കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകളാണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
ബേഡകം: വ്യാജ സീലുകളുമായി മൂന്ന് പേര്‍ കാസര്‍കോട് ബേഡകം പൊലീസ് പിടിയില്‍. വിവിധ ബാങ്കുകള്‍, ഡോക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം. കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് മൂന്ന് യുവാക്കളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
37 വ്യാജ സീലുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 26 വയസിന് താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകളാണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
എംഇഎസ് കോളേജ്, ഷറഫ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്നിവയുടെ പ്രിന്‍സിപ്പലിന്‍റെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും പിടികൂടിയിട്ടുണ്ട്. ഡോക്ടര്‍മാരായ സുദീപ് കിരണ്‍, വിനോദ് കുമാര്‍, രമ്യ, സുധീഷ് എന്നിവരുടെ പേരിലുള്ള വ്യാജ സീലുകള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലുള്ള സീലുകള്‍ തുടങ്ങിയവയും സംഘത്തിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്തവയില്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തേക്ക് പോകാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി ആളെ കടത്തുന്ന സംഘമാണെന്നാണ് സംശയം. വിശദമായി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് ബേഡകം പൊലീസ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.