കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെറ ബസിനെ പാറന്നൂരില്‍ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി ഡ്രെെവറെ ആക്രമിക്കുകയായിരുന്നു.
തൃശൂര്‍: ബസിനെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റൊരു ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുന്നംകുളം -തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരാശക്തി ബസിലെ ഡ്രൈവര്‍ തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി ചക്കാലക്കല്‍ വീട്ടില്‍ ലോറന്‍സി(44)നെയാണ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെറ ബസിലെ ഡ്രൈവര്‍ കല്ലൂര്‍ സ്വദേശി കല്ലംപറമ്പില്‍ വീട്ടില്‍ ബിനോയി (40)യെയാണ് ലോറന്‍സ് ഉള്‍പ്പെടെ മൂന്നംഗസംഘം ആക്രമിച്ചത്. ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേച്ചേരി പാറന്നൂരില്‍ വച്ചായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെറ ബസിനെ പാറന്നൂരില്‍ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തുകയും രണ്ടു പേര്‍ ബസിനകത്തേക്ക് കയറി ഡ്രൈവര്‍ സീറ്റിലിരുന്ന ബിനോയിയുടെ തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിക്കുകയും നെഞ്ചിലും വയറ്റിലും ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ പരുക്കേറ്റ ബിനോയി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബിനോയിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ലോറന്‍സ് പിടിയിലായത്. സംഭവത്തില്‍ അനസ്, ശ്രീധരന്‍ എന്നീ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറന്‍സിനെ അറസ്റ്റ് ചെയ്തത്. ലോറന്‍സിനെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.