പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡനം; 64 കാരനായ സന്യാസിക്കെതിരെ പെൺകുട്ടിയുടെ പരാതി, അറസ്റ്റ്

By Web Team  |  First Published Jun 20, 2023, 4:48 PM IST

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പെണ്‍കുട്ടി ദിശയിൽ മൊഴി നല്‍കിയത്.  


വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 'ദിശ'യില്‍ പരാത നല്‍കിയത്. വിശാഖപട്ടണത്തെ ഒരു ആശ്രമത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പൂർണാനന്ദയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.  2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 13 ന് കാണാതായിരുന്നു. 

സ്വാമി പൂർണാനന്ദ ആശ്രമത്തിൽ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിവേകാനന്ദൻ പറഞ്ഞതായി എൻഡിറ്റിവി റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പെണ്‍കുട്ടി ദിശയിൽ മൊഴി നല്‍കിയത്.  ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Videos

2012ൽ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസിൽ വിചാരണ നടക്കുമ്പോൾ  എങ്ങനെയാണ് ആശ്രമത്തിൽ  പെണ്‍ കുട്ടികൾ ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശ്രമത്തിൽ കുട്ടികളെ താമസിപ്പിക്കാൻ ലൈസൻസ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് കുട്ടികളാണ് പൂർണാനന്ദയുടെ  ആശ്രമത്തിൽ താമസിച്ച് വന്നിരുന്നത്. ഇവരിൽ  നാലുപേർ പെൺകുട്ടികളാണ്. 

64 വയസ്സുള്ള അവിവാഹിതനായ സ്വാമി പൂർണാനന്ദ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. രണ്ട് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും, ബി.എഡ്, നിയമ ബിരുദങ്ങളും ഉള്ളയാളാണ് പൂർണാനന്ദയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പൂർണാനന്ദക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഭൂമി തർക്കങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്   പറഞ്ഞു. പൂർണാനന്ദയുടെ ആശ്രമം നിലനിൽക്കുന്ന 9.5 ഏക്കർ  ഭൂമിയും തർക്കത്തിലാണ്. അതേസമയം തന്‍റെ ഭൂമി കയ്യേറിയവകാണ് തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നിലെന്നാണ്  പൂർണാനന്ദ പറയുന്നത്.

Read More :  കായംകുളം വ്യാജ സർട്ടിഫിക്കറ്റ്; പിന്നിൽ പ്രവർത്തിച്ചത് ബാബുജൻ? ചോദ്യവുമായി രമേശ് ചെന്നിത്തല

click me!