
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിൽ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്.
രണ്ടു വർഷം മുൻപാണ് സമീപവാസിയും രണ്ടു മക്കളുടെ അമ്മയുമായ രജനി പ്രസാദിനൊപ്പം താമസമാക്കിയത്. അന്നുമുതൽ മാതാപിതാക്കളുമായി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് കമലമ്മക്ക് വീട്ടിൽ പ്രത്യേക മുറി പണിത് നൽകിയത്. സമീപത്തുള്ള ഇളയ മകന്റെ വീട്ടിലാണ് കമലമ്മയുടെ ഭർത്താവ് ദിവാകരൻ താമസിക്കുന്നത്. അച്ഛനും അമ്മയും നടക്കുന്ന വഴിയിൽ കഴിഞ്ഞ ദിവസം പ്രസാദും ഭാര്യയും ചേർന്ന് ഒരു കോഴിക്കൂട് സ്ഥാപിച്ചു. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായി. രാവിലെ കോഴിക്കൂടിന്റെ മേൽക്കൂര കമലമ്മ കേടു വരുത്തിയെന്നാരോപിച്ചുണ്ടായ തർക്കത്തിനിടിയിലാണ് പ്രസാദ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്.
സംഭവമറിഞ്ഞെത്തിയ കട്ടപ്പന പോലീസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക് ആശുപത്രയിലുമെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് അശുപത്രിയിലേക്ക് മാറ്റി. കമലമ്മയുടെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കിൽ രജനിയെയും പ്രതി ചേർക്കുമെന്ന് കട്ടപ്പന പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam