നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് പല സമയങ്ങളിലായി 1,75,000 രൂപ കൈപ്പറ്റുകയായിരുന്നെന്ന് പരാതി.
തൃശൂര്‍: നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് 1,75,000 രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍. കൂര്‍ക്കഞ്ചേരി വടൂക്കര എ.കെ.ജി. നഗര്‍ സ്വദേശിയായ പുതിയ വീട്ടില്‍ പി.ആര്‍. പ്രേംകുമാറി(36)നെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്.
2023 ഡിസംബറിലാണ് സംഭവം നടന്നത്. നെതര്‍ലന്റില്‍ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് പല സമയങ്ങളിലായി പണം കൈപ്പറ്റുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ജോലി നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവ് കഴിഞ്ഞ ജനുവരിയില്‍ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് മനസിലാക്കി. പിന്നീട് വിശദമായ അന്വേഷണത്തില്‍ പ്രതി തമിഴ്നാട്, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നീട് നാട്ടിലെത്തിയ പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.
പ്രതിക്ക് നെടുപുഴ, വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകളുള്ളതായും അന്വേഷണസംഘം അറിയിച്ചു. നെടുപുഴ ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരമുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോഷി ജോര്‍ജ് എന്നിവരാണ് ഉണ്ടായിരുന്നത്.