കസ്തൂരിമാനിനെ വേട്ടയാടി കൊല്ലുന്നത് 3 വർഷം മുതൽ 7 വർഷം വരെ ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് പറഞ്ഞു
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ വിൽപനയ്ക്കെത്തിച്ച കസ്തൂരിയുമായി രണ്ട് പേർ പിടിയിൽ. മഞ്ചേരി സ്വദേശി ഷംസുദ്ദീൻ, മങ്കട സ്വദേശി മുഹമ്മദ് മുനീർ എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്‍റെ പരിശോധന. 42 കസ്തൂരിമാൻ ഗ്രന്ഥികളാണ് പ്രതികളിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ ചേർത്ത് സംരക്ഷിച്ച് വരുന്ന ജീവിയാണ് കസ്തൂരിമാൻ. കസ്തൂരിമാനിനെ വേട്ടയാടി കൊല്ലുന്നത് 3 വർഷം മുതൽ 7 വർഷം വരെ ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് പറഞ്ഞു.
മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ആലുവയിൽ കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ് ഐ അറസ്റ്റിലായി എന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇതോടെ നാല് മലയാളികൾ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന്‍റെ മകനുമായ നവീന് വേണ്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടെ മകനെ വിദേശത്തേക്ക് കടക്കാൻ ഗ്രേഡ് എസ് ഐ ആയ അച്ഛൻ സഹായിച്ചിരുന്നു. ഇതാണ് വിരമിക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ ഗ്രേഡ് എസ് ഐ സാജന് കുരുക്കായത്. കഴിഞ്ഞ 22 ആം തിയതി ഒഡീഷയിലെ കണ്ടമാലിലെ ഉൾവനത്തിൽ നിന്നും 28 കിലോ കഞ്ചാവുമായി ആലുവ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലാകുന്നത്. മൊത്ത വില്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസിന് സൂചന കിട്ടിയതോടെയാണ് അന്വേഷണം നവിനിലേക്ക് എത്തിയത്.