'ചായ കൊടുത്തില്ല', ഹോട്ടലിനും വീടിനും നേരെ ബോംബേറ്; 17കാരനടക്കം എട്ടുപേര്‍ പിടിയില്‍

By Web Team  |  First Published Nov 24, 2023, 8:30 PM IST

കടയടച്ചെന്ന് അരുണ്‍ പറഞ്ഞത് പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എട്ടംഗ സംഘം അരുണിന്റെ ഹോട്ടലിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. 


തൃശൂര്‍: പൂമലയില്‍ ഹോട്ടലിനും വീടിനും നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ എട്ടുപേര്‍ പിടിയില്‍. പൂമല കോന്നിപ്പറമ്പില്‍ അരുണി(29)ന്റെ പറമ്പായ് പള്ളിക്ക് സമീപത്ത് നടത്തുന്ന ഹോട്ടലിനും വീടിനും നേര്‍ക്ക് ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

പൂമല പറമ്പായി വട്ടോളിക്കല്‍ സനല്‍ (24), ചെപ്പാറ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ് (23), ചോറ്റുപാറ കൊല്ലാറ വീട്ടില്‍ അക്ഷയ് സുനില്‍ (20), പേരാമംഗലം പുഴക്കല്‍ ദേശം ഈച്ചരത്ത് അഖിലേഷ് (20), പ്രായപൂര്‍ത്തിയാകാത്ത 17 വയസുകാരന്‍, കിള്ളനൂര്‍ പൂമല വാഴപ്പുള്ളി വീട്ടില്‍ ജിജോ ജോബി (20), തിരൂര്‍ മുണ്ടന്‍പിള്ളി പുത്തുപുള്ളില്‍ വീട്ടില്‍ അഖില്‍ (27), ചാഴൂര്‍ അന്തിക്കാട് പുത്തന്‍വീട്ടില്‍ സുബിജിത് (18) എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.സി. ബൈജുവും സംഘവുമാണ് ഇവരെ പിടികൂടിയത്.

Latest Videos

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രിയില്‍ ബൈക്കിലെത്തിയ സനലിന്റെ നേതൃത്വത്തിലുള്ള പ്രതികള്‍ അരുണിനോട് ചായ ആവശ്യപ്പെട്ടു. എന്നാല്‍ കടയടച്ചെന്ന് അരുണ്‍ പറഞ്ഞത് പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എട്ടംഗ സംഘം അരുണിന്റെ ഹോട്ടലിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. ഹോട്ടല്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍, പെട്രോളൊഴിച്ച കുപ്പി ഹോട്ടലിന്റെ പുറത്താണ് വീണത്. നിലത്തു കിടന്നിരുന്ന റബര്‍ ചവിട്ടിയില്‍ തീ കത്തിപ്പിടിച്ചുവെങ്കിലും അപകടമൊന്നുമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ അരുണിന്റെ വീട്ടിലെത്തിയും സംഘം പെട്രോള്‍ ബോംബെറിഞ്ഞു. സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനലിന്റെ നേതൃത്വത്തിലുള്ള ലഹരി സംഘത്തെപ്പറ്റി അരുണ്‍ പൊലീസിന് വിവരം നല്‍കിയെന്ന സംശയം സനലിനും സംഘത്തിനും ഉണ്ടായിരുന്നു. ഇതും ആക്രമണത്തിന് കാരണമായതായി കരുതുന്നു. 

വീടിനു നേരെയുള്ള ആക്രമണത്തിന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും ഹോട്ടലിനു നേരെയുള്ള ആക്രമണത്തിന് വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സനല്‍, ജസ്റ്റിന്‍ ജോസ് എന്നിവര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. സനലിനെതിരെ വടക്കാഞ്ചേരി, മെഡിക്കല്‍ കോളജ്, ടൗണ്‍, ഈസ്റ്റ് എന്നിവിടങ്ങളിലായി നാല് ക്രിമിനല്‍ കേസുകളും ജസ്റ്റിനെതിരെ 10 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. അക്ഷയ്, അഖിലേഷ്, പ്രായപൂര്‍ത്തിയാകാത്ത 17 കാരന്‍ എന്നിവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളും നിധിന്‍, ജിജോ എന്നിവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അക്രമം, പിടിച്ചുപറി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

'അയനാസും പ്രവീണും തമ്മില്‍ അടുത്ത സൗഹൃദം, പത്തുതവണ വിദേശയാത്ര'; എന്നിട്ടും കൊന്നതെന്തിന്?
 

tags
click me!