'കാണാതായത് 9 ദിവസം മുന്‍പ്, ഫോണ്‍ ഓഫായത് വനമേഖലയില്‍'; വ്യാപക അന്വേഷണം, കണ്ടെത്തിയത് മരിച്ച നിലയില്‍

By Web Team  |  First Published Apr 5, 2024, 9:05 PM IST

'മാര്‍ച്ച് 27ന് സിന്ധുവിനെയാണ് ആദ്യം കാണാതായത്. മണിയന്‍കിണര്‍ വനമേഖലയിലായിരുന്നു സിന്ധുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായത്.'


തൃശൂര്‍: തൃശൂരില്‍ കാണാതായ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം ഒളകര വനത്തില്‍ നിന്ന് കണ്ടെത്തിയത് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍. കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കല്‍ വീട്ടില്‍ വിനോദ് (52), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഒളകര വനമേഖലയില്‍ കണ്ടെത്തിയത്. വിനോദിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലും സിന്ധുവിന്റെത് താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

'ഒളകര ആദിവാസി കോളനിയിലേക്ക് പോകുന്ന വഴി പോത്തുചാടി ഫോറസ്റ്റ് സ്റ്റേഷന് സമീപം ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് നീങ്ങി തങ്കച്ചന്‍ പാറയ്ക്ക് സമീപമാണ് സിന്ധുവിന്റേയും വിനോദിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദ് തൂങ്ങി മരിച്ചു കിടന്ന മരത്തിന് 50 മീറ്റര്‍ താഴെക്കിറങ്ങിയാണ് സിന്ധുവിന്റെ മൃതദേഹം. ഇരുവരെയും ഒമ്പതു ദിവസം മുമ്പാണ് കാണാതായത്. വടക്കുഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ താമസക്കാരിയാണ് മുപ്പത്തിയഞ്ചുകാരിയായ സിന്ധു. അന്‍പത്തിയെട്ടു വയസുകാരനായ വിനോദ് ടാപ്പിങ് തൊഴിലാളിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.' രണ്ടു വര്‍ഷമായി ഇവര്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

'മാര്‍ച്ച് 27ന് സിന്ധുവിനെയാണ് ആദ്യം കാണാതായത്. മണിയന്‍കിണര്‍ വനമേഖലയിലായിരുന്നു സിന്ധുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായത്. ഫോണ്‍ വിളി പട്ടിക പരിശോധിച്ചപ്പോള്‍ വിനോദുമായി നിരന്തരം വിളിച്ചതിന്റെ വിവരങ്ങള്‍ കിട്ടി. വിനോദിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അതും മണിയന്‍കിണര്‍ തന്നെ. മാര്‍ച്ച് 27ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ സിന്ധുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. വിനോദിന്റെ ഫോണാകട്ടെ ഉച്ചയ്ക്കു ശേഷം രണ്ടിനാണ് ഓഫായത്. സിന്ധുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിനോദ് വീട്ടിലേക്കു വന്നിട്ടുണ്ടെന്നാണ് സംശയം.' ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. സൗഹൃദത്തില്‍ നിന്ന് സിന്ധു പിന്‍മാറിയതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് നിഗമനമെന്നും അന്വേഷണ സംഘം പറഞ്ഞു. 

പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ് കൃഷ്ണന്‍, എസ്.ഐമാരായ അമീര്‍ അലി, ഷാജു വി.എം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

'അന്നദാതാവാണ്, പരിഗണന നല്‍കണം'; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി
 

tags
click me!