ആലപ്പുഴ ഐബി യൂണിറ്റില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയതെന്ന് എക്സെെസ്.
ആലപ്പുഴ: ആലപ്പുഴയില്‍ റിസോര്‍ട്ടിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തുന്ന യുവാക്കള്‍ പിടിയില്‍. പുന്നമടയില്‍ അരമന ഹോം സ്റ്റേ എന്ന സ്ഥാപനം നടത്തുന്ന കുര്യന്‍ വര്‍ഗീസ്, വഴിച്ചേരി സ്വദേശി അഭിഷേക് എന്നിവരെയാണ് 7.365 ഗ്രാം എംഡിഎംഎയുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. ആലപ്പുഴ ഐബി യൂണിറ്റില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹോം സ്റ്റേയുടെ മറവില്‍ ഇവര്‍ ലഹരി വില്‍പ്പന നടത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് പരിശോധന സംഘത്തില്‍ സി.ഐ മഹേഷ് എം, പി ഒ പ്രസന്നന്‍, പ്രബീണ്‍, സി.ഇ.ഒ റെനി, ദിലീഷ്, അരുണ്‍, റഹീം, സജിമോന്‍, സജീവ് എന്നിവര്‍ ഉണ്ടായിരുന്നു.
'കൈവശം എല്‍എസ്ഡിയും എംഡിഎംഎയും കൊക്കൈനും'; യുവാവിന് 24 വര്‍ഷം കഠിന തടവ്
കോഴിക്കോട്: മയക്കുമരുന്നുകളുമായി പിടിയിലായ എഞ്ചിനിയറിംഗ് ബിരുദധാരിക്ക് വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി 24 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1.52 ഗ്രാം എല്‍എസ്ഡി 1.435 കി.ഗ്രാം ഹാഷിഷ് ഓയില്‍, 2.74 ഗ്രാം എംഡിഎംഎ, 3.15 ഗ്രാം കൊക്കൈന്‍ എന്നിവയുമായി അറസ്റ്റിലായ കോഴിക്കോട് മാങ്കാവ് സ്വദേശി ഫസലു എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി കൊറിയര്‍ വഴി ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു ഫസലുവെന്ന് പൊലീസ് പറഞ്ഞു. 2022 മാര്‍ച്ച് 16-ാം തീയതിയാണ് ഫസലുവിനെ കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഉത്തരമേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെകര്‍ ആര്‍എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഫസലുവിന് ബംഗളൂരുവില്‍ നിന്നും എംഡിഎംഎ സംഘടിപ്പിച്ച് നല്‍കിയ കോഴിക്കോട് സ്വദേശിയേയും, ബംഗളൂരു സ്വദേശിയേയും പിന്നീട് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
എല്‍എസ്ഡി കൈവശം വച്ചതിന് 13 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ഹാഷിഷ് ഓയില്‍ കൈവശം വച്ച കുറ്റത്തിന് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും എംഡിഎംഎ, കൊക്കൈന്‍ എന്നിവ കൈവശം വച്ച കുറ്റത്തിന് ആറ് മാസം വീതവുമാണ് 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. 2017ലും ഇയാളെ മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്ന് കോടതി വെറുതെ വിടുകയായിരുന്നു.
എടിഎമ്മിൽ പണം നിറക്കുമ്പോള്‍ തോക്ക് ചൂണ്ടിയെത്തി കൊള്ള; പൊലീസുമായി 'സിനിമാ സ്റ്റൈല്‍' ഏറ്റുമുട്ടല്‍