മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍.
ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30നു ഒന്‍പതിനുമിടയിലാണ് സംഭവം. അക്രമത്തില്‍ പരുക്കേറ്റ ഭര്‍തൃമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഒാട്ടോ റിക്ഷയില്‍ എത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഉഡുപ്പി എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഓട്ടോ ഡ്രൈവറുടെ പ്രതികരണം ഇങ്ങനെ: 'മാസ്‌ക് ധരിച്ച് കറുത്ത ബാഗുമായി എത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കി. എന്നിട്ട് താന്‍ മടങ്ങി. 15 മിനിറ്റിന് ശേഷം ഇയാളെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടുമുട്ടി. ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നെങ്കില്‍ സ്ഥലത്ത് കാത്തുനില്‍ക്കാമായിരുന്നുവെന്ന് താന്‍ അയാളോട് പറഞ്ഞു. എന്നാല്‍ അതിനോട് പ്രതികരിക്കാതെ യുവാവ് മറ്റൊരു ഓട്ടോ റിക്ഷയില്‍ കയറി ബൈപ്പാസ് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നും പിന്നീടാണ് കൊലപാതക വിവരം അറിഞ്ഞ'തെന്നും ഡ്രൈവര്‍ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.
ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
'നല്ല ടൈറ്റ് ആണ്, 50,000 അയക്കുമോ'; കളക്ടറുടെ പേരില്‍ വ്യാജന്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം