സ്വന്തം മകനെ കൊന്ന വിധം വിവരിച്ച് ശരണ്യ; നാട്ടുകാരുടെ അസഭ്യവർഷം, കുഴഞ്ഞു വീണ് പിതാവ്

By Web Team  |  First Published Feb 19, 2020, 10:57 AM IST

വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് വത്സരാജ് പിന്നീട് കുഴഞ്ഞു വീണു.


കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. 

സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. നേരത്തെ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോള്‍ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പൊലീസ് കൊണ്ടു വന്നപ്പോള്‍ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടര്‍ന്നു. 

Latest Videos

ക്രൂരകൃത്യം ചെയ്ത തന്‍റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു. മത്സ്യത്തൊഴിലാളിയായ വത്സരാജിനോട് വലിയ അടുപ്പവും സ്നേഹവുമായിരുന്ന കൊല്ലപ്പെട്ട പേരക്കുട്ടി വിവാന്. 

"

"


തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിവാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ പരിക്ക് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ഇതിനെതിരെ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിന് മൊഴി നല്‍കി. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു ദിവസം മുഴുവന്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്ലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യല്ലിനിടെ തന്നെ വിവാന്‍റെ മൃതദേഹം തയ്യില്ലിന്‍  സംസ്കരിച്ചിരുന്നു. അവസാനമായി മകനെ കാണണമെന്ന് അച്ഛനോ അമ്മയോ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല. 

തുടക്കത്തില്‍ രണ്ട് പേരേയും കൊലപാതകത്തില്‍ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍ വെള്ളത്തിന്‍റെ ഉപ്പിന്‍റേയും മണലിന്‍റേയും അംശങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. 

മാത്രമല്ല ചോദ്യം ചെയ്യല്ലിനിടെയുള്ള മണിക്കൂറുകളില്‍ ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്ന കാര്യം ശരണ്യ വെളിപ്പെടുത്തിയത്. ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു. 

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മകനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. 

കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍ എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം എന്ന് അറിയുന്നു. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്.

click me!