കുരങ്ങൻ മുഖം മൂടിയും അടിവസ്ത്രവും വേഷം, 6 മാസത്തിൽ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങൾ, 32കാരൻ അറസ്റ്റിൽ

By Web Team  |  First Published Aug 7, 2024, 2:41 PM IST

മോഷണത്തിൽ വൻതുകയുടെ സാധനങ്ങളല്ല നഷ്ടപ്പെട്ടത്. എന്നാൽ മോഷണ സംഭവങ്ങൾ പ്രാദേശികമായി ചെറിയ സംഘർഷങ്ങളിലേക്ക് എത്തിയതോടെയാണ് പൊലീസ് കള്ളനെ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയത്


പൂനെ: കുരങ്ങന്റെ മുഖം മൂടിയും അണിഞ്ഞ് ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. ആറ് മാസത്തിനുള്ളിൽ പൂനെയിലും അഹമ്മദ് നഗറിലുമായി 11ഓളം മോഷണങ്ങൾ നടത്തിയ യുവാവാണ് പിടിയിലായിരിക്കുന്നത്. പിന്നോക്ക മേഖലകളിലെ ക്ഷേത്രങ്ങളെയായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
ഓരോ തവണ മോഷണം നടത്തുമ്പോഴും വ്യത്യസ്ത മുഖംമൂടിയായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. 

പൂനെ പൊലീസിന്റെ അന്വേഷണത്തിലാണ് മോഷ്ടാവിന്റെ രീതികൾ വ്യക്തമായത്. അടുത്തിടെ ജയിൽമോചിതനായ ഒരാളാണോ മോഷണത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.  അമ്പെഗോൺ, ഷിരൂർ, ഷിക്രപൂർ, രഞ്ജൻഗോൺ, ഖേദ് എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. വിഗ്രഹങ്ങളിലെ ആഭരണങ്ങളും നേർച്ചപ്പെട്ടികളും ക്ഷേത്രങ്ങളിലെ വിലയേറിയ വെള്ളി പാത്രങ്ങളുമടക്കമുള്ളവയാണ് ഇയാൾ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്. 

Latest Videos

undefined

ഇയാൾ നടത്തിയ മോഷണത്തിൽ വൻതുകയുടെ സാധനങ്ങളല്ല നഷ്ടപ്പെട്ടത്. എന്നാൽ മോഷണ സംഭവങ്ങൾ പ്രാദേശികമായി ചെറിയ സംഘർഷങ്ങളിലേക്ക് എത്തിയതോടെയാണ് പൊലീസ് കള്ളനെ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയത്. 32 വയസുകാരനായ വിനായക് ദാമു ജിതേയാണ് അറസ്റ്റിലായത്. ഷിരൂർ സ്വദേശിയായ ഇയാൾ ഫെബ്രുവരിയിലാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. നേരത്തെ മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞ സമയത്താണ് സഹതടവുകാരിൽ നിന്നാണ് മോഷണത്തിലെ പല ടെക്നിക്കുകളും ഇയാൾ പഠിച്ചെടുത്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വേഷം മാറിയും മുഖം മൂടിയണിഞ്ഞും പിടിവീഴാതിരിക്കാനുള്ള പല ടെക്നിക്കുകളും ജയിൽവാസ കാലത്താണ് ഇയാൾ പഠിച്ചെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!