്. ഇതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. എഐ ക്യാമറകൾ വ്യാജന് പെറ്റി അടിക്കുന്നെണ്ടെങ്കിലും ഇതെല്ലാം കിട്ടുന്നത് യഥാർത്ഥ ഉടമകൾക്കാണ്. നിരവധി പരാതികളാണ് ഇത്തരത്തിൽ ദിവസവും വരാറ്. ഇപ്പോഴിതാ സ്വന്തം വാഹനത്തിന്റെ നമ്പരിൽ മറ്റൊരു വാഹനം നിരന്തരം നിയമലംഘനം നടത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊല്ലം പുയപ്പള്ളി സ്വദേശി സലിം.
പൂയപ്പളളിയിൽ ജ്യൂസ് കട നടത്തുകയാണ് സലിം. KL-24R-2537 നമ്പരിൽ ഒരു പാഷൻ പ്രോ ബൈക്കാണ് സലീമിന്‍റെ കൈവശമുള്ളത്. അടുത്തകാലത്തൊന്നും ബൈക്കിൽ സലീം ദൂരെ യാത്ര നടത്തിയിട്ടില്ല. പക്ഷെ പൂയപ്പള്ളിയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുളള അടൂരിൽ സെപ്റ്റംബർ 26 ന് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് 500 രൂപ പെറ്റി വന്നു സലീമിന്. ഫൈൻ കിട്ടിയ സലീം ആദ്യം അമ്പരന്നു. പിന്നെ പെറ്റിക്കൊപ്പമുള്ള ഫോട്ടോ നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്.
സലീമിന്റെ പാഷൻ പ്രോ ബൈക്കിന്‍റെ നമ്പരിൽ ചിത്രത്തിലുള്ളത് ഒരു ഗ്ലാമർ ബൈക്കാണ്. രണ്ട് ദിവസം കഴിഞ്ഞ് സെപ്റ്റംബർ 28ന് കരുനാഗപ്പള്ളിയിലും ഇതേ നിയമലംഘനത്തിന് വീണ്ടും പെറ്റി കിട്ടി. വാഹനവും ഓടിച്ചയാളും ഒന്ന് തന്നെയാണ്. ഇതോടെ സലീം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യാജ നമ്പരുള്ള വണ്ടിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നാണ് കേസെടുത്ത സ്റ്റേഷനുകളിലെ പൊലീസ് പറയുന്നത്.
Read More : തിരൂരങ്ങാടി ഹണിട്രാപ്പ് ;'ഹോട്ടലിലേക്ക് വരുത്തി, ശ്രദ്ധിക്കാതിരിക്കാൻ പുറത്തെ ടേബിളിലിരുന്നു, പണം കൈപ്പറ്റി'